( www.truevisionnews.com ) പാഴ്‌വസ്തുക്കളില്‍ നിന്ന് മൂല്യമുള്ള പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ ഒരുപാടുണ്ട്. പലപ്പോഴും തമാശയായി ആരംഭിക്കുന്ന പ്രവര്‍ത്തിയുടെ അവസാന ഫലം നമ്മള്‍ തുടക്കത്തില്‍ പ്രതീക്ഷിക്കാത്തതായിരിക്കും. കഴിഞ്ഞ ദിവസം റേച്ചല്‍ ഡിക്രൂസ് എന്ന യുവതി തന്റെ വീട്ടിലെ സോഫയുടെ പഴയ കവര്‍ രൂപമാറ്റം വരുത്തി വസ്ത്രമാക്കാന്‍ തീരുമാനിച്ചു. നിര്‍മ്മാണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തു.
തമാശയായി റേച്ചല്‍ ആരംഭിച്ച നിര്‍മ്മാണം 8 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോ ആയി മാറിയിരിക്കുകയാണ്. സോഫ കവറില്‍ നിന്ന് റേച്ചല്‍ നിര്‍മ്മിച്ച വസ്ത്രത്തിന്റെ ഭംഗിയാണ് ആളുകളെ ആകര്‍ഷിച്ചത്. വൈറലായ വീഡിയോ കണ്ട ഒരാളുടെ അഭിപ്രായം റേച്ചലിന്റെ വസ്ത്രം പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ 'വെര്‍സാച്ചെ'ക്ക് തുല്യമാണ് എന്നാണ്. ചിലര്‍ ഇത് എങ്ങനെ സ്വന്തമാക്കാം എന്നും ചോദിക്കുന്നുണ്ട്.
.gif)

സോഫ കവറില്‍ നിന്ന് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരം ഏതെങ്കിലും വസ്ത്രം നിര്‍മ്മിക്കാം എന്നായിരുന്നു റേച്ചലിന്റെ തീരുമാനം. എന്നാല്‍ താന്‍ വിചാരിച്ച പോലെ പണി അത്ര എളുപ്പമല്ല എന്ന് മനസ്സിലായതോടെ അര മണിക്കൂര്‍ എന്ന് വിചാരിച്ച് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തി അഞ്ച് മണിക്കൂര്‍ നീണ്ട് നിന്നു. സമയം കൂടിയെങ്കിലും ഒടുവില്‍ തനിക്ക് ലഭിച്ച ഫലത്തില്‍ പൂര്‍ണ്ണ തൃപ്തയാണ് റേച്ചല്‍.
മണിക്കൂറുകള്‍ ചെലവിട്ട് വസ്ത്രം നിര്‍മ്മിച്ചതിന് ശേഷം റേച്ചല്‍ അത് ധരിച്ച് കാണിക്കുന്നുമുണ്ട്. തമാശയ്ക്ക് ചെയ്ത് തുടങ്ങിയ വസ്ത്രത്തിനെ ഇപ്പോള്‍ നോക്കുന്തോറും ഭംഗി കൂടി വരികയാണ് എന്നാണ് റേച്ചലിന്റെ അഭിപ്രായം. ഇത്തരത്തില്‍ താന്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ വളരെ ഇഷ്ടമാണെങ്കിലും ചിലര്‍ക്ക് തന്റെ ഈ ഫാഷന്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് റേച്ചല്‍ പറയുന്നുണ്ട്.
പാഴ്‌വസ്തുക്കളില്‍ നിന്ന് പുതിയ രീതിയിലുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ കൂടുതല്‍ വീഡിയോ റേച്ചല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. റേച്ചല്‍ ഡിക്രൂസിന്റെ വസ്ത്രങ്ങള്‍ ശ്രദ്ധ നേടുന്നത് അതിന്റെ ലേബലിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് അതിലുള്ള കാഴ്ച്ചപ്പാടിന്റയും, പരിശ്രമത്തിന്റെയും, മാറ്റം വരുത്താനുള്ള ധൈര്യത്തിന്റെയും അടിസ്ഥാനത്തിലാണ്.
dress from a sofa cover, video goes viral
