പത്തനാപുരം: കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങിയ റബ്ബർമരം വെട്ടിമാറ്റുന്നതിനിടെ രം ദേഹത്തുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. പട്ടാഴി മൈലാടുംപാറ ടർക്കി ജങ്ഷൻ പാലമൂട്ടിൽവീട്ടിൽ ബൈജു വർഗീസാണ് (സാബു-55) സ്വന്തം പുരയിടത്തിൽ മരിച്ചത്.
സംഭവസമയം മറ്റാരും ഒപ്പമില്ലായിരുന്നു. മരം വെട്ടിമാറ്റാൻ വെട്ടുകത്തിയുമായി വീട്ടിൽനിന്നു പോയ ബൈജു മടങ്ങിയെത്താത്തതിനെത്തുടർന്ന് തിരക്കിച്ചെന്ന സഹോദരനാണ് ഒടിഞ്ഞമരത്തിന്റെ ഭാഗം ശരീരത്തിൽ പതിച്ച് വീണുകിടക്കുന്നനിലയിൽ കണ്ടത്.
.gif)
പട്ടാഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രണ്ടുദിവസംമുൻപുണ്ടായ കാറ്റിലും മഴയിലും തോട്ടത്തിലെ വലിയ റബർമരത്തിന്റെ പകുതിക്കു മുകളിലുള്ള ഭാഗം ഒടിഞ്ഞ് മറ്റുമരങ്ങളിൽ തങ്ങി നിൽക്കുകയായിരുന്നു. തിങ്കളാഴ്ച പകൽ 11 മണിയോടെ മരം വെട്ടിമാറ്റാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് തോട്ടത്തിലേക്ക് പോകുകയായിരുന്നു. മൂന്നുമണിയായിട്ടും വീട്ടിൽ എത്താതിരുന്നതോടെയാണ് ജ്യേഷ്ടൻ ജിജി വർഗീസ് തിരക്കിച്ചെന്നത്.
പട്ടാഴിയിലെ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രവാസിയായിരുന്ന ബിജു കുറച്ചുനാൾമുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഭാര്യ: പ്രിയ. മക്കൾ: അലൻ, അലീന.
man dies after falling tree broke wind rain
