കോട്ടയം: (truevisionnews.com) നീണ്ട ഇടവേളക്കുശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ലഭ്യതയിൽ അനിശ്ചിതത്വം. മേയ് മുതൽ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ജില്ലയിലെ ഭൂരിഭാഗം കടകളിലും എത്തിയിട്ടില്ല. മണ്ണെണ്ണ വിതരണം ചെയ്യാനുള്ള നിർദേശം സിവിൽ സപ്ലൈസ് അധികൃതർ റേഷൻ കടയുടമകൾ നൽകിയിട്ടുണ്ടെങ്കിലും പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇവർ വിട്ടുനിൽക്കുകയാണ്.

പുതിയ തീരുമാനം കടയുടമകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. രണ്ടുവർഷത്തിലധികമായി മണ്ണെണ്ണ വിതരണം നിലച്ചിരുന്ന സാഹചര്യത്തിൽ എല്ലാം ഒന്നിൽനിന്ന് തുടങ്ങണമെന്നാണ് കടയുടമകളുടെ വാദം. നേരത്തെ, ജില്ലയിലെ ഓരോ താലൂക്കിലും മൂന്നിലധികം മൊത്തവിതരണ എജൻസികൾ ഉണ്ടായിരുന്നു. എന്നാൽ, ഇവരെല്ലാം പ്രവർത്തനം അവസാനിപ്പിച്ചു. ഇപ്പോൾ മൂന്ന് മണ്ണെണ്ണ മൊത്തവിതരണ ഏജൻസികൾ മാത്രമാണുള്ളത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കടക്കാർ ഇവിടേക്ക് എത്തണം. കോട്ടയം താലൂക്കിലെ റേഷൻ കടയുടമകൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് മണ്ണെണ്ണ എടുക്കണമെന്നാണ് നിർദേശം. ഇതിന് ഭാരിച്ച ചെലവ് വരുത്തുമെന്ന് ഇവർ പറയുന്നു. മൊത്തവിതരണ ഏജൻസികൾനിന്ന് 200 ലിറ്ററിന്റെ ബാരലായിട്ടാണ് മണ്ണെണ്ണ നൽകുന്നത്. എന്നാൽ, അളവിൽ കുറവുണ്ടാകുമെന്നും ഇത് നഷ്ടം വരുത്തുമെന്നും വ്യാപാരികൾ പറയുന്നു.
മണ്ണെണ്ണ കടയിൽ എത്തിക്കുന്നതിന് വലിയ ചെലവ് വരുമെന്ന ഉറപ്പായിട്ടും ലിറ്ററിന് 2.20 രൂപ മാത്രമാണ് സർക്കാർ കമീഷനായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏഴ് രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. അല്ലെങ്കിൽ കടകളിൽ മണ്ണെണ്ണ നേരിട്ട് എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.സംസ്ഥാനത്തെ മഞ്ഞ, നീല റേഷൻ കാർഡ് ഉടമകൾക്ക് ഒരുവർഷമായും മറ്റ് കാർഡ് ഉടമകൾക്ക് രണ്ടു വർഷത്തിലധികമായും മണ്ണെണ്ണ ലഭിച്ചിരുന്നില്ല.
കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെയാണ് വിതരണം നിലച്ചത്. അടുത്തിടെ കേന്ദ്ര സർക്കാർ കൂടുതൽ വിഹിതം അനുവദിച്ചതോടെയാണ് ഈ മാസം മുതൽ വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്.മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ വീതവുമാണ് മൂന്നുമാസത്തിലൊരിക്കൽ ലഭിക്കുക. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് ഒരു കാർഡിനു ആറു ലീറ്റർ വീതം ലഭിക്കും. ലിറ്ററിന് 63 രൂപയാകും വില.
Kerosene did not reach ration shops uncertainty
