ആശയവിനിമയത്തിന് മനുഷ്യൻ സ്വായത്തമാക്കിയ അത്ഭുത സിദ്ധിയാണ് ഭാഷ. മനുഷ്യകുലത്തിന്റെ സകല വികാസത്തിനും നിദാനമായത് ഭാഷയാണ്. വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത സംസ്കാരത്തിന്റെ, വൈജാത്യത്തിന്റെ ,തിരിച്ചറിയലിന്റെ വേദിയാണ് ഭാഷ.

ഭാഷയെ വൈയക്‌തികമായ ആശയവിനിമയോപാദിയായി വിവരിക്കുമ്പോൾ തന്നെ സൂക്ഷ്മ രീതിയിൽ അത് സാമൂഹിക വികസനത്തിന്റെ നിർണായക ഘടകങ്ങളിൽ ഒന്നാണ്. ഭാഷ മനുഷ്യരെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തരാക്കി തീർക്കുന്ന സവിശേഷ പ്രതിഭാസമാണ്.
മനസ്സ്, ചിന്ത,ഭാവന ,പങ്കുവെക്കൽ ,സംസ്കാരം ,ലോക ബോധം ,ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂർണമായിത്തന്നെ ഭാഷയുടെ ആവിഷ്കാര മണ്ഡലത്തിന്റെ കീഴിലാണ്. സാർത്ഥകമായി മനുഷ്യരെ തമ്മിൽ പ്രാഥമികമായി വേർതിരിക്കുന്ന ഒന്നാമത്തെ ആന്തരിക സവിശേഷതയാണ് ഭാഷ.
മനുഷ്യൻ സംസാരിക്കുന്ന ജീവിയാണ്. മാതൃഭാഷയുടെ സവിശേഷതയായ ദ്വിത്യ ഘടന (duality )സർഗാത്മകത , പുതിയ ആശയങ്ങൾ , സാങ്കൽപികത (Arbitraness )പാരസ്പരികത (Inter changability )എന്നിവ നിലനിർത്തുന്നതിനാണ് അന്താരാഷ്ട്ര മാതൃഭാഷ ദിനം യുനോസ്കോയുടെ നേതൃത്വത്തിൽ ഫെബ്രുവരി 21 ആം തീയതി ആചരിക്കുന്നത്.
ചരിത്രം :- ലോകത്ത് 40% ജനങ്ങൾക്ക് സ്വന്തമായി മനസ്സിലാക്കുവാൻ കഴിയുന്ന വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യമില്ല. വ്യത്യസ്ത ഭാഷകളെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ മാതൃഭാഷ ആദ്യഭാഷയായി പഠിപ്പിക്കണമെന്ന ആശയമാണ് മാതൃഭാഷാ ദിനത്തിൽ പ്രചരിപ്പിക്കുന്നത്.
1999ൽ യുനെസ്കോവിന്റെ നേതൃത്വത്തിൽ ലോക ഭാഷാ ദിനമായി പ്രഖ്യാപനം നടത്തുകയും ,2002ൽ UN ജനറൽ അസംബ്ലി അത് അംഗീകരിക്കുകയും ചെയ്തതോട് കൂടിയാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
2007ൽ ഐക്യരാഷ്ട്രസഭ ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ സംരക്ഷിക്കണം എന്ന് ആഹ്വാനം നൽകുകയും ലോകം 2008 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഭാഷാവർഷമായി ആചരിച്ചുവെങ്കിലും മാതൃഭാഷകൾ പലതും മരണ വക്കിൽ ആണ്. 2023ലെ ലോക ഭാഷാ ദിനത്തിന്റെ സന്ദേശം "വ്യത്യസ്ത ഭാഷാ പഠനം വിദ്യാഭ്യാസത്തിന്റെ പരിഷ്കരണത്തിന് അത്യാവിശ്യം "എന്നതാണ്.
വിദ്യാഭ്യാസം മാറ്റത്തിന് വിധേയമാകുന്ന ഘട്ടത്തിൽ വ്യത്യസ്ത ഭാഷാ പഠനം മാതൃഭാഷക്ക് ഗുണകരമാകും എന്നതിലാണ് ഈ വർഷം ഇങ്ങനെ ഒരു തീം തെരഞ്ഞെടുത്തത്. ലോകത്തിന്റെ ഭൗമോപരിതലത്തിൽ നിന്നും മാതൃ ഭാഷകൾ അപ്രത്യക്ഷമാവുകയും നിലനിൽപ്പിന് ഭീഷണി നേരിടുകയും അസ്തിത്വം ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യുന്ന ഘട്ടത്തിലാണ് ലോകം മാതൃഭാഷാ ദിനം ആചരിക്കുന്നത്.
ലോകത്ത് നിലവിലുള്ള 7151 ഭാഷകളിൽ 43% ഭാഷകളും ഭീഷണിയെ നേരിടുന്നു. ഭാഷാ ദിനം ആദ്യമായി ആചരിച്ചത് ബംഗ്ലാദേശിലാണ്. 1952 ഫെബ്രുവരി 21ന് ബംഗ്ലാദേശിൽ ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിരോധ സമരത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷ ദിനം ആചരിച്ചു വന്നത് .
