പോരാട്ടം വി എസ് സ്റ്റൈലിൽ, 2006-ൽ നടന്നുകയറിയ മുഖ്യമന്ത്രിപദം, തെരഞ്ഞെടുപ്പുകളിലെ കൗതുക കാലങ്ങൾ

പോരാട്ടം വി എസ് സ്റ്റൈലിൽ, 2006-ൽ നടന്നുകയറിയ മുഖ്യമന്ത്രിപദം, തെരഞ്ഞെടുപ്പുകളിലെ കൗതുക കാലങ്ങൾ
Jul 21, 2025 05:07 PM | By Jain Rosviya

( www.truevisionnews.com ) ഒരു വിഷയം കിട്ടിയാല്‍ അതിന്റെ അവസാനംവരെ പോരാടുക. അതായിരുന്നു പോരാട്ടങ്ങളിലെ വി.എസ്. തന്ത്രം. പാര്‍ട്ടിയ്ക്കുള്ളിലും അത് തന്നെയായിരുന്നു വി.എസ് സ്വീകരിച്ച നിലപാട്. പാര്‍ട്ടിയില്‍ സ്വന്തംപക്ഷക്കാരില്‍ ഏറിയപങ്കും മറുപക്ഷത്തേക്ക് നീങ്ങിയപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി.എസ്. നിരന്തരപോരാട്ടങ്ങളിലായിരുന്നു.

ഭൂമി കയ്യേറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു അദ്ദേഹം ഏറ്റെടുത്തിരുന്നതില്‍ ഭൂരിഭാഗവും. മുഖ്യമന്ത്രിയായിരിക്കെ പോലും ഒറ്റയാന്‍ പോരാട്ടങ്ങളായിരുന്നു അദ്ദേഹം നയിച്ചിരുന്നതും. പാമോയില്‍, ഇടമലയാര്‍, മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍, കിളിരൂര്‍ അങ്ങനെ നിരവധി കേസുകളില്‍ വി.എസ്. പോരാട്ടത്തിനിറങ്ങി. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ബി. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പാക്കിയ മൂന്നാര്‍ ഒഴിപ്പിക്കല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

1965 മുതല്‍ 2016 വരെ പത്ത് തിരഞ്ഞെടുപ്പുകളിലാണ് വി.എസ്. ജനവിധി തേടിയത്. എന്നാല്‍ 2006-ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അദ്ദേഹം മന്ത്രിപദത്തിലോ മറ്റോ എത്തിയിരുന്നില്ല എന്നതാണ് കൗതുകകരം. വി.എസ്. ജയിക്കുന്ന തിരഞ്ഞെടുപ്പുകളില്‍, 1967, 2006 എന്നിവയിലൊഴികെ പാര്‍ട്ടി അധികാരത്തിലെത്തിയില്ല എന്നതാണ് ഇതിന് കാരണമായത്.

1965, 1967, 1970, 1977 എന്നീ തിരഞ്ഞെടുപ്പുകളില്‍ അമ്പലപ്പുഴയില്‍നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. കന്നിയങ്കത്തില്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് വി.എസ്. പരാജയപ്പെട്ടു. എന്നാല്‍ 1967, 70,77 വര്‍ഷങ്ങളില്‍ അദ്ദേഹം അതേ മണ്ഡലത്തില്‍നിന്ന് ജയിച്ചുകയറി.

1991-ല്‍ മാരാരിക്കുളത്തുനിന്ന് വിജയിച്ചെങ്കിലും 1996-ല്‍ മാരാരിക്കുളത്തുനിന്ന് മത്സരിച്ച വി.എസ്. കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് പരാജയപ്പെട്ടു. വി.എസിനെ തന്നെ ഞെട്ടിച്ച തോല്‍വിയായിരുന്നു അത്. പാര്‍ട്ടിയുടെ ഉറച്ചമണ്ഡലത്തില്‍ താന്‍ തോറ്റതല്ലെന്നും തോല്‍പിച്ചതാണെന്നും വി.എസ്. ആരോപിച്ചു. അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരുപക്ഷേ തേടിയെത്തിയേക്കുമായിരുന്ന മുഖ്യമന്ത്രിസ്ഥാനമാണ് അന്ന് വി.എസില്‍നിന്ന് മാറിപ്പോയത്. എന്നാല്‍ ആ തിരഞ്ഞെടുപ്പ് വി.എസിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചില പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന പഴഞ്ചൊല്ല് വി.എസിന്റെ കാര്യത്തില്‍ അച്ചട്ടായി. ആ തോല്‍വി വി.എസിനെ കൂടുതല്‍ കരുത്തനും ജനകീയനുമാക്കി.

2006-ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ചാണ് അദ്ദേഹം കേരള മുഖ്യമന്ത്രിയാകുന്നത്. അതിന് പിന്നിലുമുണ്ട്, നിരവധി രാഷ്ട്രീയസംഭവ വികാസങ്ങള്‍. ആ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആദ്യഘട്ടത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരേ വന്‍പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ സി.പി.എം. പ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്നത്. ഇതോടെ കേന്ദ്രനേതൃത്വം ഇടപെട്ടു.

വി.എസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. മലമ്പുഴയില്‍നിന്ന് മത്സരിച്ച വി.എസ്, കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 20017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ആ വിജയത്തിന്റെ കരുത്തില്‍ തല ഉയര്‍ത്തി, മുണ്ടിന്റെ കോന്തല അല്‍പം ഉയര്‍ത്തിപ്പിടിച്ച് കേരള മുഖ്യമന്ത്രിപദത്തിലേക്ക് വി.എസ്. നടന്നുകയറി.

The fight in VS achuthanandan style, the Chief Ministership that took place in 2006, the interesting times in the elections

Next TV

Related Stories
'സഖാവ് വി എസ്'; ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം -മന്ത്രി മുഹമ്മദ് റിയാസ്

Jul 21, 2025 09:16 PM

'സഖാവ് വി എസ്'; ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമം -മന്ത്രി മുഹമ്മദ് റിയാസ്

വി എസ് ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമെന്ന് മന്ത്രി മുഹമ്മദ്...

Read More >>
'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

Jul 21, 2025 07:26 PM

'കനൽവഴി താണ്ടിയ പോരാളി...., അവസാനമായി പാർട്ടി ആസ്ഥാനത്ത്'; വിഎസിനെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം പൊതുദർശനത്തിനായി എ കെ ജി സെന്ററിൽ...

Read More >>
Top Stories










//Truevisionall