മതം നോക്കി കൊലപാതകം നടത്തി വർഗ്ഗീയ അജണ്ട നടപ്പാക്കാൻ വന്ന ഭീകരന്മാർക്ക്, അത് പൂർണ്ണമായും നടപ്പാക്കാൻ കഴിയാതെ പോയി.

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ട ആളുകളുടെ പേരുകൾ നോക്കിയപ്പോൾ, ആദ്യമായി ശ്രദ്ധയിൽപ്പെട്ട പേരാണിത്. 'സയ്ദ് ആദിൽ ഹുസ്സൈൻ ഷാ' എന്നത്.
കാരണം അതൊരു മുസ്‌ലിം പേരാണ്. ലിസ്റ്റിലെ ഒരേയൊരു മുസ്‌ലിമും അയാളാണ്.
എല്ലാ മുസ്ലിം വിഭാഗക്കാരും ഭീകരരാണെന്ന് പറഞ്ഞ് നടക്കുമ്പോൾ മതങ്ങൾക്കപ്പുറം മനുഷ്യത്വത്തെ ബന്ധിപ്പിക്കുന്ന കരുതലാണ് ആദിൽ.
പഹൽഗാം ബൈസൺ വാലി, ആദിൽ എത്രയോ തവണ നടന്നുപോയ ദുർഘടമായ പാതയാണ്. എന്നാൽ അദ്ദേഹം ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല ഈ രീതിയിലാണ് താൻ തിരിച്ച് വരാൻ പോകുന്നതെന്ന്.
ഭീകരന്മാർ മുസ്ലീങ്ങൾ അല്ലാത്തവരെ തെരഞ്ഞു പിടിച്ചു കൊന്നു എന്നായിരുന്നു വാർത്തകളിൽ എല്ലാം ഉണ്ടായിരുന്നത്. എന്നാൽ അവരുടെ വെടിയുണ്ടകൾക്ക് ഒരു മുസ്‌ലിമും ഇരയായിട്ടുണ്ട് എന്നത് പുതിയ അറിവായിരുന്നു.
ആ പേരിനു പിന്നിൽ അന്വേഷിച്ചു പോകാൻ കാരണം അതായിരുന്നു. അയാൾ കശ്‍മീരിയാണ്. ആ പ്രദേശങ്ങളിൽ ജനിച്ചു വളർന്ന യുവാവ്.
ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ അയാൾ, പഹൽഗാമിൽ തന്റെ ചെറിയ കുതിരയുടെ പുറത്തു വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിയ്ക്കുന്ന വരുമാനം കൊണ്ടാണ്, വയസ്സായ അച്ഛനും അമ്മയും, പിന്നെ ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത്.
മറ്റു പല പാവപ്പെട്ട കാശ്മീരികളെയും പോലെ അവരുടെ ഒരേയൊരു വരുമാനം ടൂറിസത്തിൽ നിന്നുണ്ടാകുന്ന ഇത്തരം ചെറിയ ജോലികൾ മാത്രമായിരുന്നു. പതിവ് പോലെ പഹൽഗാമിൽ തന്റെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് ജോലിക്ക് എത്തിയതായിരുന്നു ആദിൽ.
ടൂറിസ്റ്റുകളെയും കൊണ്ട് കുതിരസവാരി നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ആ പൈൻ ഫോറെസ്റ്റിൽ നിന്ന് ഭീകരവാദികൾ പാഞ്ഞടുക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി അത് സംഭവിച്ചു.
ഭീകരർ ആദ്യം തന്റെ പേര് ചോദിക്കുന്നു, പേര് താൻ ഹുസ്സൈൻ ഷാ എന്ന പറയുമ്പോൾ ഭീകരരുടെ കൈയ്യിലുള്ള തോക്ക് താഴുന്നു. എന്നാൽ തന്റെ കുതിരപ്പുറത്ത് സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ പേര് ചോദിക്കുന്നു.
