മുക്കം(കോഴിക്കോട്): ( www.truevisionnews.com ) കോഴിക്കോട് കൊടിയത്തൂർ സ്വദേശിയുടെ 2.10 കോടി രൂപ തട്ടിയെടുത്ത ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശിയായ ചിന്ത്രില രോഹിണി റോയിയെ (25) താമരശ്ശേരി കോടതി റിമാൻഡ് ചെയ്ത് മാനന്തവാടി ജയിലിലേക്ക് അയച്ചു. നിലവിലില്ലാത്ത പദ്ധതികളിൽ പണം നിക്ഷേപിപ്പിച്ചാണ് 2.10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. 2023 മാർച്ച് ഏഴിനാണ് കൊടിയത്തൂർ സ്വദേശി മുക്കം പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്ധ്രപ്രദേശിലെ മാധാനപ്പള്ളി എന്ന സ്ഥലത്തുവെച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുക്കം പൊലീസ് യുവതിയെ പിടികൂടിയത്.കേസിലെ രണ്ടാം പ്രതി മണ്ണാർക്കാട് സ്വദേശി ജസീർ എരദൻ ഹംസയെ (38) 2023ൽതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടിയത്.
.gif)

സമാനമായ നിരവധി തട്ടിപ്പിൽ പ്രതിയാണ് ചിന്ത്രില റോഷ്നി റോയ് എന്ന് പോലീസ് പറഞ്ഞു. മുക്കം എസ്.ഐ ആന്റണി ക്ലീറ്റസ്, എ.എസ്.ഐ ലീന, സി.പി.ഒ ജയന്തി, റീജ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിലെ ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്.
തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഷിബിൻ ലാലിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്തപ്പോഴാണ് പണം കണ്ടെത്താനായത്.
പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ മാസം 11 നാണ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിൻ ലാൽ പണം കവർന്നത്. 55000 രൂപ മാത്രമായിരുന്നു പ്രതിയിൽ നിന്നും പൊലീസിന് കണ്ടെത്താനായത്.
Kozhikode native Rs 2.10 crore robbery case 25-year-old woman remanded in Mananthavadi jail
