തലശ്ശേരി : (www.truevisionnews.com) വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി.

കതിരൂർ നാലാംമൈൽ അയ്യപ്പ മഠത്തിനടുത്ത മാധവി നിലയത്തിൽ സച്ചിനാണ് (31) തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച ഉച്ചക്ക് കീഴടങ്ങിയത്. ഹൈകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കീഴടങ്ങൽ. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വൈദ്യ പരിശോധനക്ക് ശേഷം തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും. നേരത്തേ തലശ്ശേരി ജില്ല സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 12നാണ് സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘ (28), ഭർതൃവീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ചത്. മകൾ ആത്മഹത്യ ചെയ്തത് സച്ചിന്റെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെയാണെന്ന് മേഘയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
തുടർന്ന് കതിരൂർ പൊലീസ് സച്ചിനെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മേഘയുടെ ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകൾ ഉണ്ടെന്ന് രേഖപ്പെടുത്തിയതും മേഘയുടെ സുഹൃത്തിന്റെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ. ഗായത്രി കൃഷ്ണൻ ഹൈകോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മേഘയുടെ മരണം കതിരൂർ പൊലീസാണ് ആദ്യം അന്വേഷിച്ചത്.
പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സച്ചിൻ കീഴടങ്ങിയ വിവരമറിങ്ങ് മേഘയുടെ ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. മേഘക്ക് നീതികിട്ടാൻ നിയമ പോരാട്ടം തുടരുമെന്ന് ബന്ധുക്കൾ പറഞ്ഞു.
#SUICIDE #incident #where #bride #took #her #life #her #husband's #house #husband #surrendered #court