1948 ൽ പാക്കിസ്ഥാൻ ഉർദുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചപ്പോൾ ബംഗ്ലാ ഭാഷ സംസാരിക്കുന്ന പ്രദേശത്തുകാർ ഉയർത്തിയ വലിയ വെല്ലുവിളികളുടെ സ്മരണക്കായാണ് ലോകത്ത് നിലവിൽ മാതൃഭാഷാ ദിനം ആചരിക്കുന്നതിന്റെ ചരിത്രപശ്ചാത്തലം. അന്താരാഷ്ട്ര തലത്തിൽ 2022 മുതൽ 2032 വരെ അന്യം നിന്ന് പോകുന്ന ഭാഷകളെ സംരക്ഷിക്കുന്നതിന് ദശാബ്ദ വർഷം ആചരിച്ച് വരുന്നുണ്ടെകിലും രണ്ടാഴ്ചയിൽ ഒരു ഭാഷ ലോകത്തുനിന്ന് അപ്രത്യക്ഷമാകുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിലുള്ള അവസ്ഥ :- ആയിരം വർഷങ്ങൾക്കു മുമ്പ് ലോകത്ത് ഒമ്പതിനായിരം ഭാഷകൾ ഉണ്ടായിരുന്നു അത് ഇരുപത്തിമൂന്നാം നൂറ്റാണ്ട് ആകുമ്പോഴേക്കും 100 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു .ലോകത്ത് വലിയ രീതിയിൽ പാലായനം നടക്കുന്നതിനാൽ 40% ഭാഷകളും വരും നാളുകളിൽ അപ്രത്യക്ഷമാകും.
വികസനം ലോകത്ത് വ്യത്യസ്ത രീതിയിൽ നടക്കുന്നതോടുകൂടി പല ഭാഷകളും നിലനിൽപ്പിനായിപ്രയാസപ്പെടും. ലോകത്ത് നിലവിലുള്ള ഭാഷകളിൽ ബഹുഭൂരിഭാഗവും സ്വദേശി ഭാഷകളാണ് .ഭാഷകളുടെ നിലനിൽപ്പ് സംസാരിക്കുന്നവരുടെ എണ്ണം ,പ്രമാണികരണം ,നിയമപരമായ അംഗീകാരം ,സ്വാഭാവിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 1971 മുതൽ പതിനായിരത്തിൽ താഴെ ആളുകൾ സംസാരിക്കുന്ന ഭാഷകളെ തദ്ദേശീയ ഭാഷകൾ എന്നറിയപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ളത് Papua New Guinea എന്ന ദ്വീപ് രാഷ്ട്രത്തിലാണ്, 3.9 ദശലക്ഷം ജനങ്ങൾ 828 ഭാഷകൾ സംസാരിക്കുന്നു. ഇൻഡോനേഷ്യയിൽ 700 ഭാഷകളും നൈജീരിയയിൽ 527 ഭാഷകളും ഇന്ത്യയിൽ 456 ഭാഷകളും അമേരിക്കയിൽ 337 ഭാഷകളും ജനങ്ങൾ സംസാരിക്കുന്നുണ്ട്.
നിലവിലുള്ള ബഹുഭൂരിഭാഗം ഭാഷകളും കുറച്ചുപേർ മാത്രം സംസാരിക്കുന്ന ഭാഷകളാണ്. ലോകത്തെ പകുതിയിലധികം ജനങ്ങളും 23 പ്രധാന, ഭാഷകളാണ് നിലവിൽ സംസാരിക്കുന്നത്. ചൈനയിലെ മാണ്ടറിനാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നതെങ്കിലും 38 രാജ്യങ്ങളിൽ മാത്രമാണ് ആ ഭാഷ സംസാരിക്കുന്നത്, 146 രാജ്യങ്ങളിൽ സംസാരിക്കുന്ന ഇംഗ്ലീഷ് ആണ് ലോകത്തെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സംസാരിക്കുന്ന ഭാഷ.
ലോകത്ത് 196 രാജ്യങ്ങളിൽ 90% ഭാഷകളും ഒരു ലക്ഷത്തിന് താഴെ മാത്രമേ ആളുകൾ സംസാരിക്കുന്നുള്ളൂ. 150 മുതൽ 200 ഭാഷകൾ ഒരു ദശലക്ഷം പേർ സംസാരിക്കുന്നു. 46 ഭാഷകൾ ഒരാൾ മാത്രമേ സംസാരിക്കുന്നുള്ളൂ .ഏഷ്യയിൽ 2294 ഭാഷകളും ,ആഫ്രിക്കയിൽ 2144ഭാഷകളും സംസാരിക്കുന്നു, വടക്കനമേരിക്കയിൽ മാത്രം 165 സ്വദേശി ഭാഷകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് അതിൽ എട്ടെണ്ണം പതിനായിരം പേർ മാത്രം സംസാരിക്കുന്ന ഭാഷകളാണ്.
