തിരുവനന്തപുരം: ( www.truevisionnews.com) ഹയർ സെക്കൻഡറി വിഭാഗം കഥകളി പദത്തിൽ എ ഗ്രേഡ് സ്വന്തമാക്കി എറണാകുളം മാഞ്ഞാലി സ്വദേശി സയാൻ അഹമ്മദ്. കരുമല്ലൂർ എഫ്.എം.സി.റ്റി എച്ച്.എസ്.എസിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് സയാൻ.
കൊയിലാണ്ടി സ്വദേശിയായ കലാനിലയം ഹരിയുടെ കീഴിൽ ഒമ്പതാം ക്ലാസ് മുതലാണ് കഥകളിപദ പഠനം ആരംഭിച്ചത്.
കുട്ടിക്കാലം മുതൽ സ്വരത്രയെ അനുഷാദിന്റെ കീഴിൽ ക്ലാസിക്കൽ സംഗീതവും പഠിച്ചു വരുന്നുണ്ട്. നള ചരിതം രണ്ടാം ദിവസം പ്രമേയമായ കഥകളി പദത്തിലാണ് സംസ്ഥാന കലോത്സവ വേദിയിൽ സയാൻ എ ഗ്രേഡ് സ്വന്തമാക്കിയത്.
കുട്ടിക്കാലത്ത് തന്നെ അമ്മ നഷ്ടമായ സയാന് മഹല്ല് കമ്മിറ്റി അംഗവും എം.ഇ.എസ് പ്രവർത്തകനുമായ പിതാവിന്റെയും മറ്റ് കുടുംബ അംഗങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ട്.
ചെറിയ പ്രായത്തിൽ തന്നെ സയാന് പാട്ടിനോടുള്ള ഇഷ്ടവും പാട്ടു പാടാനുള്ള കഴിവും മനസ്സിലാക്കിയത് കൊണ്ടാണ് ക്ലാസിക്കൽ മ്യൂസിക്കിലേക്കും പിന്നീട് കഥകളി പദത്തിലേക്കും സയാനെ വഴിതിരിച്ചു വിടാൻ കാരണമായതെന്ന് സയാന്റെ അടുത്ത ബന്ധുകൂടിയായ ഫലീൽ ഗഫൂർ ഓർമിച്ചെടുത്തു.
എറണാകുളം കഥകളി യോഗം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കഥകളി പദം വിഭാഗത്തിൽ സയാന് ഇതേ ദിവസം തന്നെ ആദരം ലഭിച്ചിരുന്നു.
താൻ കലോത്സവ വേദിയിൽ ആയതു കൊണ്ട് പിതാവാണ് തന്റെ അഭാവത്തിൽ ആ ആദരം ഏറ്റു വാങ്ങിയതെന്നും, കുടുംബാംഗങ്ങൾക്ക് സംഗീതത്തോടുള്ള ഇഷ്ടവും തനിക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ സഹായകരമായെന്ന് സയാൻ സന്തോഷത്തോടെ പറയുന്നു.
ബന്ധുവായ ഫലീൽ ഗഫൂറിനൊപ്പം ആണ് സയാൻ തിരുവനന്തപുരത്തെ കലോത്സവ വേദിയിലെത്തി തിളക്കമാർന്ന വിജയവുമായി എറണാകുളത്തേക്ക് ട്രെയിൻ കയറുന്നത്.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#Sayan #Ahmed #won #first #place #Kathakali