Related Stories












Jul 21, 2025 05:23 PM

( www.truevisionnews.com) വി എസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളില്‍ തുടങ്ങി കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീ സമത്വത്തിനുമായി മാറ്റിവെച്ച എട്ട് പതീറ്റാണ്ട്. അവസാന ശ്വാസം വരെ കര്‍മനിരതമായിരുന്നു ആ ജീവിതത്തിലെ ഒരോ നിമിഷവും.

1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ വി.എസ്.അച്യുതാനന്ദന്റെ ജനനം. നാലാം വയസില്‍ അമ്മ അക്കമ്മയെയും പതിനൊന്നാം വയസില്‍ അച്ഛന്‍ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടര്‍ന്ന് മൂത്ത സഹോദരന്റെ തുന്നല്‍ക്കടയില്‍ സഹായിയായും അതിനുശേഷം കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായും അധ്വാനവര്‍ഗത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അനുഭവിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനത്താല്‍ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് വി.എസ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. കേരളത്തിലെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയാടിത്തറ നല്‍കിയതുമായ പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു വി എസ്.

1946 ഒക്ടോബര്‍ 28ന് അര്‍ദ്ധരാത്രി സര്‍ സി.പിയുടെ പൊലീസ് വി.എസ്സിനെ പൂഞ്ഞാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൊടിയ മര്‍ദ്ദനമാണ് ലോക്കപ്പില്‍ വി.എസ്സിന് അനുഭവിക്കേണ്ടിവന്നത്. രണ്ട് കാലുകളും ലോക്കപ്പിന്റെ അഴികള്‍ക്കിടയിലൂടെ പുറത്തെടുത്തു. തോക്കിന്റെ ബയണറ്റ് കാലില്‍ കുത്തിയിറക്കി. ബോധം പോയ വി.എസ്സിനെ മരിച്ചെന്നു കരുതി കാട്ടില്‍ ഉപേക്ഷിക്കാന്‍ പൊലീസ് കൊണ്ടുപോകുമ്പോള്‍ അതിന് സഹായിയായിരുന്ന കള്ളന്‍ കോരപ്പന്‍ ഞരക്കം കേട്ട് പാലായിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേയ്ക്ക് മിഴി തുറക്കും വരെ ഒളിവിലായിരുന്നു വി.എസ്.

സംഘടനാരംഗത്ത് വേഗത്തിലായിരുന്നു വി.എസ്സിന്റെ വളര്‍ച്ച. 1957ല്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ഇ എം എസ് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പാര്‍ട്ടി രൂപീകരിച്ച ഒമ്പതംഗ സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു വി.എസ്.

പാര്‍ട്ടിക്കകത്ത് എ.കെ.ജിയുടെ പിന്‍ഗാമിയായിട്ടാണ് വി.എസ് അറിയപ്പെട്ടത്. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന 32 അംഗങ്ങളില്‍ ഒരാളായിരുന്നു വി.എസ്. അങ്ങിനെ സി പി ഐ എമ്മിന്റെ സ്ഥാപക നേതാവുമായി.1980 മുതല്‍ 92 വരെ 12 വര്‍ഷം സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2007 വരെ നീണ്ട 22 വര്‍ഷക്കാലം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം.

സംഘടനാരഗത്തെ വേഗതയുണ്ടായിരുന്നില്ല വി.എസ്സിന്റെ പാര്‍ലമെന്ററി ജീവിതത്തിന്. 1965ല്‍ സ്വന്തം വീട് ഉള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അതേ മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍.

പാര്‍ട്ടിക്കകത്തെ വിഭാഗീയതയില്‍ ഒരുഭാഗത്ത് എന്നും വി.എസ് ഉണ്ടായിരുന്നു. ആദ്യം നായനാരും പിന്നീട് പിണറായി വിജയനുമായിരുന്നു എതിരാളികള്‍. 96ല്‍ പാര്‍ട്ടിയുടെ ഉറച്ചകോട്ടയായ മാരാരിക്കുളത്ത് തോറ്റെങ്കിലും ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെ പോലെ വി.എസ് പാര്‍ട്ടിയില്‍ കരുത്താര്‍ജിച്ചു. 98ലെ പാലക്കാട് സംസ്ഥാന സമ്മേളനം പ്രത്യക്ഷത്തില്‍ തന്നെ ആ കരുത്തിന് വേദിയായി. എതിരാളികളായ സി ഐ ടി യു വിഭാഗത്തെ വെട്ടിനിരത്താന്‍ അന്ന് വി.എസ്സിന് കരുത്ത് പകര്‍ന്നത് സാക്ഷാല്‍ പിണറായി വിജയനായിരുന്നു. വി.എസ്സാണ് പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. പിന്നീട് ഇവര്‍ തമ്മിലായി പോരാട്ടം. പാര്‍ട്ടി കൈവിട്ടപ്പോഴും ജനകീയാടിത്തറയില്‍ വിഎസ് തന്റെ പോരാട്ടം തുടര്‍ന്നു.

