കേരളം വിളിച്ചു , വി എസ് വന്നു; 2006 മെയ് 18 ന് സംഭവിച്ചത്

കേരളം വിളിച്ചു ,  വി എസ് വന്നു;  2006 മെയ് 18 ന് സംഭവിച്ചത്
Jul 21, 2025 04:22 PM | By Athira V

( www.truevisionnews.com) കാലം കാത്തുവെച്ചൊരു കാവ്യനീതി. നല്ല കാല്പനികത തുളുമ്പുന്ന പ്രയോഗം. ജനകീയാഭിലാഷം സഫലമാവുന്ന ചരിത്രമുഹൂർത്തങ്ങളാവുമ്പോൾ അതിന്റെ മാറ്റ് അളവറ്റതാകും. അത്തരമൊരു അപൂർവ അവസരമാണ് 2006 മെയ് 18 ന് വി എസ് അച്യുതാനന്ദന് കൈവന്നത്.

കല്ലേപ്പിളർക്കുന്ന കരുത്തുള്ള പാർട്ടിയുടെ ആദ്യ പ്രഖ്യാപനം മാറിമറഞ്ഞ് മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണം. വിട പറയാൻ മടിക്കുന്ന ഇളംവെയിലിൽ നിറന്ന സായാഹ്നത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം സാക്ഷ്യംവഹിച്ച സത്യപ്രതിജ്ഞ.

സി പി ഐ - എമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടികയിലെ ആദ്യം പേരില്ലാതിരുന്ന ഒരാൾ ഭരണത്തലവനാവുക. ഒടുവിൽ പൗരസമൂഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയുളള നേതൃമാറ്റത്തിന് വിജയകിരീടം. അത് ജനകീയോത്സവമാവാൻ മറ്റെന്തു വേണം...

" വി എസ് അച്യുതാനന്ദൻ ആയ ഞാൻ... " ഈ വാക്കുകൾ മുഴങ്ങിയതോടെ സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ ആത്മഹർഷത്തിന്റെ നിർവൃതിയിൽ ഇളകിമറിഞ്ഞു.

ചുവന്ന പതാകകൾ ഉയർന്നുപാറി . ഇടിനാദംപോലെ "ലാൽ സലാം, അഭിവാദ്യം ... " - ആവേശത്തേരിൽ ആയിരങ്ങൾ - എന്ന തലക്കെട്ടിൽ പിറ്റേന്ന് ദേശാഭിമാനിയിൽ വന്ന വാർത്തയിലെ ഒന്നാം ഖണ്ഡികയാണ് ഇവിടെ ഉദ്ധരിച്ചത്. ഗവർണർ ആർ എൽ ഭാട്യയ്ക്ക് മുമ്പാകെ വി എസ് സത്യവാചകം ചൊല്ലിയ സന്ദർഭം ഒപ്പിയെടുത്തുള്ള അവതരണം. നാടിനൊപ്പം, നേരിനൊപ്പം എന്നും നിലകൊള്ളുന്ന ദിനപത്രത്തിന്റെ നേർസാക്ഷ്യം.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സാധാരണയായി രാജ്ഭവന്റെ മുറ്റത്താണ് നടത്തുക. അത് പൊതുസ്ഥലത്തേക്ക് മാറ്റുന്നത് ആദ്യമായിരുന്നു. അധികാരമേൽക്കുന്നത് വി എസ് ആകുമ്പോൾ സ്വാഭാവികമായും ആളുകളുടെ പങ്കാളിത്തം പെരുകുമെന്ന് മുൻകൂട്ടിക്കണ്ടുള്ള ക്രമീകരണം.


ജനബാഹുല്യത്തിൽ മാത്രമല്ല, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം നാനാ മേഖലകളിലെ അനേകം പ്രമുഖരുടെ സാന്നിധ്യംകൊണ്ടും അനുപമമായിരുന്നു വേദി. എൺപത്തിരണ്ടാമത്തെ വയസ്സിലാണ് വി എസ് മുഖ്യമന്ത്രിയാവുന്നത്. അതിനും എത്രയോമുമ്പ് ആ പദവിയിൽ അദ്ദേഹം എത്തിപ്പെടേണ്ടതായിരുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ അവസരങ്ങൾ വഴുതിപ്പോയതാണ്. അർഹതയിലുള്ള കുറവുകൊണ്ടല്ല ; മറ്റു പല കാരണങ്ങളാൽ . 1991-ലെയും 1996 ലെയും അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ ചിത്രം വ്യക്തമാവും.

ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് 2001 - 06 കാലത്ത് നിയമസഭയിലും പുറത്തും വി എസ് പ്രവർത്തിച്ചുപോന്നത്. ആരെയും വെല്ലുന്ന ചുറുചുറുക്കോടെ പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് എങ്ങും ഓടിയെത്തി.

സംസ്ഥാനത്തൊട്ടാകെ തലങ്ങും വിലങ്ങും സഞ്ചരിച്ച്, പൊതുപ്രശ്നങ്ങൾ ഏറ്റെടുത്ത് , പ്രക്ഷോഭങ്ങൾ നയിച്ച്, അതിരറ്റ ജനസമ്മതി നേടിയ ഉത്സാഹഭരിത വർഷങ്ങൾ . നിയമസഭയ്ക്കകത്തോ ... സഭ ചേർന്ന ഓരോ ദിവസവും വി എസിന്റെ ഇടപെടൽ സർക്കാരിനെ സമ്മർദത്തിലാഴ്ത്തി. ജനങ്ങളെ അലട്ടുന്ന പ്രയാസങ്ങൾ ഒന്നൊന്നായി ഉന്നയിച്ച് അടിയന്തര പ്രമേയവും ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലുമായി സഭ പോർക്കളമാക്കി മാറ്റി.


അതോടൊപ്പം ഒട്ടേറെ പ്രശ്നങ്ങളിൽ നീതിക്കുവേണ്ടി കോടതികളെയും സമീപിച്ചു. പല വിഷയങ്ങളിലും ന്യായമായ തീർപ്പും പരിഹാരവുമുണ്ടാക്കി.

ഓൺലൈൻ ചൂതാട്ടം തടയൽ, അന്യസംസ്ഥാന ലോട്ടറി മാഫിയക്ക് നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണ നടപടിക്ക് തുടക്കം , ക്വാറികളുടെ ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കൽ, കാസർക്കോട്ട് എൻഡോസൾഫാൻ മൂലം ദൈന്യത്തിലായവർക്ക് സഹായം മുതലായ നടപടികൾ ഇവയിൽ ചിലതാണ്. പ്രതികരണശേഷിയുള്ള കേരളത്തിന്റെ പ്രബുദ്ധമനസ്സും വി എസിന്റെ സജീവ ഇടപെടലും ഒരേ തരംഗവേഗത്തിൽ ... മാത്രമല്ല, ഭാവി മുഖ്യമന്ത്രിയെ കണ്ടത്താനുള്ള മാധ്യമ സർവേയിലും വി എസ് തന്നെയായിരുന്നു ഏറെ മുന്നിൽ .

എന്നിട്ടും അതിന്റെയൊക്കെ ഫലം കൊയ്യാൻ നേരത്ത് പാർലമെന്ററി രംഗത്തുനിന്ന് അദ്ദേഹം അകറ്റി നിർത്തപ്പെടുക. അത് പാർട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാർക്കോ അണികൾക്കോ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല.

വി എസിന്റെ സാന്നിധ്യം സംഘടനാരംഗത്തേക്ക് മാറ്റേണ്ട അടിയന്തര സാഹചര്യമൊന്നുമില്ലായിരുന്നു. അതിന് നിരത്തിയ ന്യായങ്ങൾ ഒട്ടും യുക്തിഭദ്രമല്ലായിരുന്നുതാനും. എന്തും വാദിച്ചു സമർത്ഥിക്കുന്നവർപോലും നിരായുധരായിപ്പോയി. വികസന വിരുദ്ധൻ എന്ന ആക്ഷേപത്തിനിരയായ വി എസ് മൽസര രംഗത്തുണ്ടായാൽ വിജയസാധ്യത മങ്ങുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെയാണ് മുമ്പൊരിക്കലും ഉണ്ടാവാത്ത വിധത്തിൽ എല്ലാ കോണുകളിൽനിന്നും പ്രതിഷേധം ആഞ്ഞടിച്ചുയർന്നത് ; ഡോക്ടർ സുകുമാർ അഴീക്കോട്, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, പ്രൊഫ. സാറാ ജോസഫ് തുടങ്ങിയ സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളിലെ അതികായർ അതിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയതും. കേരളകൗമുദി ദിനപത്രം പ്രസിദ്ധീകരിച്ച സുകുമാർ അഴീക്കോടിന്റെ സുദീർഘലേഖനം നീതിബോധമുള്ളവർക്കു മുമ്പിൽ ചില ചോദ്യശരങ്ങളെയ്തു. അതിൽനിന്ന് നാലു വാചകങ്ങൾ മാത്രം ഇവിടെ ചേർക്കാം.

