കണ്ണൂര്‍: ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പ്രസൂണ്‍ ജിത് സിക്‌ദറുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പ്രസൂണ്‍ ജിത് സിക്‌ദറിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചു. കനത്ത സുരക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിച്ച പ്രതിയെ ആദ്യം കൊണ്ടു പോയത് തീവയ്പ്പ് നടത്തിയ ബോഗിയിലേക്കായിരുന്നു.
ബോഗിക്കുള്ളില്‍ കടന്ന് തീ വെച്ചത് എങ്ങനെയെന്ന കാര്യം പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ഇതിനു ശേഷം ട്രാക്കിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. കൃത്യം നടത്തിയതിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വഴിയും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. പ്രത്യേക അന്വേഷണ സംഘത്തലവനായ കണ്ണൂര്‍ എസിപി രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായ ശേഷമാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കേസിലെ സാക്ഷിയായ ബിപിസിഎല്‍ സുരക്ഷാ ജീവനക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്നതിന് തൊട്ട് മുമ്പ് പ്രതി റയില്‍വേ ട്രാക്കിലൂടെ നടന്നു നീങ്ങുന്നത് കണ്ടിരുന്നതായാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.
ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താന്‍ കഴിയാത്തത് മൂലമുണ്ടായ മാനസിക പ്രയാസമാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതി പറയുന്നത്. അപ്പോഴും മറ്റ് ദുരൂഹതകളൊന്നും സംഭവത്തിന് പിന്നിലില്ലെന്ന് അന്വേഷണ സംഘത്തിന് ഉറപ്പിക്കേണ്ടതുണ്ട്. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം അന്വേഷണം അവസാനിപ്പിച്ചാല്‍ മതിയെന്ന നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്.
The investigation team took evidence with Prasoon Jit Sikder, the accused in the train arson case.
