കാട്ടാകട : (truevisionnews.com) മഞ്ഞമലരുകളും സ്വര്‍ണ്ണവെയിലും കഥപറയുന്ന പാടങ്ങളുടെ കാഴ്ച കാണാന്‍ കാട്ടാക്കടയിലേക്ക് ഇപ്പോൾ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഓണം ഇവിടെ പൂവിളികളുമായി നേരത്തേ എത്തിയിരിക്കുകയാണ് കാട്ടാക്കടയിൽ ഏക്കർ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മനോഹരദൃശ്യങ്ങള്‍ ആരുടേയും മനംകവരുന്ന കാഴ്ചയാണ് . തരിശുഭൂമിയായി കിടന്ന സ്ഥലമാണ് കർഷകർ പൂക്കൃഷിക്കായി ഒരുക്കിയെടുത്തിരിക്കുന്നത്.

ഉപയോഗിക്കാത്ത തരിശുനിലങ്ങൾ കണ്ടെത്തി പഞ്ചായത്ത് പൂക്കൃഷി തുടങ്ങുകയായിരുന്നു. ഇത് കൂട്ടായ്‌മയുടെ വിജയമാണ്. ഇതുവഴി 250 തൊഴിലാളികൾക്ക് ഒരുമാസം തൊഴിൽ നൽകാൻ പഞ്ചായത്തിനു കഴിഞ്ഞു. പൂവിടുന്ന കാലം കഴിയുമ്പോൾ ഈ പാടങ്ങള്‍ പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നതാണ് അവരുടെ രീതി. മലയാളികളുടെ ആഘോഷമായ ഓണത്തിന്റെ ഒര ഭാഗമായി ഒരുക്കുന്ന പൂക്കളത്തിന്‍റെ അവിഭാജ്യ ഘടകമാണ് ചെണ്ടുമല്ലിപ്പൂക്കള്‍.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് കേരളത്തിലേക്കു സാധാരണയായി പൂക്കൾ കൊണ്ടുവരുന്നത്. ടൺ കണക്കിനു പൂക്കളാണ് ഇങ്ങനെ ഇവിടെയെത്തുന്നത്. എന്നാൽ ഇക്കുറി വീടുകളില്‍ പൂക്കളം ഒരുക്കാന്‍ സ്വന്തം നാട്ടില്‍ നിന്നുള്ള പൂക്കള്‍ തന്നെ ഉപയോഗിക്കാം. വിരിഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലിപ്പൂക്കള്‍, തിരുവനന്തപുരത്തു നിന്നു മാത്രമല്ല, വിനോദസഞ്ചാരികളെയെല്ലാം ആകർഷിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്റർ അകലെയാണ് കാട്ടാക്കട. മലയോര ഉൽപന്നങ്ങളുടെ ജില്ലയിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇവിടം.
#Chendumalli #fields #ready #welcome #Ponnonam