"ജനങ്ങളുടെ വോട്ട് കൂടുതൽ കിട്ടേണ്ട ഒരു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. ജനകീയബന്ധവും ജനപ്രീതിയുമുള്ള ഒരു നേതാവിനെ ഒഴിച്ചുനിർത്തുന്ന രീതി നീതിപൂർവമല്ല. നയപപരമായും അത് തെറ്റാണ്. ഒരു വ്യക്തി വോട്ടർമാരിൽ ചെലുത്തുന്ന അനുകൂല പക്ഷപാതത്തിന്റെ ഗുണം ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തെ രംഗത്തുനിന്ന് മാറ്റുന്നതുകൊണ്ട് പാർട്ടിക്കോ , ജനങ്ങൾക്കോ എന്താണ് മെച്ചം ?..."

ജസ്റ്റിസ് കഷണയ്യർ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തിൽ ചൂണ്ടിക്കാട്ടിയതും ഇതേ വസ്തുതയായിരുന്നു. അത് അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു. പക്ഷേ, സംസ്ഥാന നേതൃത്വം അതിനോടൊന്നും പ്രതികരിച്ചില്ല. അതേസമയത്ത് പാർട്ടിക്കുള്ളിൽ ഉന്നത ഘടകങ്ങളിൽവരെ പലേടത്തും വി എസിനുവേണ്ടി ശബ്ദം ഉയർന്നുകൊണ്ടിരുന്നു. കേരളത്തിൽ പരക്കെ ചെങ്കൊടിയുമേന്തി പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മറുനാടുകളിലും മലയാളികളുള്ളിടത്തെല്ലാം അത് പടർന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കും എ കെ ജി സെന്ററിലേക്കും അതിന്റെ അലയടികളെത്തി.

ഫോൺ വിളികളുടെയും ഇ- മെയിൽ സന്ദേശങ്ങളുടെയും പ്രവാഹത്തിലൂടെ. രാജ്യവ്യാപകമായി വാർത്താ മാധ്യമങ്ങൾ അതൊക്കെ ഏറ്റുപിടിച്ച് കൊണ്ടാടി. വിഷയം നിസ്സാരമല്ലെന്ന് കേന്ദ്ര നേതൃത്വത്തിനും ബോധ്യപ്പെട്ടു. ന്യൂ ഡെൽഹിയിലും തിരുവനന്തപുരത്തുമായി തിരക്കിട്ട കൂടിയാലോചനകൾ മുറുകി. അതിന്റെ പരിസമാപ്തിയായാണ് വി എസിന് സീറ്റ് കിട്ടുന്നതുതന്നെ.

വി എസ് മത്സര രംഗത്തുണ്ടാവില്ല എന്ന കാര്യം പുറത്തറിയുന്നത് 2006 മാർച്ച് രണ്ടാം വാരം കഴിഞ്ഞതോടെയാണ്. 15, 16 തിയ്യതികളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം. ആ തീരുമാനവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാർത്തയിൽ വെളിപ്പെടുത്തിയത് വി എസും പിണറായിയും സംഘടനാരംഗത്ത് കേന്ദ്രീകരിക്കും എന്നായിരുന്നു. അതുമുതൽ ആളിപ്പടർന്ന പ്രതിഷേധം ശമിപ്പിക്കാൻ സംഘടനാരീതിയിൽ തീവ്രശ്രമം നടത്തുകയുണ്ടായി. പക്ഷേ, വേണ്ടത്ര ഏശിയില്ല.