അവർ മുസ്ളീം അല്ല എന്ന് തിരിച്ചറിഞ്ഞു അവരെ മാറ്റി നിർത്തി വെടി വയ്ക്കാൻ പോകുകയായിരുന്നു. അപകടം മണത്ത ആദിൽ തോക്ക് തട്ടി മാറ്റുകയാണ്. ഒട്ടും പ്രതീക്ഷിയ്ക്കാത്ത ആ നീക്കത്തിൽ ഭീകരൻ പതറി. സഞ്ചാരികളുടെ നേരെ തോക്ക് ചൂണ്ടിയതോടെ ഏറെ ദുർഘടമായ പഹൽഗാം ബൈസൺ വാലി കാട്ടുപാത നടന്ന് കയറി ഉറച്ച ആദിൽ ഭീകരരെ നിഷ്പ്രയാസം കീഴ്പ്പെടുത്തുമെന്ന് തോന്നിയെങ്കിലും ആ നിമിഷത്തിലാണ് മറ്റൊരു തോക്കിൻ കുഴലിലൂടെ വെടിയുണ്ട ദേഹം തുളച്ച് കയറുന്നത്.
വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നിട്ടും, ആ ഭീകരന്മാരോട് പൊരുതാൻ ആകെ ധൈര്യം കാണിച്ചത് സെയ്ത് ആദിൽ ഹുസ്സൈൻ ഷാ മാത്രമായിരുന്നു. ഒരുപാട് ഭീകര ആക്രമണവും, വെല്ലുവിളികളും കണ്ടു വളർന്ന കാശ്മീർ യുവത്വത്തിന്റെ രക്തത്തിലലിഞ്ഞു ചേർന്ന ധീരതയും, നിർഭയത്വവും, സഹജീവികളോടുള്ള സ്നേഹവും ആകും അതിന് കാരണം.
അതിന്റെ ഫലമായി അവനു അവന്റെ ജീവൻ നഷ്ടപ്പെട്ടു. ആ പാവപ്പെട്ട കുടുംബത്തിന് അവരുടെ ഒരേയൊരു ആശ്രയം നഷ്ടമായി.
രാജ്യത്തിൻറെ ഏതോ പ്രദേശങ്ങളിൽ നിന്നും വന്ന അപരിചിതർക്ക് വേണ്ടി മറ്റുള്ളവർക്ക് വേണ്ടി ആ യുവാവ് രക്തസാക്ഷിത്വം വഹിച്ചപ്പോൾ, ഉയർന്നത് ഈ രാജ്യത്തിൻറെ ആത്മാവിൽ അലിഞ്ഞു ചേർന്ന മതേതരത്വത്തിന്റെ പതാകയാണ്.
"എന്റെ സഹോദരനെ ജീവൻ കൊടുത്തും സംരക്ഷിയ്ക്കേണ്ടത് എന്റെ കടമയാണ്. അവൻ ഏതു മതക്കാരനായാലും ' എന്ന ആശയമാണ് സെയ്ത് ആദിൽ ഹുസ്സൈൻ ഷായുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിയ്ക്കുന്നത്.
ആദിലിന്റെ ആരായിരുന്നു താൻ ജീവൻ നൽകി രക്ഷിച്ച സഞ്ചാരികൾ, ആദിൽ അവരെ ഒരുപക്ഷെ ഭായ്, ഭായ് സാബ് എന്നെല്ലാമാകും വിളിച്ചിത്തുണ്ടാകുക. ആദിൽ ഒരിക്കലും അവരുടെ മതം അറിയാൻ ശ്രമിച്ചിട്ടുണ്ടാകില്ല. ഈ ജീവിതം കൊണ്ട് അദ്ദേഹം അടയാളപ്പെടുത്തുന്നത് എല്ലാം ജീവനുകളും വിലപ്പെട്ടതാണ് എന്നാണ്.
#Redsalute #bravery #terrorists #who #lost #temper #ashamed #SyedAdilHussainShah #sacrificed #life #regardless #religion
