റായ്‌പുർ : (truevisionnews.com) ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.
ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 മുറിവുകൾ ഉള്ളതായും കണ്ടെത്തി.
മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരൾ 4 കഷ്ണം ആക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ മാത്രം അഞ്ച് ഒടിവുകളാണുള്ളത്.
പ്രദേശത്തെ പ്രധാന കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പകയാണ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ട്. മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നയാളായിരുന്നു.
ജനുവരി ഒന്ന് മുതലാണ് മുകേഷിനെ കാണാതായത്. മുകേഷിന്റെ അവസാന മൊബൈൽ ലൊക്കേഷൻ സുരേഷിന്റെ വീടിനടുത്തായതാണു പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിച്ചത്.
പരിശോധനയ്ക്കിടെ പുതുതായി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിൽ ഒരു സെപ്റ്റിക്ക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
#Heart #torn #out #liver #cut #4 #pieces #skull #cut15 #killing #journalist #brutal