വഴങ്ങുകയല്ലാതെ നേതൃത്വത്തിന് മറ്റു പോംവഴി ഇല്ലായിരുന്നു. മാർച്ച് അവസാന ആഴ്ചയിലാണ് നാമനിർദേശ പത്രിക നൽകേണ്ടിയിരുന്നത്. ഏപ്രിൽ 22, 29, മെയ് 3 തിയ്യതികളിലായി പോളിങ്ങും . സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ വി എസിനെകൂടി ഉൾപ്പെടുത്തി അറിയിക്കുന്നത് ഒടുവിൽ മാർച്ച് 21 നാണ്. കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശമായി ആദ്യം അഭ്യർത്ഥനയുടെ സ്വരത്തിൽ - " വി എസ് മൽസരിക്കണം , മലമ്പുഴയിൽ നിന്നാവാം " .


എന്തേ ഇപ്പോൾ ഇങ്ങനെ എന്ന മറുചോദ്യത്തിന് വേണം മത്സരിക്കണം എന്നായിരുന്നു മറുപടി. അപ്പോൾ വി എസ് പറഞ്ഞത് ഇങ്ങനെ - " എനിക്കൊരു കണ്ടീഷനുണ്ട്. സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം , ഭൂരിപക്ഷ അടിസ്ഥാനത്തിൽ പറ്റില്ല". അങ്ങനെ മാർച്ച്‌ 24ന് സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നു. ജനറൽ സെക്രട്ടറിയും ആറ് പി ബി അംഗങ്ങളും പങ്കെടുത്തു. അതിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം എതിരില്ലാതെ അംഗീകരിച്ചത്. യോഗം തീർന്നിറങ്ങിയപ്പോൾ വി എസിനോട് മാധ്യമ പ്രവർത്തകരുടെ ചോദ്യം - മണ്ഡലം ഏതാ ... " മലമ്പുഴ തന്നെ " എന്ന് മറുപടി. ഒപ്പം വിടർന്ന പുഞ്ചിരിയും ... മറ്റൊന്നും പറയാൻ നിന്നില്ല. പത്രിക സമർപ്പണത്തിനുള്ള ഒരുക്കത്തോടെ പിറ്റേന്നാൾതന്നെ പാലക്കാട്ടേക്ക്.

പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സ്റ്റാഫിനും കണ്ടോൺമെന്റ് ഹൗസിലെ കുടുംബാംഗങ്ങൾക്കും മറ്റും മാനസിക പിരിമുറുക്കത്തിന്റെ ദിവസങ്ങളായിരുന്നു അവ. എന്നാൽ വി എസിന് ഭാവഭേദമൊന്നുമില്ലായിരുന്നു. താനിതൊന്നും അറിഞ്ഞതേയില്ലെന്ന മട്ടിലായിരുന്നു അദ്ദേഹം . എന്നാൽ ഗൗരവമുള്ള മറ്റൊരു പ്രശ്നവുമായി അപ്പോഴും സമരപഥത്തിൽതന്നെ . കോവളം കൊട്ടാരമുറ്റത്ത് ; അത് പാട്ടത്തിന് നൽകിയതു സംബന്ധിച്ച കേസിന്റെ നിയമവശ പരിശോധനയിലും . സർക്കാരിന്റെ കൈവശമായിരുന്ന ആ പൊതുസ്വത്ത് അന്യാധീനപ്പെടുത്താനുള്ള വമ്പൻ വ്യവസായ ലോബിയുടെ നീക്കത്തിനെതിരേ ...

യഥാർത്ഥത്തിൽ വി എസിന്റേത് വൈകിയെത്തിയ സ്ഥാനലബ്ധി ആയിരുന്നു. 15 വർഷംമുമ്പേ സി പി ഐ - എം ആഗ്രഹിച്ചതാണ് അദ്ദേഹത്തെ ഭരണനേതൃത്വത്തിലേക്ക് കൊണ്ടുവരാൻ . 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതും ആ ധാരണയോടെയായിരുന്നു. സംഘടനയെ നയിക്കുന്നവർ പാർലമെന്ററി രംഗത്തേക്ക് , നിയമസഭയിൽ നേതൃത്വത്തിലുള്ളവർ പാർട്ടിയുടെ തലപ്പത്തേക്കും എന്നായിരുന്നു പൊളിറ്റ്ബ്യൂറോ മുതൽ താഴോട്ട് എടുത്ത തീരുമാനം.

