ശ്രീഹരിക്കോട്ട:(truevisionnews.com) ഭൗമ നിരീക്ഷണ രംഗത്ത് പുത്തന്‍ അധ്യായത്തിന് തുടക്കമിട്ട് അത്യാധുനിക ഉപഗ്രഹമായ നൈസാര്‍ (NISAR) ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് നൈസാര്‍ സാറ്റ്‌ലൈറ്റുമായി ഇസ്രൊയുടെ അഭിമാനമായ ജിഎസ്എല്‍വി-എഫ്16 റോക്കറ്റാണ് കുതിച്ചുയര്‍ന്നത്. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എന്‍ ഐ സാറിന് 13,000 കോടിയിലേറെ രൂപയാണ് ആകെ ചെലവ്. 2,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാര്‍ഷിക മേഖലയിലും നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.
എന്താണ് നൈസാര്‍ ഉപഗ്രഹം?
.gif)

'നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ്' എന്നാണ് എന്‍ ഐ സാര്‍, നൈസാര്‍ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്‍റെ പൂര്‍ണരൂപം. നൈസാര്‍ ഉപഗ്രഹത്തിന്‍റെ ആകെ ചെലവ് 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും. അതായത്, ഇസ്രൊ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ കൃത്രിമ ഉപഗ്രഹമാണ് നൈസാര്‍. ഉപഗ്രഹത്തിന്‍റെ മുതല്‍മുടക്ക് നാസയും ഐഎസ്ആര്‍ഒയും വീതംവച്ചിരിക്കുന്നു. 2,400 കിലോഗ്രാമാണ് ഈ വമ്പന്‍ സാറ്റ്‌ലൈറ്റിന്‍റെ ഭാരം. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം എന്ന പ്രത്യേകതയും നൈസാറിനുണ്ട്. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും എന്‍ ഐ സാറില്‍ നിന്ന് ഭൂമിയെ മൊത്തമായും സ്‌കാന്‍ ചെയ്യും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്‌മമായി പകര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് എന്‍ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ ഇരട്ട റഡാറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നത് സാങ്കേതിക മികവ്.
നൈസാര്‍ ഏറ്റവും അത്യാധുനികമായ ഭൗമ നിരീക്ഷണ ഉപഗ്രഹം
ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം നൈസാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ കൃത്യമായി പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും റഡാറുകള്‍ ഒപ്പിയെടുക്കും. ഇതിന് പുറമെ കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും. ഈ പരിശോധനയില്‍ തെളിയുന്ന കണ്ടെത്തലുകള്‍ പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. നൈസാര്‍ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ഇസ്രൊയും നാസയും ലഭ്യമാക്കും.
ISRO and NASA jointly launch NISAR, a state-of-the-art satellite, marking a new chapter in Earth observation
