സഞ്ചാരികളുടെ സ്വര്‍ഗം - കൂര്‍ഗ്

സഞ്ചാരികളുടെ സ്വര്‍ഗം - കൂര്‍ഗ്
Sep 22, 2021 01:34 PM | By Truevision Admin

മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും.

ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് – പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്.

സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്.

നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ.

കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കീശയ്ക്ക് കട്ടിയുള്ളവരാണെങ്കില്‍ സുഖവാസകേന്ദ്രമാക്കാന്‍ പറ്റിയ ഇടമാണ് കൂര്‍ഗ്.


കാഴ്ചകളെല്ലാം കണ്ട് തിരിച്ചുപോരുമ്പോള്‍ ഹോ, കൂര്‍ഗില്‍ ഒരു വീടുണ്ടായിരുന്നെങ്കില്‍ എന്നൊരു ചിന്തവന്നാല്‍ അതിനെ നമുക്ക് കുറ്റം പറയാനേ കഴിയില്ല, കൂര്‍ഗ് എന്ന മൂന്നക്ഷരത്തില്‍ ഒളിച്ചിരിക്കുന്ന സൗന്ദര്യം അത്രയ്ക്കുണ്ടെന്ന് സമ്മതിക്കാതെ വയ്യ.

മഞ്ഞുകാലത്താണ് കൂര്‍ഗ് അതിസുന്ദരിയാകുന്നത്, മഴക്കാലത്താകട്ടെ തീര്‍ത്തും വ്യത്യസ്തയുള്ള മറ്റൊരു വശ്യരൂപം, വേനലിലാണെങ്കില്‍ ആരെയും ചൂടേല്‍ക്കാതെ നനുത്ത തണുപ്പില്‍ പൊതിഞ്ഞുകൊണ്ട് നടക്കും പശ്ചിമഘട്ടത്തിലെ ഈ പച്ചനിറമുള്ള സുന്ദരി.

താമസത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ഒന്നും കൂര്‍ഗ് യാത്രക്കിടെ ആശങ്കപ്പെടേണ്ടതില്ല, ഒട്ടേറെ ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളുമുണ്ടിവിടെ. ഭക്ഷണം കൂര്‍ഗ് സ്‌റ്റൈലിലോ, കേരള സ്‌റ്റൈലിലോ ടിബറ്റന്‍ രീതിയിലോ ഒക്കെയാകാം. കേരളസ്‌റ്റൈല്‍ റസ്‌റ്റോറന്റുകള്‍ ഏറെയുണ്ടിവിടെ.

ഒരു ഓട്ടപ്രദക്ഷിണം നടത്തി എല്ലാമൊന്ന് കണ്ട് തിരിച്ചുപോകാമെന്ന് കരുതി കൂര്‍ഗിലേയ്ക്ക് വരരുത്. തിരക്കുകളെല്ലാം മാറ്റിവച്ച്, കുറച്ചുദിവസങ്ങള്‍ കയ്യില്‍ കരുതണം, എങ്കിലേ കൂര്‍ഗ് കണ്ട് കൊതിതീരൂ, കൊതിതീരുകയെന്നവാക്ക് കൂര്‍ഗിനെസംബന്ധിച്ച് പറയാന്‍ പാടില്ലാത്തതാണ്, കാരണം കൂര്‍ഗ് എത്രതവണ കണ്ടാലും എത്ര താമസിച്ചാലും മതിവരാത്ത സ്ഥലമാണ്. ഒറ്റയാത്രകൊണ്ടുതന്നെ അത് മനസ്സിലാകും.

കൂര്‍ഗിനെക്കുറിച്ച് ചിലത്

കുടക് എന്നാണ് കൂര്‍ഗിന്റെ യഥാര്‍ത്ഥ നാമം. കുടക് എന്ന സ്ഥലനാമത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പലതരത്തിലുള്ള വാദഗതികള്‍ നിലവിലുണ്ട്. ആദിവാസി വിഭാഗമായ കൊടവരുടെ ദേശം എന്നര്‍ത്ഥമുള്ള ക്രോധദേശ എന്നതില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നതാണ് ഇതിലൊരു വാദം.

അതല്ല കൊടുക്കുക എന്നര്‍ത്ഥം വരുന്ന കൊട, അമ്മ എന്നര്‍ത്ഥം വരുന്ന അവ്വ എന്നീ വാക്കുകള്‍ ചേര്‍ന്നുള്ള കൊടവ്വ എന്ന പേരില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു. കൊടവ്വ എന്ന പേര് അമ്മദൈവമായ കാവേരിയെ സൂചിപ്പിക്കുന്നതാണെന്നാണ് പറയുന്നത്.

എന്തായായും കുടകിനെ ബ്രിട്ടീഷുകാര്‍ കൂര്‍ഗ് എന്ന് വിളിയ്ക്കുകയും പിന്നീട് ആ പേര് തുടര്‍ന്നും ഉപയോഗിക്കുകയുമായിരുന്നു. കാലാവസ്ഥയും പ്രകൃതിയുമാണ് കൂര്‍ഗിലെ താരങ്ങള്‍.

ഇതിനൊപ്പം എല്ലായിത്തും കാണാന്‍ കഴിയാത്ത കാപ്പി, തേയിലത്തോട്ടങ്ങളും, വനങ്ങളും ഒപ്പം പഴയ ക്ഷേത്രങ്ങള്‍, ചരിത്രസ്മൃതികളുറങ്ങുന്ന സ്മാരകങ്ങള്‍ എന്നിവയുമെല്ലാം ചേര്‍ന്ന് കൂര്‍ഗിനെ ഒരു ടോട്ടല്‍ ടൂറിസ്റ്റ് സ്‌പോട്ട് ആക്കി മാറ്റുകയാണ്.