2001 മുതല്‍ 2006 വരെയുള്ള പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് ജനപ്രിയ നേതാവെന്ന നിലയിലേയ്ക്ക് വി.എസ്സിനെ വളര്‍ത്തിയത്. അഴിമതിക്കെതിരെ പോരാടിയും പാരിസ്ഥിതിക പ്രശ്‌നങ്ങളുയര്‍ത്തിയും വി.എസ് ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. പാമോലിൻ, ലാവ്‍ലിൻ, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടിയും എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിവ അടക്കമുള്ള ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും വി.എസ് ജനകീയ പ്രതിരോധത്തിന്റെ മുഖമായി. പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ കമ്യൂണിസ്റ്റ് ഇടപെടലായി മാറിയ വി.എസ് മതികെട്ടാന്‍മല വരെ നടന്നുകയറി. പിന്നീട് പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോഴും വി.എസ്സിന് കരുത്തായത് ഈ ജനകീയ പിന്തുണയാണ്.

എണ്‍പത്തിമൂന്നാം വയസിലാണ് വി.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ശക്തമായ ജനകീയ ഇടപെടലിനെത്തുടര്‍ന്നാണ് വി.എസ്സിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം നിഷേധിച്ച സീറ്റ് പാര്‍ട്ടി അനുവദിച്ചത്. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ളതായിരുന്നു വി.എസ്സിന്റെ അഞ്ച് വര്‍ഷത്തെ ഭരണം. പ്രകൃതി സന്തുലനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് വി.എസ് മൂന്നാറിലടക്കം നടത്തിയ ഇടപെടലുകള്‍ രണ്ട് പ്രളയങ്ങളെ അതിജീവിച്ച നവകേരളം ഇപ്പോള്‍ നന്നായി തിരിച്ചറിയുന്നുണ്ട്.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതടക്കം ഒട്ടേറെ ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും വി.എസ്സിനായി. ഒരുപക്ഷെ പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ചയുണ്ടാകാമായിരുന്ന ആദ്യ സര്‍ക്കാരായി മാറിയേനെ വി.എസ്സിന്റേത്. 2011ല്‍ കേവലം നാല് സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായത്.

എണ്‍പത്തിയെട്ടാം വയസിലാണ് വി.എസ് മൂന്നാമതും കേരളത്തിന്റെ പ്രതിപക്ഷ നേതാവായത്. ഇത്തവണയും പാര്‍ട്ടിയോട് പടവെട്ടിയാണ് മത്സരിക്കാന്‍ അദ്ദേഹം അവസരം നേടിയെടുത്തത്. വര്‍ത്തമാന കേരളത്തില്‍ വി.എസ്സിനോളം ക്രൗഡ് പുള്ളറായ ഒരു രാഷ്ട്രീയ നേതാവില്ല. ഉപതെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുക്കുന്ന വേദികളില്‍ ജനം ആര്‍ത്തിരമ്പി.

ആ വന്ദ്യവയോധികനെ, നവതിയിലും കര്‍മനിരതനായ കമ്യൂണിസ്റ്റ് നേതാവിനെ കാണാനും കേള്‍ക്കാനും കൊച്ചുകുട്ടികളടക്കം തിങ്ങിനിറഞ്ഞു. വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണമാണ് വി.എസ് പങ്കെടുത്ത അവസാന പൊതുപരിപാടി. തീരെ വയ്യാഞ്ഞിട്ടും വി.എസ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിച്ചു. 14,465ന്റെ മിന്നും ഭൂരിപക്ഷമാണ് വി.എസ്സിന്റെ വാക്കുകളെ വിശ്വസിച്ച വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ വി.കെ.പ്രശാന്തെന്ന യുവതലമുറയിലെ നേതാവിന് നല്‍കിയത്.

രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് വി.എസ്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ഇന്നത്തെ കേരളമാക്കാന്‍ നടത്തിയ പോരാട്ടങ്ങളിലെല്ലാം വി.എസ്സിന്റെ കൂടി കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സമരം തന്നെ ജീവിതം എന്നാണ് വെറും 31 പേജുള്ള തന്റെ ആത്മകഥയ്ക്ക് വി.എസ് ഇട്ട തലക്കെട്ട്.

ആ തലക്കെട്ടിനെ അന്വര്‍ത്ഥമാക്കിയ ജീവിതമായിരുന്നു വി.എസ്സിന്റേത്. എട്ട് പതീറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും സംതൃപ്തി നല്‍കിയതെന്താണ് എന്ന ചോദ്യത്തിന് ‘ജീവിതത്തിലുടനീളം ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാനായി’ എന്ന ഉത്തരമാണ് വി.എസ് നല്‍കിയത്. രാജ്യം കണ്ട മഹാനായ നേതാവിന് ജനമനസുകളില്‍ മരണമില്ല. അഭിവാദ്യങ്ങള്‍.

two letters VS, the warrior of the struggle Kerala said goodbye vs achuthanandan

Next TV

Top Stories










//Truevisionall