കൈലാസ പര്‍വതം ഇനി തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും കാണാനാവും. സെപ്റ്റംബറിൽ കൈലാസ് മാനസരോവര്‍ തീര്‍ഥാടകര്‍ക്ക് അതിര്‍ത്തി കടക്കുന്നതിനു മുൻപു തന്നെ കൈലാസം കാണാനാവും. ടിബറ്റന്‍ പീഠഭൂമിയുടെ പടിഞ്ഞാറ് ചൈന, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ വടക്കായാണ് കൈലാഷ് പര്‍വതം സ്ഥിതി ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ പിതോറഗ്രഹ് ജില്ലയിലുള്ള നബിദാങിലെ കെഎംവിഎന്‍ ഹട്‌സില്‍ നിന്നും ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ലിപുലേക് പാസിലേക്കുള്ള റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സെപ്റ്റംബറോടെ ഈ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിക്കുന്നത്.
ഈ പാതയിലാണ് ഇന്ത്യയില്‍ നിന്നും കൈലാസ പര്‍വതം കാണാവുന്ന വ്യൂ പോയിന്റുള്ളത്. നിലവില്‍ കൈലാസ് മാനസരോവര്‍ യാത്രക്ക് സിക്കിമിലൂടെയും കാഠ്മണ്ഡുവിലൂടെയും രണ്ട് വഴികളാണുള്ളത്. ഡല്‍ഹിയില്‍ നിന്നും 1,115 കിലോമീറ്റര്‍ ദൂരെയാണ് ബാഗ്‌ദോര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ബാഗ്‌ദോരയിലെത്തുന്ന സഞ്ചാരികള്‍ പിന്നീട് 1,665 കിലോമീറ്റര്‍ റോഡു മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്.
ഇതില്‍ വെറും 175 കിലോമീറ്റര്‍ മാത്രമാണ് ഇന്ത്യയിലൂടെയുള്ളത്. ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ വാസസ്ഥലമാണ് കൈലാസ പര്‍വതം. ബുദ്ധ മതത്തിലും ജൈന മതത്തിലും ബോണ്‍ മതത്തിലുമെല്ലാം കൈലാസ പര്‍വതത്തെ പവിത്രമായ ഇടമായി കരുതുന്നു. കൈലാസ പര്‍വതത്തിനു ചുറ്റുമുള്ള പാതക്ക് 52 കിലോമീറ്റര്‍ നീളമുണ്ട്. കാല്‍നടയായി മൂന്നു ദിവസമെടുത്താണ് ഈ പ്രദക്ഷിണ യാത്ര സാധാരണ പൂര്‍ത്തിയാക്കാനാവുക.
അതേസമയം ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒരു ദിവസംകൊണ്ടു കൈലാസം ചുറ്റിവരാറുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള കാലത്താണ് കൈലാസ തീര്‍ഥാടനം നടക്കുന്നത്. ഇതില്‍ തന്നെ ഏപ്രില്‍-ജൂണ്‍, സെപ്റ്റംബർ-ഒക്ടോബര്‍ മാസങ്ങളാണ് ഏറ്റവും നല്ല കാലാവസ്ഥയുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കൈലാസ യാത്രക്കുവേണ്ടി സാധുതയുള്ള പാസ്‌പോര്‍ട്ടും നിര്‍ദിഷ്ട ചൈനീസ് വിസയും ആവശ്യമാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന വാര്‍ഷിക കൈലാസ തീര്‍ഥാടനം വഴിയോ സ്വകാര്യ ട്രാവല്‍ കമ്പനികള്‍ വഴിയോ കൈലാസ യാത്ര സാധ്യമാണ്.
#Pilgrims #now #see #MountKailash #India
