(truevisionnews.com)ഉത്സവങ്ങളുടെ ഉത്സവമെന്നറിയപ്പെടുന്ന നാഗാലന്‍ഡിലെ ഹോണ്‍ബില്‍ ഉത്സവം അതിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇത്തവണ.
ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് ഹോണ്‍ബില്‍ ഉത്സവം ആഘോഷിക്കുക. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ പ്രശസ്തി നേടിയ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിനോദസഞ്ചാരികള്‍ എത്തുന്നു.
ഗോത്രജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് ആരംഭിച്ച ഹോണ്‍ ബില്‍ ഉത്സവം ഇന്ന് സഞ്ചാരികളുടെയും തീര്‍ഥാടന കേന്ദ്രമാണ്.
കിസാമയിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോണ്‍ബില്‍ ഫെസ്റ്റ് നടക്കുക. 16 നാഗാ ഗോത്രങ്ങളുടെ സാംസ്‌കാരിക സംഗമഭൂമിയാണ് കിസാമ.
കൊഹിമയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണിത്. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കുടിലുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടാകും. അവരുടെ കരകൗശല വസ്തുക്കളും വാങ്ങാം.
സംസ്ഥാന സര്‍ക്കാരിന്റെ കലാസാംസ്‌കാരിക വിഭാഗം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് കോര്‍ണറിലെത്തിയാല്‍ കലാകാരന്‍മാരുമായി സംസാരിക്കാനുള്ള അവസരവും ലഭിക്കും.
മുളക്, കൈതച്ചക്ക, പന്നിയിറച്ചി എന്നിവയുടെ തീറ്റമത്സരങ്ങള്‍ വേഴാമ്പല്‍ ഉത്സവത്തിന്റെ ഭാഗമായുണ്ടാകും. മലമുകളിലൂടെയുള്ള ബൈക്കോട്ട മത്സരവും നടക്കാറുണ്ട്.
നാഗാലന്‍ഡിന്റെ ഗോത്രജീവിതത്തെക്കുറിച്ച് അറിയാനും മനസിലാക്കുന്നതിനും ഹോണ്‍ബില്‍ ഉത്സവം സഹായിക്കുന്നു. 2000-ത്തില്‍ കൊഹിമയിലാണ് ഹോണ്‍ബില്‍ ഉത്സവം ആരംഭിക്കുന്നത്.
ഇന്നിപ്പോള്‍ നാഗാലന്‍ഡ് ടൂറിസത്തിന്റെ പ്രധാന ഭാഗം കൂടിയാണീ ഹോണ്‍ബില്‍ ഉത്സവം. വിദേശികള്‍ക്ക് നാഗാലാന്‍ഡില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല.
എത്തികഴിഞ്ഞ് 24 മണിക്കൂറിനകം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഫോറിനേഴ്‌സ് റജിസ്‌ട്രേഷന്‍ ഓഫീസിലോ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
ഇന്ത്യക്കാരായ യാത്രികര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എടുക്കണം. ഗുവാഹട്ടി, ദീമാപൂര്‍, കൊഹിമ, മോകോക്ചങ് എന്നിവിടങ്ങളിലെ ഡെപ്യൂട്ടി റെസിഡന്‍ഷ്യല്‍ കമ്മീഷണര്‍ ഓഫീസുകളില്‍ നിന്നും ഇത് ലഭിക്കും. ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ എന്നിവ ആവശ്യമാണ്.
#25 #years #Festival #of #Festivals #Attend #Hornbill #Fest #experience #life #Naga #tribe