യൂറോപ്യന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയ കഴിഞ്ഞ 500 കൊല്ലത്തിനിടയിൽ വിവിധ രാജ്യങ്ങളിൽ സ്വദേശികളായ ഭാഷകൾക്ക് അസ്ഥിത്വ പ്രശ്നം നേരിട്ടു ,ഓസ്ട്രേലിയയിൽ 100 ആദിമമായ ഭാഷകൾ യൂറോപ്യന്മാർ വരുന്നതിനു മുമ്പുണ്ടായിരുന്നെങ്കിലും യൂറോപ്യന്മാരുടെ ആഗമനത്തിനുശേഷം ആ ഭാഷകൾ മുഴുവനും അപ്രത്യക്ഷമായി .ബിസി രണ്ടാം നൂറ്റാണ്ടിൽ ഏഴു ഭാഷകളാണ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായതെങ്കിൽ പിന്നീട് തീപിടിച്ചത് പോലെയാണ് ഭാഷകൾ ലോകത്ത് എന്നും അപ്രത്യക്ഷമാകാൻ തുടങ്ങിയത്.
അടുത്തവർഷങ്ങളിൽ പല ഭാഷകൾക്കും രൂക്ഷമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ മാറ്റം ,പാലായനം ,വിവിധ ജനവിഭാഗങ്ങളിൽ കണ്ടുവരുന്ന കുടിയേറ്റം എന്നിവ പല ഭാഷകൾക്കും താങ്ങാൻ കഴിയാത്ത രീതിയിൽ മുരടിപ്പ് ഉണ്ടാക്കി കൊണ്ടിരിക്കുന്നു . ഇന്ത്യയുടെ അവസ്ഥ:- ഇന്ത്യയിൽ ഓരോ 11 കിലോമീറ്റർ താണ്ടുമ്പോഴും പുതിയ ഒരു ഭാഷ കാണാൻ സാധിക്കുന്നതാണ്.
2018ലെ യൂനോസോ കോവിന്റെ കണക്ക് പ്രകാരം 456 ഭാഷകളിൽ 42 ഇന്ത്യൻ ഭാഷകൾ പതിനായിരത്തിൽ താഴെ പേർ മാത്രമേ സംസാരിക്കുന്നുള്ളൂ, അത് ഉടൻ അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലും ,ഒഡീഷ്യയിലും ഇങ്ങനെ ഭാഷകൾ അപ്രത്യക്ഷമാകുന്നുണ്ട്.
മലയാളം :- 2018 ജൂൺ മുതൽ സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധിതമായി പഠിപ്പിക്കണമെന്ന നിയമം കേരളത്തിൽ ഉണ്ട് .ഇന്റർനെറ്റ്, പുതിയ ആപ്പുകൾ എന്നിവ വന്നതോടെ പുതിയ ഭാഷകൾ പഠിക്കുന്നതിന് കേരളീയർ അഭിനിവേശം കാണിക്കുന്നു, ആഗോളീവൽക്കരണം യാഥാർത്ഥ്യമായതോടുകൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് വിവിധ ഭാഷകൾ പഠിക്കണമെന്ന നിർബന്ധ സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മലയാളം ഉൾപ്പെടെ ലോകത്തിലെ ആയിരക്കണക്കിന് ഭാഷകൾ നിലനിൽപ്പിന് പ്രയാസപ്പെടുകയാണ്. സർഗാത്മക സാഹിത്യത്തിന്റെ ഉയരത്തിലും ,വൈജ്ഞാനിക സാഹിത്യത്തിന്റെ കാര്യത്തിലും ലോക ഭാഷകൾക്കൊപ്പം എത്തി നിൽക്കുന്ന മലയാളം ശാസ്ത്രസാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ പദസഞ്ചയം രൂപപ്പെടുത്തുന്നതിൽ പ്രയാസമനുഭവപ്പെടുന്നു.
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വൈവിധ്യപൂർണ്ണമായിട്ടുള്ള അർത്ഥം ചോരാതെയുള്ള പദസഞ്ചയം മലയാളത്തിൽ ഉണ്ടാകേണ്ടതായിട്ടുണ്ട് . മലയാള ഭാഷക്ക് ശ്രേഷ്ട പദവി നേടിയിട്ടും ,സ്വന്തമായി മലയാളം സർവകലാശാല ഉണ്ടായിട്ടും മലയാളത്തിന് പൂർണമായ അംഗീകാരം പല ഔദ്യോഗിക സ്ഥലങ്ങളിലും കിട്ടുന്നില്ല.
സാംസ്കാരിക വൈവിധ്യത്തോടെ ബഹുഭാഷത്വം പ്രചരിച്ച് മുന്നേറുന്ന മാറുന്ന ലോക ക്രമത്തിൽ വലിയ പ്രതിസന്ധിയും അസ്ഥിത്വ പ്രശ്നവും മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ നേരിടുന്നുണ്ട് , ഇത് പരിഹരിക്കാൻ കാലാനുസൃതമായിട്ടുള്ള ഇടപെടലുകളും നടപടികളും എടുത്താൽ മാത്രമേ മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ ലോകത്തിന്റെ മാറ്റത്തിനോടൊപ്പം പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ

Article by ടി ഷാഹുൽ ഹമീദ്
*
Lie here and there!; Two girls are victims of drug mafia trap