ചുരുക്കിപ്പറഞ്ഞാൽ 11 വർഷം സംസ്ഥാന സെക്രട്ടറിയായ വി എസ് ഇനി നിയമസഭയിൽ പാർട്ടി ലീഡർ . രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായ ഇ കെ നായനാർ പാർട്ടിനേതൃത്വത്തിലേക്കും. പക്ഷേ, രാജീവ് ഗാന്ധിയുടെ ദാരുണാന്ത്യത്തെ തുടർന്നുള്ള സഹതാപ തരംഗം വി എസിന്റെ ഈസി വാക്കോവറിന് കടമ്പയായി. നല്ല ഭൂരിപക്ഷത്തിന് മാരാരിക്കുളത്ത് അദ്ദേഹം ജയിച്ചെങ്കിലും എൽ ഡി എഫിന് ഭരണം കിട്ടിയില്ല.

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി ആൾബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് രാജ്യത്തെ അടിമുടി നടുക്കിയ സംഭവമായിരുന്നു. തെരഞ്ഞെടുപ്പിൽ അത്‌ കോൺഗ്രസിന് വളരെ അനുകൂലമായ ചലനമുണ്ടാക്കി. ലോക്സഭയിലേക്ക് നേരത്തേ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പൊതുവെ കോൺഗ്രസിന് തകർച്ച നേരിട്ടതായാണ് ഫലം പ്രഖ്യാപിച്ചപ്പോൾ വ്യക്തമായത്.

എന്നാൽ കേരളത്തിൽ മാറ്റിവെച്ച വോട്ടെടുപ്പ് നടന്നത് രാജീവ് വധത്തിനുശേഷമായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണം കൈവിട്ടുപോയത് ; യു ഡി എഫ് വിജയിച്ചതും. തൊട്ടുമുമ്പ് 1989 അവസാനം നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വമ്പൻ നേട്ടം ഉണ്ടാക്കിയതാണ്. മലപ്പുറം ഒഴികെ 13 സ്ഥലങ്ങളിലും തകർപ്പൻ വിജയം.

അത് പകർന്ന അളവറ്റ ആത്മവിശ്വാസത്തിലായിരുന്നു ഒരു വർഷം ബാക്കി നിൽക്കേ നിയമസഭ പിരിച്ചുവിട്ടത് ; ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം വീണ്ടും ജനവിധി തേടിയതും. ആ ധൃതിപ്പെട്ട നടപടി അബദ്ധമായി പ്പോയി എന്ന് പിന്നീട് വിലയിരുത്തേണ്ടിയുംവന്നു. അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് 1992-ൽ വേറിട്ടാണ് നടത്തിയിരുന്നതെങ്കിൽ ഫലം മറിച്ചാകുമായിരുന്നു. മത്സര രംഗത്തെ പി ബി അംഗവും സീനിയർ നേതാവുമെന്ന നിലയ്ക്ക് വി എസ് മുഖ്യമന്ത്രിയും ആയേനെ. എന്നാലും അന്ന് പ്രതിപക്ഷ നേതാവായത് നല്ലൊരു വഴിത്തിരിവായെന്ന് കരുതാം.

ഇനി 1996 -ൽ വി എസിനെ വിയർപ്പിച്ച , വിഷമിപ്പിച്ച കളിയുടെ കാര്യമെടുത്താലോ ... ഒരു കക്ഷിയിലും ഒരു നേതാവിനോടും ചെയ്തുകൂടാത്ത കൊടുംചതിക്ക് ഇടതുപക്ഷ പാർട്ടിയിൽ ചിലർ ഇടമൊപ്പിച്ചത് അന്നാണ്. സി പി ഐ - എമ്മിന്റെ എക്കാലത്തെയും ഉറച്ച സീറ്റിൽ പാർട്ടിയിലെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ വി എസിന്റെ പതനം ഓർക്കാപ്പുറത്തായിരുന്നു. അദ്ദേഹത്തിന്റെ എതിരാളികൾക്കുപോലും അത് പെട്ടെന്ന് വിശ്വസിക്കാനായിരുന്നില്ല.

