അംബരചുംബികളായ കൂറ്റൻ കാസിനോകൾ കണ്ണുചിമ്മാതെ കളിച്ചുമദിക്കുന്ന നഗരമാണ് ലാസ് വേഗാസ് . ലോകത്തിലെ എല്ലാ ഇനം ചൂതാട്ടങ്ങളും നിയമപരമായി അംഗീകരിച്ച്, സൗകര്യമൊരുക്കി സഞ്ചാരികളെ ആകർഷിക്കുന്ന മെഗാ സ്ട്രിപ്പ്... സദാ ഉല്ലാസ സംഗീതമഴയിൽ കുളിച്ചാറാടുന്ന പട്ടണക്കവലകൾ... വഞ്ചിയാത്രാ തടാകം വരെയുള്ള വമ്പൻ റസ്റ്റാറണ്ടുകൾ ...പണം കൊയ്യാനും സുഖം നുകരാനും കൊതിച്ച് പറന്നെത്തുന്ന പതിനായിരങ്ങളുടെ പറുദീസ.
"എൻ്റർടൈൻമെൻ്റ് സിറ്റി"കളുടെ വിശ്വതലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന വേഗാസ് ഏവരെയും വേറിട്ട ലഹരികളിൽ മുക്കും.കാസിനോകളും ഷോഗേൾസ് തിയേറ്ററുകളും ഏറെയുള്ള വേഗാസ് ഏതാനും വർഷം മുമ്പുവരെ കുറ്റകൃത്യങ്ങളിലും മുൻനിരയിലായിരുന്നു. എന്നാൽ "സിൻ സിറ്റി" എന്ന ദുഷ്പേരിൽനിന്ന് മുക്തമായി ഇന്ന് എല്ലാ തരം വിനോദപ്രിയർക്കും ഇഷ്ടനഗരമായി മാറിയിരിക്കുന്നു. ശബ്ദ- വെളിച്ച - ദൃശ്യ വിന്യാസത്തിൽ വിസ്മയം വിതറുന്ന "സ്ഫിയർ" ഷോ ,
നഗരക്കാഴ്ചക്കുള്ള ഹൈ റൈഡ് സംവിധാനം, സ്ഥിരം വ്യാപാര- വ്യവസായ പ്രദർശനം , മോഹിപ്പിക്കുന്ന ഉദ്യാനങ്ങൾ എന്നിവ സ്വതവേയുള്ള പച്ചപ്പിൻ്റെ പൊലിമയ്ക്ക് മാറ്റുകൂട്ടുന്നു. വേഗാസ് എന്ന സ്പാനിഷ് പദത്തിന് പുൽമേട് എന്നാണർത്ഥം.മങ്ങാത്ത ഹരിതകാന്തിയിൽ തിളങ്ങുന്ന പട്ടണം എന്ന് പര്യായം. ഏതു നേരത്തും ആൺ-പെൺ ഭേദമില്ലാതെ പല ദേശക്കാരായ സന്ദർശകർ നിറഞ്ഞൊഴുകുന്ന സജീവത. പാട്ടും നൃത്തവും വേഷം കെട്ടിയാടലുമായി ഉച്ചമുതൽ ഉഷാറാവുന്ന പാതയോരങ്ങൾ. ഉറങ്ങാൻ മടിക്കുന്ന രാവുകളാണിവിടെ ശൈത്യകാലത്തുപോലും . കാസിനോകൾ അടക്കാറേയില്ല.
നൂറുകണക്കിനാളുകൾ മാറിമാറി ഓരോയിടത്തും സദാ സമയവും കളിക്കാനുണ്ടാകും. കുടിക്കാനും കഴിക്കാനും വേണ്ടതെന്തും ഇരിക്കുന്നിടത്ത് ലഭിക്കും. കേരളീയ ഗ്രാമങ്ങളിൽ പണ്ട് ഉത്സവപ്പറമ്പുകളിൽ കാണുമായിരുന്ന മുച്ചീട്ടു വലി , അകത്തും പുറത്തും, ചട്ടികളി, കുലുക്കിക്കുത്ത്, ആന മയിൽ ഒട്ട കം തുടങ്ങിയ എല്ലാ പണംവെച്ചു കളികളുടെയും വരെ പരിഷ്ക്കരിച്ച പതിപ്പുകൾ ഇവിടെയുണ്ട്.കംപ്യൂട്ടർ - ഡിജിറ്റൽ സജ്ജീകരണത്തിലേക്ക് മാറ്റിയെന്നേയുള്ളൂ . എത്ര സെൻ്റും ഡോളറും ഇറക്കി കളിക്കാം . നേടിയാലും നഷ്ടപ്പെട്ടാലും അന്നേരം ഡിജിറ്റൽ രശീത് കിട്ടും.
