#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി
Jul 3, 2024 10:26 PM | By Jain Rosviya

കൊച്ചി : (truevisionnews.com) ‘‘10 വർഷത്തിലേറെ ജയിലിൽ കിടന്ന്, അതും കൂടുതൽ കാലം വധശിക്ഷയുടെ നിഴലിൽ, ഒടുവിൽ നിഷ്കളങ്കനെന്ന് കണ്ടെത്തി ഒരാൾ കുറ്റവിമുക്തനാക്കപ്പെടുന്നു എന്ന വസ്തുതയോട് നമുക്ക് കണ്ണടയ്ക്കാൻ സാധിക്കുമോ?’’ - കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞ വാചകമാണിത്.

ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടു മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാൾ‍ അനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വിധിച്ചു.

ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസിനെ (57) 2013 ജൂൺ 11ന് വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നും കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നുമുള്ള കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ (40) ഹൈക്കോടതി ബുധനാഴ്ച വെറുതെ വിട്ടത്.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടിയാണ്, ഒരു നിരപരാധിയെ 10 വര്‍ഷത്തിലേറെ ജിയിലിലിട്ടതിനെ കോടതി വിമർശിച്ചത്.

ഈ കേസിൽ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി (4) 2018ൽ ഗീിരീഷ് കുമാറിന് വധശിക്ഷ വിധിച്ചിരുന്നു.

ഇത് ചോദ്യം ചെയ്ത് ഗീരീഷ് കുമാർ നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷനു യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

പ്രതിയാണ് കുറ്റം ചെയ്തതെന്നു തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതിയുടെ പങ്ക് തെളിയിക്കുന്നതൊന്നും കുറ്റകൃത്യം നടന്നിടത്തുനിന്ന് കണ്ടെടുത്തിട്ടില്ലെന്ന് ഗിരീഷ് കുമാറിന്റെ അഭിഭാഷകൻ വാദിച്ചു.

കുറ്റകൃത്യം നടന്നിടത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന ഒന്നും ഹാജരാക്കിയിട്ടില്ല. കൊലപാതകം നടന്ന വീട്ടിൽനിന്ന് മോഷ്ടിച്ചതെന്ന് കരുതുന്ന മാലയും വളയും സ്വർണക്കടയിൽനിന്ന് കണ്ടെടുത്തെങ്കിലും ആധികാരികമായ തെളിവല്ല. പ്രതിയുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയമായ തെളിവുകളും ഹാജരാക്കിയിട്ടില്ല.

കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയിൽനിന്ന് വിരലടയാളം ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും വിശ്വസനീയമല്ല. ചെക്കുകൾ, റവന്യൂ സ്റ്റാമ്പുകൾ, സ്റ്റാംപ് പേപ്പറുകൾ തുടങ്ങിയവ കൊല്ലപ്പെട്ട ആലീസിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതിനാൽ ഇവർ പണം പലിശയ്ക്ക് കൊടുത്തിരുന്നതായി കരുതണമെന്നും ഇതുമായി ബന്ധപ്പെട്ട് ശത്രുതയുള്ള ആരെങ്കിലുമാണോ കുറ്റകൃത്യം നടത്തിയത് എന്ന് അന്വേഷിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ദിവസം ആലീസിന്റെ വീട്ടിലെത്തിയ മരുമകനെ ഒഴിച്ച്, അവിടെയെത്തിയ കല്ലട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയോ അയൽവാസിയായ ജസ്റ്റിനെയോ പ്രോസിക്യൂഷൻ വിസ്തരിച്ചിട്ടില്ല.

ആലീസിന്റെ വീടിനോടു ചേർന്നുള്ള കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുകയോ വിസ്തരിക്കുകയോ ചെയ്തിട്ടില്ല. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറാണ് പ്രതി എന്ന നിഗമനത്തിലേക്ക് എത്തിയത് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ∙

അതേസമയം, മോഷണമുതൽ കണ്ടെടുത്തതും സിം കാർഡുള്ള ജീന്‍സ് കണ്ടെടുത്തതും പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കൊല്ലപ്പെട്ട ആലീസിന്റെയും ഭർത്താവിന്റെയും മൊബൈൽ ഫോണുകള്‍ പ്രതി വീടിനടുത്തായി ഒളിപ്പിച്ചിരുന്നു.

പ്രതി മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത് അടുത്തിടെയാണ്. അതുകൊണ്ടു തന്നെ ഗിരീഷ് ഒരു സ്ഥിരം കുറ്റവാളിയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളാണ് പ്രതിയുടെ പ്രധാന ഇരകൾ എന്ന് സാക്ഷിമൊഴിയുണ്ട്. ക്രൂരമായ രീതിയിലാണ് ആലീസിന്റെ കഴുത്തിനു ചുറ്റും കുത്തിയിരിക്കുന്നത് എന്നത് പ്രതിയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ്.

