ദില്ലി: ( www.truevisionnews.com) അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
https://x.com/RahulGandhi/status/1947316044487668154
ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളിൽ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഖാക്കൾക്കും ആരാധകർക്കുമൊപ്പം വിയോഗത്തിലെ വിഷമം പങ്കുവെക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
.gif)

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് യൂസഫലി പറഞ്ഞു.
വിഎസുമായി വളരെ അടുത്ത സ്നേഹബന്ധം താൻ വെച്ചുപുലർത്തിയിരുന്നുവെന്നും 2017-ൽ യുഎഇ സന്ദർശിച്ചപ്പോൾ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മയാണെന്നും യൂസഫലി ഓർമ്മിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വി.എസിനൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും വി.എസുമായി അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെ തന്റെ ആദ്യത്തെ സംരംഭമായ തൃശ്ശൂർ ലുലു കൺവെൻഷൻ സെന്റർ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തത് തനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ലെന്നും യൂസഫലി പറഞ്ഞു. കൺവെൻഷൻ സെന്ററിനെപ്പറ്റി 'ചെളിയിൽ നിന്നും വിരിയിച്ച താമര' എന്നായിരുന്നു വി.എസ്. അന്ന് വിശേഷിപ്പിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ "സത്യസന്ധനായ കച്ചവടക്കാരൻ" എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതെന്നും യൂസഫലി അനുസ്മരിച്ചു.
തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വിഎസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അവിടെപ്പോയി മകൻ അരുൺ കുമാറിനോടും മറ്റ് ബന്ധുക്കളോടും അന്വേഷിച്ചിരുന്നുവെന്നും യൂസഫലി വ്യക്തമാക്കി. തന്റെ സഹോദര തുല്യനായ സഖാവ് വിഎസിന്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും എംഎ യൂസഫലി കൂട്ടിച്ചേർത്തു.
Rahul Gandhi expresses condolences on the demise of VS
