ലോകത്ത് ശുചിമറികളെ ഓർക്കുന്നതിനും ഒരു ദിനം ഉണ്ട്. നവംബർ 19 ആണ് ആ ദിനം .ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നവംബർ 19 ലോക ശുചിമുറി ദിനമായി 2013 മുതൽ ആചരിക്കുന്നു.

ലോക ശുചിമുറി സംഘടനയുടെ ആഭിമുഖ്യത്തിൽ 2001 മുതൽ സിംഗപ്പൂരിലെ മനുഷ്യസ്നേഹിയായ ജാക്ക് സിമ്മിന്റെ നേതൃത്വത്തിൽ ആചരിക്കുന്ന ദിനം സിംഗപ്പൂർ സർക്കാറിന്റെ അഭ്യർത്ഥനപ്രകാരമാണ് ഐക്യരാഷ്ട്രസഭ ലോകത്തെ എല്ലാ രാജ്യങ്ങളോടും ആചരിക്കുവാൻ ആവശ്യപ്പെട്ടത്.
മനുഷ്യ ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്നതും ആരോഗ്യം, അഭിമാനം എന്നിവയുമായി അഭേദ്യ ബന്ധമുള്ളതുമായ ശുചിമുറികൾ ജീവിതത്തിന്റെ തിരക്കിനിടയിലും ശ്രദ്ധിക്കേണ്ടതും നിസ്സാരവത്കരിച്ച് തള്ളിക്കളയേണ്ടതുമല്ല എന്ന് വ്യക്തമാക്കുന്നതാണ് ലോക ടോയ്‌ലറ്റ് ഡേ ദിനാചരണം .
ശുചിമുറി ശുചിത്വത്തിന്റെ ആദ്യപടിയാണ് .ശരിയായ ശുചീകരണത്തിന്റെ പ്രാധാന്യം വെളിവാക്കുകയും വൃത്തിയുള്ളതും സുരക്ഷിതമായ ശുചിമുറികൾ പ്രാപിക്കാൻ ജനങ്ങളെ ഈ ദിനം ആഹ്വാനം ചെയ്യുന്നു. ലോകത്ത് 58% വയറിളക്കം രോഗത്തിന്റെയും കാരണം വൃത്തിയില്ലാത്ത കക്കൂസ് ഉപയോഗിക്കുന്നത് കൊണ്ടാണ്. ലോകത്ത് മൂന്നിലൊന്ന് ആളുകൾക്കും വൃത്തിയുള്ളതും ശുചിത്വപൂർണ്ണവുമായ ശുചിമുറികൾ ലഭ്യമല്ല.
ശുചിത്വ പൂർണ്ണമല്ലാത്ത ജീവിതം കാരണം പ്രതിദിനം അഞ്ച് വയസ്സിനു താഴെയുള്ള 1000കുട്ടികൾ ലോകത്ത് മരണപ്പെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത് .കാലാവസ്ഥാ വ്യതിയാനം,വെള്ളപ്പൊക്കം,വരൾച്ച എന്നിവ കാരണം ജനങ്ങൾക്ക് മതിയായ ശുചി മുറി സൗകര്യം ലഭിക്കുന്നില്ല. ലോകത്ത് 360 കോടി ജനങ്ങൾക്ക് നല്ല സുരക്ഷിതമായ വൃത്തിയിലുള്ളതുമായ ശുചിമറി സംവിധാനമില്ല എന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കിയിട്ടുണ്ട്.
2022ലെ ലോക ശുചിമുറി ദിനത്തിന്റെ സന്ദേശം making the invisible visible (അ ദൃശ്യമായതിനെ ദൃശ്യമാകൂ )എന്നാണ് .നമ്മുടെ ചുറ്റുവട്ടത്തിലും അദൃശ്യമായ രീതിയിൽ കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യങ്ങൾ ശുദ്ധ ജല സ്രോതസുകളിലേക്കും നദികളിലേക്കും ഒഴുകി പോകുന്നത് തടയേണ്ടതായിട്ടുണ്ട് .ഭൂമിയിൽ ലഭ്യമായ ശുദ്ധജലത്തിന്റെ 99% ഭൂഗർഭജലം ആയതിനാൽ വലിയ രീതിയിൽ മലിനപ്പെട്ടുപോകുന്ന ഭൂഗർഭജലത്തിന്റെ ഇന്നത്തെ അവസ്ഥ ലോകത്തിനു മുമ്പിൽ വരച്ചുകാട്ടുകയാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.
കക്കൂസ് മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിച്ചില്ലെങ്കിൽ അത് നമ്മുടെ ശുദ്ധജലസ്രോതസ്സുകളെ മലിനപ്പെടുത്തുവാൻ സാധ്യതയുണ്ട് എന്ന ഓർമ്മപ്പെടുത്തലും ഈ സന്ദേശത്തിന്റെ പിറകിലുണ്ട് .കണ്ണുകൾ തുറന്നു വച്ച് ചുറ്റുവട്ടവും നിരീക്ഷിച്ച് സ്വന്തം വീട്ടിലെ ശുചിമുറികളിലെ മാലിന്യങ്ങൾ പ്രകൃതിക്ക് അദൃശ്യമായ രീതിയിൽ പ്രയാസം ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കുവാൻ ഈ വർഷത്തെ ശുചി മുറി സന്ദേശം ജനങ്ങളെ ഓർമിപ്പിക്കുന്നു .