എല്ലാ വിധത്തിലും പ്രതി വധശിക്ഷയ്ക്ക് അർഹനാണ് എന്ന് പ്രോസിക്യൂഷനും വാദിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ, പ്രദേശത്ത് ഏതെങ്കിലും സ്ഥിരം കുറ്റവാളികളോ അടുത്തിടെ ശിക്ഷ കഴിഞ്ഞിറങ്ങിയവരോ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നതായി കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

അങ്ങനെയാണ് ഗിരീഷിനെക്കുറിച്ച് അറിയുന്നത്. പിന്നീടാണ് കുണ്ടറയിലെ ഒരു ബാറിൽനിന്ന് പ്രതിയെ പിടികൂടുന്നത്. പ്രതിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് കേസ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.

പ്രതിയുെടെ കുറ്റസമ്മതം മാത്രമാണ് ഈ കേസിൽ അയാളാണ് കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ സംശയിക്കാനും അറസ്റ്റ് ചെയ്യാനും കാരണം. അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴികളിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആദ്യം ഗിരീഷാണ് പ്രതിയെന്നും, പിന്നീട് സംശയിക്കപ്പെടുന്ന ആളെന്നുമാണ് പറഞ്ഞിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയല്ലാതെ പ്രതിയെ കുറ്റകൃത്യത്തിലേക്ക് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അടുത്തിടെ ജയിൽ മോചിതനായ ആളെന്നതും സ്ഥിരം കുറ്റവാളിയാണ് എന്നതുമാണ് ഗിരീഷിന്റെ പങ്കാളിത്തമുണ്ട് എന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം.

അതുകൊണ്ടുതന്നെ, അടിസ്ഥാനമില്ലാത്ത സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു എന്നും തെളിവുകൾ പൊലീസ് തന്നെ തയറാക്കിയതാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിന് വിശ്വാസ്യത കൂടുമെന്ന് കോടതി പറഞ്ഞു.

സ്ഥിരം കുറ്റവാളികളേയും ജയിലിൽനിന്ന് ഇറങ്ങിയവരേയും സംശയിക്കുന്നത് സ്വാഭാവികമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ കൂടി ഹാജരാക്കാൻ കഴിയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ∙

സ്വർണക്കടയിൽനിന്ന് കണ്ടെടുത്ത ഒരു മാലയും വളയുമാണ് പ്രതിയുടെ പങ്കിന് തെളിവായി പ്രോസിക്യൂഷൻ പറയുന്നത്. എന്നാൽ ഇത് കൊല്ലപ്പെട്ട ആലീസിന്റേത് ആണെന്നുപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം പറയുന്നു.

ആലീസ് കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഗൾഫിൽ നിന്നെത്തിയ ഭർത്താവ് പൊലീസിന്റെ സാന്നിധ്യത്തിൽ വീട് പരിശോധിച്ച ശേഷമാണ് 25 പവനോളം നഷ്ടപ്പെട്ട കാര്യം പറയുന്നത്. ആലീസ് ഒരു മാലയും വളയും മോതിരവും ചെവിയിൽ ഒരു സ്റ്റഡുമാണ് ധരിക്കാറ് എന്നും ഭർത്താവ് പറയുന്നു. എന്നാൽ ആലീസ് അന്ന് ആഭരണങ്ങളൊന്നും തന്നെ ധരിച്ചിരുന്നില്ല എന്നാണ് അവരെ അവസാനമായി കണ്ട അയൽ‍വാസി ജസ്റ്റിൻ പറയുന്നത്.

25 പവനോളം സ്വർണം മോഷണം പോയെങ്കിലും പൊലീസ് കണ്ടെടുത്തത് വെറും 25 ഗ്രാം മാത്രം സ്വർണമാണ്. ആലീസിന്റെ ആഭരണങ്ങളാണ് മാലയും വളയുമെന്ന് വാദത്തിനിടെ പറഞ്ഞ ഭർത്താവ്, പ്രതിഭാഗത്തിന്റെ വിചാരണയ്ക്കിടെ ഇത് താൻ നല്‍കിയതല്ലെന്നും, താൻ വാങ്ങിയവ മാറ്റിവാങ്ങിയ ആഭരണങ്ങളാണ് ആലീസ് ധരിച്ചിരുന്നതെന്നും പറഞ്ഞു.

സ്വർണക്കടയിൽനിന്ന് ആഭരണങ്ങൾ കണ്ടെടുത്ത് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് താൻ അവ കണ്ടതെന്ന് ഭർത്താവ് മൊഴി മാറ്റിയിരുന്നു.