മനോഹരങ്ങളായ അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്‌നാട് കൊട്ടാരം, രാജാവിന്റെ ശവകുടീരം എന്നിവയെല്ലാം ചുറ്റിയടിച്ച് കാണാം. ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി എന്നിവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍.

ഇതുകൂടാതെ ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ എണ്ണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളത്രയും കാര്യങ്ങള്‍ കാണാനുണ്ട് കൂര്‍ഗിലെത്തിയാല്‍.

സാഹസികയാത്രികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണിത്, കാരണം മറ്റൊന്നുമല്ല, കയറിത്തീര്‍ക്കാന്‍ മലകളിങ്ങനെ നിരന്നുകിടക്കുകയാണ്. ട്രക്കിങ് അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ ഇവിടെ ആസ്വദിക്കാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം.


പുഷ്പഗിരി, കോട്ടെബെട്ട, ഇക്ഷുത്താപ്പ, നിശാനി മൊട്ടേ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ട്രക്കിങ് സൗകര്യമുണ്ട്. ഗോള്‍ഫ് കളിയിഷ്ടമുള്ളവര്‍ക്കാണെങ്കില്‍ ഇതിന് സൗകര്യമുണ്ട്. നദികളിലും തടാകങ്ങളിലും മീന്‍പിടുത്തത്തിനും സാഹസികമായ റിവര്‍ റാഫ്റ്റിങ്ങിനും അവസരം ലഭിക്കുമിവിടെ.

ബ്രഹ്മഗിരിയിലൂടെ ഒഴുകുന്ന ബാരെപ്പോലെ നദിയാണ് ജലകേളികളുടെ പ്രധാന കേന്ദ്രം. ഇതുകൂടാതെ കാവേരി നദിയിലുമുണ്ട് വിനോദത്തിനുള്ള സൗകര്യങ്ങള്‍. കര്‍ണാടകത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത തനതായ ജീവിതശൈലിയും സംസ്‌കാരവുമാണ് കൂര്‍ഗ് ജനതയുടേത്.

ഭക്ഷണക്കാര്യത്തിലായാലും, ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാര്യത്തിലായാലുമെല്ലാം ഏറെ വ്യത്യസ്തരാണ് കൂര്‍ഗുകാര്‍. ഹട്ടാരി, മെര്‍ക്കാറ ദെസറ, കേളി പൊഡു, കാവേരി സംക്രമണ, തുലാ സംക്രമണ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉത്സവങ്ങള്‍. കര്‍ണാടകത്തിലെ മറ്റു പലഭാഗങ്ങളിലും ഏറെയും കാണാന്‍ കഴിയുക സസ്യഭുക്കുകളായ ആളുകളെയാണ്.

എന്നാല്‍ കൂര്‍ഗുകാര്‍ക്ക് മാംസഭക്ഷണമില്ലാതെ ജീവിതമില്ല. അപൂര്‍വ്വം ചില അവസരങ്ങളില്‍ മാത്രമേ ഇവര്‍ മാംസാഹാരം മാറ്റിവെയ്ക്കുന്നുള്ളു. പിന്നിയിറച്ചി ഇവരുടെ പ്രധാനഭക്ഷണമാണ്. കൂര്‍ഗ് രീതിയിലുള്ള മാംസവിഭവങ്ങള്‍ക്ക് ഇന്ന് ആരാധകരേറെയാണ്.

ഇതുകൂടാതെ മുളങ്കൂമ്പും മുളയരിയും കൂര്‍ഗുകാരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. കൊടവ, തുളു, ഗൗഡ, കുടിയ, ബുന്‍ട തുടങ്ങി വിവിധ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് കൂര്‍ഗ് ജനത. ഇതില്‍ ഏറ്റവും കൂടുതലുള്ളത് കൊടവ വിഭാഗക്കാരാണ്. അതിഥി സല്‍ക്കാരത്തിനും ധീരതയ്ക്കും പ്രശസ്തരാണ് കൊടവ വിഭാഗക്കാര്‍.

കാപ്പികൃഷിയുടെ പേരിലാണ് കൂര്‍ഗ് പേരെടുത്തത്. ബ്രിട്ടീഷുകാരാണ് കൂര്‍ഗിന്റെ പ്രത്യേക കാലാവസ്ഥ മനസ്സിലാക്കി ഇവിടെ കാപ്പികൃഷിക്ക് തുടക്കമിട്ടത്. അറബിക്ക, റോബസ്റ്റ എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന കാപ്പി ഇനങ്ങള്‍.

കാപ്പിപൂക്കുന്ന കാലമാകുമ്പോള്‍ കുടകിലെ കാറ്റിന് കാപ്പിപ്പൂവിന്റെ മണമാണ്. വെള്ളപ്പുക്കളാല്‍ നിറഞ്ഞ്, സുഗന്ധം പരത്തി നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ കൂര്‍ഗിലെ മനോഹരമായ കാഴ്ചയാണ്. കാപ്പി കൂടാതെ, ഓറഞ്ച്, തേയില, ഏലയ്ക്ക, തേന്‍, കുരുമുളക് എന്നിവയുടെ കൃഷിയിലും കൂര്‍ഗ് മുന്നില്‍ത്തന്നെയാണ്.

Tourist Paradise - Coorg

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories