( www.truevisionnews.com ) വി.എസ്.അച്യുതാനന്ദനെ മൂന്നാറിലെ ജനങ്ങൾ ഇന്നും ഓർക്കുന്നത് സർക്കാർ ഭൂമി കയ്യേറി നിർമിച്ച റിസോർട്ടുകൾ ഇടിച്ചു നിരത്തിയ, ഏക്കറുകണക്കിന് ഭൂമി തിരിച്ചുപിടിച്ച 2007ലെ ദൗത്യസംഘത്തിന്റെ പേരിലാണ്. 2007 മേയ് 11നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ നിയോഗിച്ച മൂന്നംഗ ദൗത്യസംഘം മൂന്നാറിലെത്തിയത്.
സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, അനധികൃത കെട്ടിടങ്ങൾ പൊളിക്കുക എന്നിവയായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യങ്ങൾ. വിഎസ് അയച്ച മൂന്ന് പൂച്ചകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്പെഷൽ ഓഫിസർ കെ.സുരേഷ് കുമാർ, അന്ന് ഐജിയായിരുന്ന ഋഷിരാജ് സിങ്, ഇടുക്കി കലക്ടറായിരുന്ന രാജു നാരായണസ്വാമി എന്നിവരായിരുന്നു ദൗത്യസംഘം തലവന്മാർ.
.gif)

നടയാർ റോഡിലെ സമ്മർ കാസിൽ എന്ന അഞ്ചു നില റിസോർട്ട് ഇടിച്ചു നിരത്തിക്കൊണ്ടാണ് പൂച്ചകൾ ദൗത്യം തുടങ്ങിയത്. കയ്യേറ്റമൊഴിപ്പിക്കലിന്റെ പുതിയ പാതയാണ് അന്ന് വെട്ടിത്തുറന്നത്. വിഎസിന്റെ ജനപ്രീതി കുത്തനെയുയർത്തിയ സംഭവമായിരുന്നു അത്. പെരിയ കനാലിലുണ്ടായിരുന്ന ക്ലൗഡ് നയൻ, രണ്ടാം മൈലിലെ മൂന്നാർ വുഡ്സ്, ലക്ഷ്മിയിലെ അബാദ്, ലക്ഷ്മിയിലെ ഗ്രീൻ ട്രിഡ്ജ്, മൂന്നാർ ടൗണിലെ ടീ ഗാർഡൻ ഇൻ, ബിസിജി ഗ്രൂപ്പിന്റെ അപ്പാർട്ട്മെന്റുകൾ, രണ്ടാം മൈലിലെ മരയ്ക്കാർ ഗ്രൂപ്പിന്റെ മുൻഭാഗം, ദേവികുളത്ത് ദേശീയ പാത കയ്യേറി നിർമിച്ച റിസോർട്ടുകൾ തുടങ്ങി വൻകിട കെട്ടിടങ്ങളാണ് പിന്നീടുള്ള ദിവസങ്ങളിൽ ജെസിബി കയറിയിറങ്ങി തവിടുപൊടിയാക്കിയത്. മേയ് 13 മുതൽ ജൂൺ 7 വരെ 91 കെട്ടിടങ്ങളാണ് നിലംപൊത്തിയത്. ടാറ്റയുടെ ഉൾപ്പെടെ കൈവശമുണ്ടായിരുന്ന 11,350 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു.
ദൗത്യത്തിനിടയിൽ വിഎസ് നേരിട്ട് മൂന്നാറിലെത്തി. മറയൂർ റോഡിലെ നയമക്കാട് ടാറ്റാ വനഭൂമിയിൽ സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതുമാറ്റി സർക്കാർ ബോർഡ് സ്ഥാപിച്ച് 1500 ഏക്കർ സ്ഥലം വിഎസ് നേരിട്ട് ഏറ്റെടുത്തിരുന്നു. ആദ്യഘട്ടത്തിൽ പാർട്ടി വിഎസിനൊപ്പമായിരുന്നു. എന്നാൽ ദേശീയ പാതയോരം കൈയേറിയ സി.പി.ഐ. ഓഫീസിന്റെ മുൻഭാഗം 2007 മേയ് 14-ന് പൊളിച്ചതോടെയായിരുന്നു മൂന്നാർ ദൗത്യത്തിന് മേൽ കരിനിഴൽവീണത്.
ഈ നടപടിയോടെ അന്നത്തെ റവന്യൂമന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി.രാജേന്ദ്രൻ ഇടഞ്ഞു. പി.കെ.വാസുദേവൻ നായരുടെ പേരിൽ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം നിന്നിരുന്നത്. ഇതിന്റെ മുൻവശത്ത് പത്തുമീറ്ററോളം നീളത്തിലും അഞ്ചുമീറ്റർ വീതിയിലും കെട്ടിടത്തിലേക്ക് പണിത കോൺക്രീറ്റ് റോഡാണ് ആദ്യം പൊളിച്ചത്. ദേശീയപാതയിൽനിന്ന് 15 മീറ്റർ മാറിയേ നിർമാണം പാടുള്ളൂ. ഇത് ലംഘിച്ചതിനാലാണ് പൊളിപ്പിച്ചത്.
ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം.ഐ.രവീന്ദ്രൻ ഇല്ലാത്ത അധികാരം ഉപയോഗിച്ചു നൽകിയ രവീന്ദ്രൻ പട്ടയങ്ങളുടെ കഥ മേയ് 28-ന് വെളിച്ചത്തായി. ഇതോടെ മൂന്നാർ ദൗത്യം കൂടുതൽ സങ്കീർണമായി. പിന്നീട് കോളനി റോഡിലെ ധന്യശ്രീ ഹോട്ടൽ പൊളിപ്പിക്കാനെത്തിയപ്പോൾ സി.പി.എം.പ്രാദേശിക നേതാക്കളും ഇടഞ്ഞു. ഒഴിപ്പിക്കാൻ വരുന്നവന്റെ കാലുവെട്ടുമെന്ന് എം.എം.മണി പ്രഖ്യാപിച്ചു. പാർട്ടിയിൽനിന്നുകൂടി കലാപക്കൊടി ഉയർന്നതോടെ വി.എസിന് ദൗത്യസംഘത്തെ വിഎസിന് പതിയെ പിൻവലിക്കേണ്ടി വന്നത് ചരിത്രം.
നമ്മള്‍ നിശ്ചയിച്ചിട്ടുള്ള പൂച്ചകള്‍ കറുത്തതോ വെളുത്തതോ എന്ന് ഞങ്ങള്‍ നോക്കിയിട്ടില്ല. എലിയെ പിടിക്കുമോയെന്നാണ് നോക്കുന്നത്. നോക്കുമ്പോ നല്ലപോലെ കുഞ്ഞെലികളെ വരെ പിടിക്കുകയാണ്. വി.എസ് അച്യുതാനന്ദന്‍ 2007 ല്‍ മൂന്നാര്‍ ദൗത്യത്തിനായി തന്റെ സംഘാംങ്ങളെ മൂന്നാറിലേക്കയച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയായിരുന്നു. വലിയ ചിരിപടര്‍ത്തിയ വാര്‍ത്താസമ്മേളനമായിരുന്നുവെങ്കിലും ദൗത്യത്തിന് അകാലചരമഗാനമെഴുതി.
കാലുവെട്ടുമെന്ന സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.മണിയുടെ ഭീഷണി നിലനിൽക്കെ 2008 സെപ്റ്റംബർ 30-ന് വി.എസ്.അച്യുതാനന്ദൻ വീണ്ടും മൂന്നാറിലേക്കെത്തി രണ്ടാം ദൗത്യത്തിന് തുടക്കമിട്ടു. എന്നാൽ ആദ്യ ദൗത്യത്തിന്റെ വിധിയായിരുന്നു രണ്ടാമത്തേതിനും. നോട്ടീസ് നൽകിയതല്ലാതെ ടാറ്റാ അടക്കമുള്ള വൻകിട കൈയേറ്റക്കാരിൽനിന്നു ഒരിഞ്ചുപോലും ഭൂമി വീണ്ടെടുക്കാനോ ഒരിടത്ത് പോലും സർക്കാർ ബോർഡ് സ്ഥാപിക്കാനോ കഴിഞ്ഞില്ല.
ഒട്ടേറെ, നഷ്ടപരിഹാര കേസുകളാണ് മൂന്നാർ നടപടിയുടെ പേരിൽ കോടതികളിലെത്തിയത്. 2008 സെപ്റ്റംബർ നാലിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നവംബർ 11-ന് ധന്യശ്രീ റിസോർട്ട് സർക്കാർ ഉടമകൾക്ക് കൈമാറി. സ്റ്റേ നിലനിൽക്കെ റിസോർട്ട് പൊളിക്കാൻ ശ്രമിച്ചതിന് നഷ്ടപരിഹാരം നൽകാൻ സുരേഷ്‌കുമാറിനോട് കോടതി നിർദേശിച്ചു.
പള്ളിവാസൽ മൂന്നാർ വുഡ്സ് റിസോർട്ടിന്റെ സർക്കാർ ഏറ്റെടുത്ത 2.84 ഏക്കർ ഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കണമെന്ന് 2009 ജൂലായ് 22-ന് വിധിച്ച ഹൈക്കോടതി അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജു നാരായണസ്വാമി 15000 രൂപ കോടതിച്ചെലവ് നൽകാനും വിധിച്ചു.
VSAchuthanandan death 91 buildings demolished in Munnar; Forest land sparks controversy
