---
title: "പണിമുടക്കാനെന്ന് അറിയില്ലേ...? അടയ്ക്കെടാ...! പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം, ജീവനക്കാരനെ ഭീഷണിപ്പെടുത്തി"
english_title: "Protesters try to close down a pharmacy in Pathanapuram, threaten an employee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301439/protesters-try-to-close-down-a-pharmacy-in-pathanapuram-threaten-an-employee"
published_at: "2025-07-09T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686df37f79b1f_1.jpg"
keywords: []
---

# പണിമുടക്കാനെന്ന് അറിയില്ലേ...? അടയ്ക്കെടാ...! പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം, ജീവനക്കാരനെ ഭീഷണിപ്പെടുത്തി

> **Lead Summary:** **കൊല്ലം : ** ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെൻ്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്.

## Article Content

**കൊല്ലം : ** ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെൻ്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്.

ആശുപത്രിയിലേക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ഗോഡൌണാണെന്നും ഇത് അവശ്യ സർവീസിൽ പെടുന്നതാണെന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരൻ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികൾ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.

അതിനിടെ ദേശീയ പണിമുടക്കിനോട് സഹകരിക്കാതിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലത്തേക്ക് എത്തിയ ബസിലെ കണ്ടക്ടറും സമരാനുകൂലികളും തമ്മിലാണ് തർക്കമുണ്ടായത്. പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യം ചെയ്ത് സമരാനുകൂലികൾ കണ്ടക്ടർ ശ്രീകാന്തിനെ മർദ്ദിച്ചെന്നാണ് പരാതി.

അതേസമയം കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിൽ ജന്ഗങ്ങൾ വലയുകയാണ്. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു.

സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു. പണിമുടക്കിനെ പിന്തുണച്ച് കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.

മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട എറണാകുളം ബസ് ആണ് സിഐടിയുവിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരക്കാരെ നീക്കി ബസ് വിട്ടു. തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301439/protesters-try-to-close-down-a-pharmacy-in-pathanapuram-threaten-an-employee)