ലൈംഗിതയെ കുറിച്ചോ ലൈംഗികപ്രശ്നങ്ങളെ കുറിച്ചോ എല്ലാം തുറന്ന ചര്‍ച്ചകളോ ബോധവത്കരണ പരിപാടികളോ ഇന്നും നമ്മുടെ സമൂഹത്തില്‍ നടക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലൈംഗികത എന്ന വിഷയം കുറെക്കൂടി ആരോഗ്യപരമായി കൈകാര്യം ചെയ്യപ്പെടണമെന്ന ആവശ്യം ഇന്ന് ശക്തമാണ്. ഇത് ആശ്വാസം പകരുന്ന മാറ്റം തന്നെയാണ്.
കാരണം ലൈംഗികതയെന്നത് ഒരേസയം വ്യക്തികളെ ശാരീരികമായും മാനസികമായും സാമൂഹികമായുമെല്ലാം സ്വാധീനിക്കുന്ന, ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ്. മോശം ലൈംഗികജീവിതം വ്യക്തികളെ പലരീതിയിലാണ് ബാധിക്കുക.
അതിനാല്‍ തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനും, ഇവയെ പരിഹരിക്കാനുമെല്ലാം അനുകൂലമായ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്.
ലൈംഗികരോഗങ്ങളെ കുറിച്ചാണ് കാര്യമായ ചര്‍ച്ച അധികവും വരാതിരിക്കുന്നത്. ലൈംഗികരോഗങ്ങള്‍ ബാധിച്ചവരെ മാറ്റിനിര്‍ത്തുക, അവര്‍ തെറ്റുകള്‍ ചെയ്തതായി കണക്കാക്കുക എന്ന സമീപനം ഇപ്പോഴും സജീവമായിട്ടുള്ളതിനാലാണിത്.
ലൈംഗികരോഗങ്ങള്‍
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയാണ് ലൈംഗികരോഗങ്ങള്‍ എന്ന് വിളിക്കുന്നത്. അത് സംഭോഗത്തിലൂടെയോ ഉമ്മ വയ്ക്കുന്നതിലൂടെയോ എല്ലാമാകാം പകരുക. ഇതിന് പുറമെയും ലൈംഗികരോഗങ്ങള്‍ പകരാനുള്ള സാഹചര്യങ്ങളുണ്ട്.
ഇതിനുദാഹരണമാണ് രക്തത്തിലൂടെയോ സൂചിയിലൂടെയോ എച്ച്ഐവി പകരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മുപ്പതിലധികം വ്യത്യസ്തമായ ബാക്ടീരിയകള്‍, വൈറസുകള്‍, പാരസൈറ്റുകള്‍ എന്നീ അണുക്കളിലൂടെയെല്ലാം ലൈംഗികരോഗങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു.
ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലൈംഗികരോഗങ്ങള്‍ പ്രധാനമായും എട്ട് തരമാണ്. ഇതില്‍ നാല് രോഗങ്ങള്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുന്നതാണ്.
സിഫിലിസ്, ഗൊണേറിയ, ക്ലമീഡിയ, ട്രൈകോമോണിയാസിസ് എന്നിവയാണ് ഭേദപ്പെടുത്താവുന്ന നാല് ലൈംഗികരോഗങ്ങള്‍.ഹെപ്പറ്റൈറ്റിസ്-ബി, ഹെര്‍പ്സ് സിംപ്ലക്സ് വൈറസ് (എച്ച്എസ്‍വി), എച്ച്ഐവി, എച്ച്പിവി എന്നിവയാണ ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കാത്ത നാല് ലൈംഗികരോഗങ്ങള്‍.
ലക്ഷണങ്ങള്‍
ലൈംഗികരോഗങ്ങളുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. സ്ത്രീകളിലാണെങ്കില്‍യോനിയില്‍ നിന്ന് അസാധാരണമായ ഡിസ്ചാര്‍ജ്, പുരുഷന്മാരാണെങ്കില്‍ ലിംഗത്തില്‍ നിന്നോ മലദ്വാരത്തില്‍ നിന്നോ ഉള്ള ഡിസ്ചാര്‍ജ്, മൂത്രമൊഴിക്കുമ്പോള്‍ വേദന (സ്ത്രീകളിലും പുരുഷന്മാരിലും), ജനനേന്ദ്രിയത്തിന് സമീപത്തോ മലദ്വാരത്തിന് സമീപത്തോ ആയി ചെറിയ മുഴകള്‍- വീക്ക, ചര്‍മ്മത്തില്‍ പാടുകളോ നിറവ്യത്യാസമോ എല്ലാമാണ് ലൈംഗികരോഗങ്ങളുടെ സാധാരണ ലക്ഷണങ്ങള്‍.
ഇതില്‍ ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗങ്ങളിലും മറ്റും വരുന്ന ചെറിയ മുഴകളോ വേദനയോട് കൂടിയ വീക്കമോ വളര്‍ച്ചയോ ആണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇത് ലൈംഗികരോഗങ്ങളുടെ പ്രധാന ലക്ഷണം തന്നെയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്നത്.
ഇതില്‍ ചൊറിച്ചിലും ചിലപ്പോള്‍ രക്തം വരികയും ചെയ്യാം. മൂത്രത്തിന്‍റെ നിറത്തിലും ഒഴുക്കിലുമുള്ള വ്യത്യാസങ്ങളും ഏറെ ശ്രദ്ധിക്കണം. അതേസമയം ജനനേന്ദ്രിയ ഭാഗത്ത് കാണുന്ന എല്ലാ ഇൻഫെക്ഷനും ലൈംഗികരോഗങ്ങളുടെ സൂചനയാണെന്ന് കരുതുകയോ സ്വയം സ്ഥിരീകരിക്കുകയോ ചെയ്യരുത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലൈംഗികരോഗങ്ങള്‍ കാര്യമായും ലൈംഗികബന്ധത്തിലൂടെയാണ് പകരുക എന്നതിനാല്‍ തന്നെ ഇതിലാണ് എപ്പോഴും ശ്രദ്ധ വേണ്ടത്. സുരക്ഷിതമായ ലൈംഗികബന്ധത്തിലേ ഏര്‍പ്പെടാവൂ.
ഒന്നിലധികം ലൈംഗികപങ്കാളികളുള്ളവര്‍ നിര്‍ബന്ധമായും കോണ്ടം ധരിക്കുക, പങ്കാളിയുടെ ആരോഗ്യത്തെ കുറിച്ച് അറിവുള്ളവരായിരിക്കുക. ഇവയ്ക്കൊപ്പം തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
എപ്പോഴും രോഗപ്രതിരോധ ശേഷി ഉറപ്പുവരുത്തുക. ഇൻജെക്ട് ചെയ്യുന്ന ലഹരി ഉപയോഗിക്കാതിരിക്കുക. വീട്ടിലോ ബന്ധപ്പെടുന്ന ആര്‍ക്കെങ്കിലുമോ ലൈംഗികരോഗമുണ്ടെങ്കില്‍ ഇതും ശ്രദ്ധിക്കുക.
Sexually transmitted diseases and some important symptoms
