കോഴിക്കോട്: (truevisionnews.com) കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സഖാവ് വി എസ് അച്യുതാനന്ദന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒട്ടേറെ പോരാട്ടങ്ങള്‍ നയിക്കുകയും ത്യാഗോജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഭവിച്ച് ഭീകര മര്‍ദനമേല്‍ക്കേണ്ടിവരികയും ചെയ്ത നേതാവാണ് അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.
സിപിഐഎം രൂപീകരിച്ച ശേഷം പാര്‍ട്ടി സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സഖാവ് പ്രതിപക്ഷ നേതാവായിരിക്കെ ഒട്ടേറെ അഴിമതികള്‍ പുറത്തുകൊണ്ടുവരികയും അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ നമുക്ക് മുന്നില്‍ മായാതെ കിടക്കുന്നുണ്ടെന്നും അതിനാല്‍ ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വി എസെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
.gif)

രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതേസമയം രാഷ്ട്രീയ എതിരാളികളോട് അദ്ദേഹം ഒരു ഒത്തുതീർപ്പിനും തയ്യാറാകാതെ പോരാടിയിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ ശൈലിയുണ്ടായിരുന്നു.
പ്രസംഗത്തിലും പ്രവർത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും എല്ലാം. അനുയായികളെ സംബന്ധിച്ച് വലിയ ഹരമായിരുന്നു ആ ശൈലി. രാഷ്ട്രീയ ആദർശങ്ങൾ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്ന കാലത്ത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. തീരാനഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചതായി തോന്നിയിട്ടുണ്ടെന്ന് വി ഡി സതീശൻ അനുസ്മരിച്ചു.
കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉജ്വല സമര പാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്‍റെ നൂറ്റാണ്ടു കടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നു നിൽക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Public Works and Tourism Minister P.A. Muhammad Riyaz tribute vs achuthanandan demise