ലോകം 2030 ൽ നേടിയെടുക്കാനുള്ള സുസ്ഥിര ലക്ഷ്യങ്ങളിൽ ആറാമത്തെ ലക്ഷ്യത്തിൽ രണ്ടാം സ്ഥാനമായി വരുന്ന സുരക്ഷിതമായ കക്കൂസ് എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുക എന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ മാത്രമേ സാധ്യമാവൂ. ശുചിത്വപൂർണ്ണമായ ശുചി മുറി ലോകത്തെ 4.2 ബില്യൺ ജനങ്ങൾക്ക് ലഭ്യമാ കേണ്ടതുണ്ട് .ലോകത്തിലെ 200 കോടി ജനങ്ങളും മലിനജലം ആണ് കുടിക്കാൻ ഉൾപ്പെടെ ഉപയോഗിക്കുന്നത്.
എന്നത് ശുചി മുറിയിൽ ലഭ്യമാകുന്ന വെള്ളത്തിന്റെ അവസ്ഥ സൂചിപ്പിക്കുന്നു.673 ദശലക്ഷം പേർ തുറസ്സായ സ്ഥലത്ത് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാര്യം സാധിക്കുന്നു . മനുഷ്യന്റെ ആരോഗ്യത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായ സുരക്ഷിതമായ ശുചിമുറി എന്നത് ജീവിതാവസ്ഥയിൽ ലഭിക്കാത്തവർ ഭൂരിഭാഗവും ദരിദ്രരാണ് എന്നത് നമ്മെ ദുഃഖിപ്പിക്കുന്നു.കാരണം പരസ്യമായ മലമൂത്ര വിസർജനം ദാരിദ്ര്യത്തിന്റെ മൂല കാരണങ്ങളിൽ ഒന്നാണ്.
ശുചി മുറി കൃത്യമായി ഉപയോഗിച്ചാൽ 37.5% വയറിളക്കവും ലോകത്ത് ഇല്ലാതാക്കാൻ കഴിയുന്നതാണ് .ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഒരു വർഷം 5 ലക്ഷം പേർ ലോകത്ത് വയറിളക്കം കാരണം മരണപ്പെടുന്നു. എന്നത് ശരിയായ ശുചി മുറി ഉപയോഗത്തിന്റെയും ശുചീകരണത്തിന്റെയും പ്രാധാന്യം ജനങ്ങളെ ഓർമപ്പെടുത്തുന്നു. കക്കൂസ് ഇല്ലാത്തതിനാൽ ആരോഗ്യം പ്രയാസപ്പെടുന്ന ജനങ്ങൾ ലോകത്ത് ജീവിക്കുന്ന ഘട്ടത്തിലാണ് 2022 ലെ ലോക ശുചി മുറി ദിനം ആചരിക്കുന്നത് .
2019 ൽ ഇന്ത്യ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിച്ചെങ്കിലും ,പരസ്യമായ മലമൂത്ര വിസർജനത്തിന് രാജ്യത്ത് വിലക്കുണ്ടെങ്കിലും 2019/ 21 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിലെ 19%കുടുംബങ്ങൾക്കും കക്കൂസ് ഇല്ല എന്നത് കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്. 81% ന് കക്കൂസ് ഉണ്ടെങ്കിലും ആരോഗ്യ വിഭാഗം നിഷ്കർഷിക്കുന്ന രീതിയിലുള്ള ശുചി മുറികൾ ഇല്ലാത്തവരാണ് ഗ്രാമീണ മേഖലയിലുള്ളവരിൽ 25% ൽ ഏറെയും.
ബീഹാറിൽ 62% പേർക്കും ജാർഖണ്ഡിൽ 70% പേർക്കും ഒഡീഷ്യയിൽ 71% പേർക്കും മാത്രമാണ് ശുചി മുറി ഉള്ളത് . ശുചിത്വത്തിന്റെ കാര്യത്തിൽ ലോകത്തിനു മുമ്പിൽ തല ഉയർത്തി നിൽക്കുന്ന കേരളത്തിൽ അടുത്തിടെ സർക്കാർ നടത്തിയ സർവ്വേയിൽ പറയുന്ന കാര്യങ്ങൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ് കേരളത്തിലെ 62% ജനങ്ങളും ശുദ്ധജലത്തിനായി ആശ്രയിക്കുന്ന 78.6% കിണറുകളിലും ഇ -കോളി ബാക്ടീരിയുകളുണ്ട് എന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ഠിച്ചിട്ടുള്ളത്.
കൂടാതെ 62398 പൊതു ജലാശയങ്ങളിലെ സാമ്പിളുകളിലും ഇ -കോളി ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ട് എന്നത് കക്കൂസ് മാലിന്യം ശുദ്ധ ജല സ്രോതസുകളിലേക്ക് എത്തുന്നു എന്നതിന്റെ തെളിവാണ്. സ്വന്തം വീട്ടിലെ ടോയ്ലറ്റ് കൊണ്ട് പ്രകൃതിക്ക് ഉപദ്രവം ഇല്ല എന്ന് ഉറപ്പുവരുത്താനുള്ള അവസരമാണ് ലോക ശുചി മുറി ദിനം കൊണ്ട് സംജാതമായിട്ടുള്ളത്.
ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ ഒരു സ്ക്വയർ കിലോമീറ്ററിൽ 859 പേർ ജീവിക്കുന്നത് കൊണ്ട് കിണറുകളും സെപ്റ്റിക്ക് ടാങ്കും തമ്മിലുള്ള ദൂരം ഏഴര മീറ്ററായി ആയി ചുരുക്കിയത് കൊണ്ടും കിണറിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുകിവരുന്നതും ഭൂഗർഭജലത്തിലേക്ക് വ്യാപാരിക്കുന്നതും തടയാനുള്ള ജാഗ്രത ഓരോരുത്തരും സ്വീകരിക്കുവാൻ ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

Article by ടി ഷാഹുൽ ഹമീദ്
*
Today is World Toilet Day; Every day 1000 children under the age of five die in the world due to lack of sanitation
