എറണാകുളം : കൊച്ചിയിൽ ഡിജെ പാർട്ടിയ്ക്കിടെ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. മുഹമ്മദ് ഹസൻ ആണ് മൈസൂരുവിൽ നിന്ന് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മുഹമ്മദ് ഹസൻ രൂപമാറ്റം വരുത്തിയിരുന്നു. പ്രതിയെ പുലർച്ചെയോടെ കൊച്ചിയിൽ എത്തിക്കുമെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശിയും ഇരുപത്തിനാലുകാരനുമായ അഭിഷേക് ജോണും പ്രധാന പ്രതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അഭിഷേകും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പൊലീസിന്‍റെ പിടിയിലായത്.
അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ പറയുന്നത്.
അതേസമയം, ഒന്നര മാസത്തിനിടെ കൊച്ചിയിൽ ആറ് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിംഗ് ഉർജിതമാക്കിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
The first accused in the case of killing a young man in Kochi has been arrested