ജയിച്ചാൽ മുഖ്യമന്ത്രിയാകേണ്ട, ഒന്നാമനായ ആളെ കരുതിക്കുട്ടി തോല്പിക്കുകയാണുണ്ടായത്. പ്രവർത്തനത്തിൽ അവിടെ പ്രധാന ചുമതലയുള്ള ഏതാനും നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള അശ്രദ്ധയും വോട്ട് മരവിപ്പിക്കലും വരെ .കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദീർഘകാലം ഉലച്ച കടുത്ത വിഭാഗീയതയുടെ പരസ്യമായ പ്രതിഫലനം. അതുവരെ പക്ഷംചേരലിന് ഒളിവും മറയുമുണ്ടായിരുന്നു. ചെറിയ അളവിലെങ്കിലും ആശയപരമായ ചേർച്ചയുടെ മേമ്പൊടിയും . പൂർണമായി വ്യക്തിയധിഷ്ഠിതം ആയിരുന്നില്ല.

വി എസിനെ പാർട്ടിസെക്രട്ടറി സ്ഥാനത്തുനിന്ന് വോട്ടെടുപ്പിലൂടെ മാറ്റിയ 1991 ലെ കോഴിക്കോട് സമ്മേളനത്തോടെയായിരുന്നു കിടമത്സരത്തിന്റെ തുടക്കം. അത് മാരാരിക്കുളത്തോളം പടർന്ന് ഇത്തരത്തിൽ മൂർഛിക്കുമെന്ന് വി എസ് നിനച്ചിരുന്നില്ല.

ഇതേ മണ്ഡലത്തിൽ 1991 ൽ വി എസ് വിജയിച്ചത് 10000 -ത്തിൽപരം വോട്ട് എതിർ സ്ഥാനാർത്ഥിയേക്കാൾ കൂടുതൽ നേടിയാണ്. 13 വർഷം പാർലമെന്ററി രംഗത്തുനിന്നു വിട്ടുനിന്നശേഷം തിരിച്ചുവന്നായിരുന്നു അന്നത്തെ മത്സരം. അതേ സീറ്റിലാണ് അഞ്ചുകൊല്ലം എം എൽ എ എന്ന നിലയിലുള്ള അടുപ്പംകൂടി ഉണ്ടായിട്ടും വി എസ് പരാജയപ്പെടു ന്നത് -1965 വോട്ടിന്റെ കുറവിൽ . യു ഡി എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി പി ജെ ഫ്രാൻസിസിന് തീരെ പ്രതീക്ഷിക്കാത്ത വിജയവും.

പാർട്ടിയെയും നാണംകെടുത്തിയ തോൽവിയായിരുന്നു അത്. ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ മുന്നിൽ വിജയം ആഘോഷിക്കാൻ എതിർകക്ഷിക്കാർ ഒട്ടുനേരം അറച്ചുനിന്നു. വി എസ് പുറത്തേക്ക് പോയശേഷമായിരുന്നു അവരുടെ ആഹ്ലാദപ്രകടനം . പക്ഷേ , തിക്താനുഭവങ്ങളുടെ തീച്ചൂളകൾ താണ്ടി കടന്നുവന്ന അസാമാന്യമായ ആർജവത്തോടെ അദ്ദേഹം പതറാതെ നിന്നു .

ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്കൂളിലായിരുന്നു വോട്ടെണ്ണൽ . അവിടെനിന്ന് പറവൂരിൽ വേലിക്കകം വീട്ടിലെത്തിയ വി എസിനെ മാധ്യമപ്രവർത്തകർ പൊതിഞ്ഞു. പ്രതികരണം രണ്ടു വാക്കിൽ അദ്ദേഹം ഒതുക്കി - " പാർട്ടി പരിശോധിക്കും".

ആലപ്പുഴ ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായ ടി കെ പളനിയായിരുന്നു വി എസിന്റെ ചീഫ് ഏജന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും. സി ഐ ടി യു പക്ഷക്കാരനായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തുടക്കത്തിലേ ആശങ്ക തോന്നിയിരുന്നു. ഫലം വന്നതോടെ ഓഫീസ് രേഖകൾ മിക്കതും കത്തിച്ചുകളഞ്ഞത് സംശയം ബലപ്പെടുത്തി. അവശിഷ്ടങ്ങൾ പരതിയെടുത്ത് , അതിലെ സൂചനകൾ അടിസ്ഥാനമാക്കിയാണ് പാർട്ടി നിയോഗിച്ച സബ് കമ്മിറ്റി അന്വേഷണം നടത്തിയത്.

