ഗാന്ധിനഗർ: ( truevisionnews.com ) രണ്ടുദിവസം മുമ്പ് ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ചു. ആർപ്പുക്കര ഈസ്റ്റ് കുടകപ്പറമ്പിൽ വിജിത (35) യെയാണ് ഇയാൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആർപ്പൂക്കര സ്വദേശി അനൂപാണ് (38) ആക്രമം നടത്തിയത്. രാവിലെ 11.30ന് ആർപ്പുക്കര ക്ഷേത്രത്തിനു സമീപം വാരിമുട്ടം ഭാഗത്ത് നടുറോഡിൽ വെച്ചായിരുന്നു ആക്രമണം.
വിജിതക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ട്. വാരി മുട്ടം ഭാഗത്തുള്ള വീടുകളിൽ വീട്ടുവേല ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നത്. രാവിലെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം.
പ്രധാന വഴിയിൽ ഓട്ടോറിക്ഷയിൽ പതിയിരുന്ന അനൂപ്, വിജിത വരുന്നതു കണ്ട് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടു കൊണ്ട് വിജിതയുടെ തലമുടിയും ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു ഭാഗവും മുറിഞ്ഞ് വഴിയിൽ വീണു.
ഇവർ അലറിക്കരഞ്ഞുകൊണ്ട് ജോലി ചെയ്യുന്ന വീട്ടിലേക്ക് ഓടിക്കയറി. ഓടിയ വഴിയിലെല്ലാം രക്തം തളം കെട്ടിക്കിടന്നു. വീട്ടുകാർ വിജിതയെ ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചു.
കൂലിപ്പണിക്കാരനും ഓട്ടോ ഡ്രൈവറുമായ അനൂപ് ഓടിരക്ഷപ്പെട്ടു. അക്രമിക്കാനുള്ള കാരണം വ്യക്തമല്ല. അനൂപിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
#youngman #who #released #prison #assaulted #housewife