ബാക്കി ഇങ്ങോട്ടാണെങ്കിൽ അത് കൗണ്ടറിൽ കൊടുത്താൽ പണം റൊക്കം വാങ്ങാം. അതേ അവസരത്തിൽ, ധാരാളിത്തത്തിനിടയിലെ ദാരിദ്ര്യവും തെരുവോരത്തുതന്നെ പ്രകടമാണ്. ഉപജീവനത്തിന് കായികാഭ്യാസങ്ങൾ അവതരിപ്പിക്കുന്ന കൊച്ചുകുട്ടികൾ, മുക്കാൽ പങ്കും നഗ്നമേനിയോടെ വേഷവൈവിധ്യം പ്രദർശിപ്പിച്ച് ടിപ് സ്വീകരിക്കുന്ന യുവതികൾ, സ്വരഭംഗി മാത്രം കൈമുതലായുള്ള ഗായകർ മുതലായവർക്ക് കുറവില്ല. അമേരിക്കൻ വൻകര പൊതുവെ തണുപ്പിൻ്റെ പിടിയിലമരുന്ന മാസങ്ങളാണ് നവംബർ മുതൽ ഏപ്രിൽ വരെ.
എന്നാൽ, ലാസ് വേഗാസിൽ ഏറെക്കുറെ മിതശീതോഷ്ണനിലയാണ് വിൻ്റർ സീസണിലും. അതുകൊണ്ടുതന്നെ അന്യരാജ്യക്കാർ മാത്രമല്ല, നെവാഡക്ക് പുറത്തുള്ള സംസ്ഥാനക്കാരും ഇങ്ങോട്ട് കൂട്ടംകൂട്ടമായി എത്തുന്നു. യു എസ് എയിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രമായ ഹുവർ ഡാം വേഗാസ് നഗരത്തിനടുത്താണ്. 1930 കളുടെ ആദ്യത്തിലാണ് അണക്കെട്ട് പണിതത്. ഫെഡറൽ പ്രസിഡൻ്റ് ഹെർബർട്ട് ഹൂവർ നേരിട്ടിടപെട്ട് പ്രത്യേക ശുഷ്കാന്തിയോടെ പ്രവൃത്തി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുകയായിരുന്നു.
ചെങ്കൽമടകൾ വെട്ടിയൊതുക്കിയാണ് ഇവിടെ എർത്ത് ഡാം നിർമിച്ചത്. കഠിനയത്നം വേണ്ടിവന്ന ആ പണിക്ക് അന്ന് ആളുകളെ കിട്ടാൻ കടുത്ത പ്രയാസമായിരുന്നു.ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി കൊണ്ടുവന്നത്. ഇന്നാകട്ടെ, എം എസ് ജി സ്ഫിയർ ഓഡിറ്റോറിയം ഉൾപ്പെടെ ഒട്ടേറെ അനന്യ സവിശേഷതകൾ ഉണ്ടിവിടെ. 18,600 പേർക്ക് സീറ്റുകൾ സജ്ജീകരിച്ച ഗോളാകൃതിയിലുള്ള തിയറ്ററാണിത്. പല തട്ടുകളിലായി നല്ല സുരക്ഷയുള്ള പ്രവേശന കവാടങ്ങളുണ്ട്.
270 ഡിഗ്രി ദൃശ്യാനുഭവം പകരുന്ന സാങ്കേതികത്തികവും 1,60,000 ചതുരശ്ര അടി വിസ്തൃതിയുമുള്ള സ്ക്രീൻ മറ്റൊരിടത്തുമില്ല. 2023 സെപ്തംബർ 29 നായിരുന്നു ഉദ്ഘാടന ഷോ. മാഡിസൺ സ്ക്വയർ ഗാർഡൻ കമ്പനിയാണ് ഇത് സ്ഥാപിച്ചത് - 2. 3 ബില്യൻ ഡോളർ മുതൽമുടക്കിൽ.ഇതിലിരുന്ന് സിനിമ കാണൽ തികച്ചും പുതുമയുള്ള ഒരനുഭവമാണ്. " പോസ്റ്റ് കാർഡ് ഫ്രം എർത്ത്" എന്ന മികച്ച സാമൂഹിക മൂല്യമുള്ള ഡോക്യുമെൻ്ററി ഫിലിമാണ് ഞങ്ങൾ അതിവിശാലമായ ഗോള തിയേറ്ററിലിരുന്ന് ആസ്വദിച്ചത്.
ജീവജാലങ്ങളുടെ ഇന്നലെകളും മനുഷ്യൻ്റെ അതിജീവനവുമാണ് ഇതിൽ ആവിഷ്കരിക്കുന്നത്. ഫോർ-ഡി ഇഫക്ടുള്ള ഈ ചലച്ചിത്രം അസാമാന്യ വലുപ്പമുള്ള ഇത്തരം സ്ക്രീനിനു യോജിച്ച വിധത്തിൽ നിർമിച്ചതാണ്. പ്രഗത്ഭ അമേരിക്കൻ ഫിലിം ഡയറക്ടറായ ഡാറെൻ അറോനോഫ് സ്കിയാണ് സംവിധാനം ചെയ്തത്. യുവതാരങ്ങളായ ബ്രാൻഡോൻ സന്താനയും സയ റിബെയ്റോയുമാണ് മുഖ്യ അഭിനേതാക്കൾ .2023 ൽ റിലീസായ ഈ ഫിലിം പല നിലയ്ക്കും ഏറെ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ്. അതിലെ ഓരോ ദൃശ്യഗൗരവവും മുഴക്കവും മനസ്സിലുണ്ട് മായാതെ .
Article by കെ വി കുഞ്ഞിരാമൻ
ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം, ന്യൂസ് എഡിറ്റർ
#Not #Sin #City #Let's #get #enjoy #life