പല പ്രാദേശിക കമ്മിറ്റികളും ശ്രദ്ധയിൽ പെടുത്തിയ കാര്യങ്ങൾ ഉത്തരവാദപ്പെട്ടവർ ഗൗരവത്തിൽ എടുത്തിരുന്നില്ല. പ്രവർത്തനത്തിലെ പോരായ്മകൾ നികത്തിയതുമില്ല. ഇവയുൾപ്പെടെ അരുതാത്ത പലതും ചെയ്തുവെന്ന് കമ്മിറ്റി കണ്ടെത്തി. തുടർന്ന് പളനിക്കും മറ്റുമെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു എന്നത് നേരിയ ആശ്വാസം മാത്രം.

അപ്രാവശ്യവും നിയുക്ത മുഖ്യമന്ത്രിയായിരുന്നു വി എസ്. ഭരണത്തിലേക്ക്എൽ ഡി എഫ് കുതിച്ചുകയറിയപ്പോൾ നയിക്കേണ്ട ആൾ പുറത്ത്. നിയമസഭാ കക്ഷി ലീഡറായി അദ്ദേഹത്തെതന്നെ തെരഞ്ഞെടുക്കാനും വിജയം ഉറപ്പുള്ള വേറെ മണ്ഡലത്തിൽ മൽസരിപ്പിക്കാനും തൊട്ടടുത്ത ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ നിർദേശം ഉയർന്നിരുന്നു. എന്നാൽ അതിനോട് വി എസ് വിയോജിപ്പറിയിച്ചു.

പിന്നാലെ വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തെരഞ്ഞെടുക്കാൻ മത്സരമുണ്ടായി. ഇ കെ നായനാരും സുശീലാ ഗോപാലനും തമ്മിൽ. രണ്ട് വോട്ടിന്റെ മികവിൽ നായനാർ വിജയിയായി. അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത് വി എസ് ആയിരുന്നു എന്നത് മറ്റൊരു ട്വിസ്റ്റ്... വി എസിനെ കുത്തിനോവിച്ച്, കുതന്ത്രങ്ങൾ പയറ്റുകയും മനക്കോട്ട കെട്ടുകയും ചെയ്തവർക്ക് കണക്കിനൊരു തിരിച്ചടി.

" ഒരേ ഒരാൾ വി എസ് " എന്ന കെ വി കുഞ്ഞിരാമൻ്റെ പുസ്തകത്തിൽനിന്ന് ( പുസ്തക പ്രസാധക സംഘം, കോഴിക്കോട് )

May 18th 2006 passing VS Achuthanandan

Next TV

Related Stories
'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

Jul 21, 2025 07:26 PM

'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ...

Read More >>
 'സമാനതകളില്ലാത്ത ഇതിഹാസം, വി എസ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാൻ' -രമേശ് ചെന്നിത്തല

Jul 21, 2025 07:24 PM

'സമാനതകളില്ലാത്ത ഇതിഹാസം, വി എസ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാൻ' -രമേശ് ചെന്നിത്തല

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നുവെന്ന് രമേശ് ചെന്നിത്തല...

Read More >>
രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു; തീരാനഷ്ടമാണ് വി എസിന്റെ വിയോഗം - പി കെ കുഞ്ഞാലികുട്ടി

Jul 21, 2025 07:08 PM

രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു; തീരാനഷ്ടമാണ് വി എസിന്റെ വിയോഗം - പി കെ കുഞ്ഞാലികുട്ടി

രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ്...

Read More >>
‘സഖാവ് വി എസ് പാവപ്പെട്ടവന്റെ പടത്തലവൻ, തൊഴിലാളികൾക്ക് വേണ്ടി സമരമുഖങ്ങളിൽ ഓടി എത്തി';എ കെ ആന്റണി

Jul 21, 2025 06:57 PM

‘സഖാവ് വി എസ് പാവപ്പെട്ടവന്റെ പടത്തലവൻ, തൊഴിലാളികൾക്ക് വേണ്ടി സമരമുഖങ്ങളിൽ ഓടി എത്തി';എ കെ ആന്റണി

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ...

Read More >>
'കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി'; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

Jul 21, 2025 06:51 PM

'കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി'; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി....

Read More >>
Top Stories










//Truevisionall