ഈ പശ്ചാത്തലത്തിൽ ആഭരണങ്ങൾ ആലീസിന്റേതു തന്നെയാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം പരസ്പരവിരുദ്ധവും സംശയത്തിന് ഇട നൽകുന്നതുമാണ്. അതോെടാപ്പം, തെളിവുകൾ പൊലീസ് സംഘടിപ്പിച്ചതാണ് എന്ന വാദത്തിനും വിശ്വാസ്യതയേറ്റുന്നതാണ്.

മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു എന്നു പറയുന്ന കണ്ണനെല്ലൂരിലെ എസ്.എം.ജ്വല്ലറി ഉടമയുടെ മൊഴിയിലും കോടതി സംശയം പ്രകടിപ്പിച്ചു. ആലീസിന്റെയും ഭർ‍ത്താവിന്റെയും ഫോണിൽ നിന്ന് ഊരിയെടുത്ത സിം കാർഡുകള്‍ ഇട്ട ജീൻസ് ഭരണിക്കാവിലെ ഒരു ബാർബർഷോപ്പിൽനിന്ന് കണ്ടെടുത്തുവെന്ന പൊലീസിന്റെ വാദവും സംശയാസ്പദമാണെന്ന് കോടതി വിലയിരുത്തി.

പ്രതിയുടെ കയ്യിലുണ്ടായിരുന്ന മോഷ്ടിച്ച ഫോണിലെ സിം കാർഡിലേക്ക് കോൾ വന്നു എന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി. ഈ സമയത്ത് ഫോൺ പൊലീസിന്റെ കൈയിലായിരുന്നു. ഇതിനായി സാങ്കേതിക വിദഗ്ധരുടെ മൊഴിയും കോടതി കണക്കിലെടുത്തു.

പ്രതിയെ ഈ കേസുമായി ബന്ധിപ്പിക്കുന്നതിൽ ഈ തെളിവുകൾ നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി. കേസന്വേഷിച്ച ഉദ്യോഗസ്ഥൻ വളരെ അശ്രദ്ധയോടെയാണ് ഇക്കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തതെന്ന് വിചാരണക്കോടതി ജഡ്ജി തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കേസിലെ 22, 23 സാക്ഷികളുടെ മൊഴികൾ പ്രോസിക്യൂഷൻ വാദങ്ങൾ ശരിവയ്ക്കുന്നു എന്നുമാണ് പറഞ്ഞത്.

എന്നാല്‍, ഈ രണ്ടു സാക്ഷികളുടെയും മൊഴികൾ പ്രതിയെ ഈ കേസുമായി ബന്ധിപ്പിക്കുന്നതല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി പ്രധാനമായി ആശ്രയിച്ച 18–ാം സാക്ഷിയായ സ്ത്രീയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാന്‍ ചെന്നപ്പോൾ പ്രതിയെ കണ്ടിരുന്നു എന്നും പ്രതി ജയിലിൽനിന്ന് ഇറങ്ങിയ ശേഷം തന്നെ വീട്ടിൽവന്ന് കണ്ടിരുന്നു എന്നുമാണ് മൊഴി.

ഭർത്താവിന്റെ ബന്ധുവാണ് എന്നു പറഞ്ഞതിനാൽ അന്നു രാത്രി അവിടെ കഴിയാൻ അനുവദിച്ചെന്നും ഭക്ഷണം നൽകിയെന്നും സ്ത്രീ പറയുന്നു. എന്നാൽ അങ്ങനെയൊരു ബന്ധു ഇല്ലെന്ന് ഭർത്താവ് പറഞ്ഞതോടെ താൻ അയാളെ വീട്ടിൽനിന്ന് പറഞ്ഞുവിട്ടുവെന്നും അവർ മൊഴി നൽകിയിരുന്നു.

പ്രതി ദുര്‍നടപ്പുകാരനും ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന ആളുമാണ് എന്ന ഈ സ്ത്രീയുടെ മൊഴിയാണ് പ്രതിക്ക് വധശിക്ഷ നൽകുന്നതിന് വിചാരണക്കോടതി പ്രധാനമായി ആശ്രയിച്ചത്. ∙

ഈ കൊലപാതകത്തിൽ പ്രതിയുടെ പങ്ക് വെളിവാക്കുന്ന നിയമപരമായി നിലനിൽക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തൊണ്ടിമുതലുകളും സാക്ഷികളും പൊലീസ് കൃത്രിമമായി സംഘടിപ്പിച്ചതാണെന്നും പ്രതിയുടെ കുറ്റസമ്മത െമാഴി കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിക്കളയാൻ സാധിക്കില്ല.

പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതിയുടെ പങ്കാളിത്തം തെളിയിക്കാൻ മതിയാകുന്നതല്ല. മാത്രമല്ല, വളരെ മോശപ്പെട്ട അന്വേഷണത്തിലൂടെ പ്രതിയെ തെറ്റായി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇതെല്ലാം തങ്ങളെ എത്തിക്കുന്നത് എന്നും കോടതി വ്യക്തമാക്കി.

പ്രതിയെ വധശിക്ഷയ്ക്കു വിധിക്കാൻ പോയിട്ട് ചുമത്തപ്പെട്ട ഏതെങ്കിലും കുറ്റം നിലനിൽക്കുന്ന തെളിവുകൾ പോലും വിചാരണക്കോടതിയിലെ ജഡ്ജിക്കു മുൻപിൽ ഉണ്ടാിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വധശിക്ഷ വിധിക്കുന്നതിന് ‘അപൂർവങ്ങളിൽ അപൂർവമായ’ കേസ് എന്നു പറയാൻ എന്താണുള്ളത് എന്നുപോലും വിചാരണക്കോടതിയിൽ നിന്ന് ചോദ്യമുണ്ടായില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ചുമത്തപ്പെട്ട ഒരു കേസും നിലനിൽക്കില്ല എന്നും ഗിരീഷിനെ സ്വതന്ത്രനാക്കാനും കോടതി ഉത്തരവിട്ടു. ∙

10 വര്‍ഷത്തിലേറെയായി ഗിരീഷ് ഈ കേസിൽ ജയിൽവാസം അനുഭവിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018ൽ വധശിക്ഷയ്ക്ക് വിധിച്ചതുമുതൽ അതിന്റെ ആശങ്കയിലുമാണ് കഴിയുന്നത്. ഈ കേസില്‍ ഗിരീഷിനെ പ്രതി ചേർക്കാൻ പോലുമുള്ള തെളിവുകള്‍ ഇല്ലെന്നിരിക്കെ, കുറ്റവിമുക്തനാക്കുന്നതുകൊണ്ടു മാത്രം നീതി ലഭിക്കുമെന്ന് തങ്ങളുടെ മനഃസാക്ഷിക്ക് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.

ഇത്രകാലം ജയിലിൽ കിടന്ന്, അതും കൂടുതൽ കാലം വധശിക്ഷയുടെ നിഴലിൽ, ഒടുവിൽ നിഷ്കളങ്കനെന്ന് കണ്ടെത്തി  ഇത്തരത്തിലുള്ള തെറ്റായ അന്വേഷണങ്ങളും കെട്ടിച്ചമച്ച തെളിവുകളും ഒരാളെ വധശിക്ഷയിലേക്കു വരെ എത്തിക്കുമ്പോൾ, പൊതുസമൂഹത്തിന് ഈ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും.മാത്രമല്ല, ഈ റിപ്പബ്ലിക് നിലനിൽക്കുന്ന നിയമവ്യവസ്ഥയുടെ കടയ്ക്കൽ തന്നെ പ്രഹരമേൽക്കുകയും ചെയ്യും.

അതുകൊണ്ട് ഗിരീഷിനെ വിട്ടയയ്ക്കുന്നു എന്നു മാത്രമല്ല, നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. നമ്പി നാരായണൻ കേസ് ഉൾ‍പ്പെടെ ഉദ്ധരിച്ചു കൊണ്ട് പ്രതിക്ക് 5 ലക്ഷം രൂപ മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും വൈകുന്നതിന് അനുസരിച്ച് വർഷം 9 ശതമാനം പലിശ കൂടി നല്‍കണമെന്നും കോടതി വിധിച്ചു.

#10 #years #prison #death #sentence #for #raping #killing #57 #year #old #woman #The #High #Court #acquitted #the #accused #appeal

Next TV

Related Stories
#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

Nov 27, 2024 12:37 PM

#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ...

Read More >>
#highcour |മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jun 21, 2024 07:11 AM

#highcour |മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം ചോദ്യം ചെയ്യാനാണ് നിയമപരമായ അനുമതി. സൂര്യാസ്തമയത്തിനപ്പുറം സ്ത്രീയെ എങ്ങനെ...

Read More >>
#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

Jun 20, 2024 11:40 AM

#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

സംസ്ഥാനത്തെ പരമോന്നത കോടതിയോടുള്ള അനാദരവ് വേദനയുളവാക്കുന്നതാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ...

Read More >>
#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

Jun 18, 2024 02:41 PM

#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ കേസിലെ സുപ്രിംകോടതി...

Read More >>
#pollution | പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും; പരിശോധനയില്‍ ഗുരുതര കണ്ടെത്തല്‍

Jun 18, 2024 11:54 AM

#pollution | പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും; പരിശോധനയില്‍ ഗുരുതര കണ്ടെത്തല്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന...

Read More >>
Top Stories