തിരുവനന്തപുരം: (truevisionnews.com) കെസിഎ -എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിന് തുടർച്ചയായ മൂന്നാം വിജയം. കണ്ണൂരിനെ ആറ് വിക്കറ്റിനാണ് പാലക്കാട് തോല്പിച്ചത്. മഴയെ തുടർന്ന് തിരുവനന്തപുരവും കോഴിക്കോടും തമ്മിൽ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചു. മത്സരത്തിൽ ഒരു പന്ത് പോലും എറിയാനായില്ല.
പാലക്കാടിനെതിരെ ആദ്യം ബാറ്റ് ചെയ്ത കണ്ണൂരിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപെ ഒമർ അബൂബക്കറിൻ്റെ വിക്കറ്റ് നഷ്ടമായി. വരുൺ നായനാരും സംഗീത് സാഗറും ഷോൺ പച്ചയും ചെറിയ സ്കോറുകളിൽ പുറത്തായതോടെ നാല് വിക്കറ്റിന് 15 റൺസെന്ന നിലയിലായിരുന്നു കണ്ണൂർ.
.gif)
മധ്യനിരയിൽ 57 റൺസെടുത്ത ശ്രീരൂപിൻ്റെ പ്രകടനമാണ് കണ്ണൂരിന് മാന്യമായ സ്കോർ നല്കിയത്. 14 പന്തുകളിൽ നിന്ന് 29 റൺസെടുത്ത അർജുൻ സുരേഷിൻ്റെ പ്രകടനവും ശ്രദ്ധേയമായി. 20 ഓവറിൽ എട്ട് വിക്കറ്റിന് 123 റൺസിന് കണ്ണൂരിൻ്റെ ഇന്നിങ്സിന് അവസാനമായി. പാലക്കാടിന് വേണ്ടി ഹരിപ്രസാദ് മൂന്നും ജിഷ്ണുവും അക്ഷയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാടിന് ക്യാപ്റ്റൻ സച്ചിൻ സുരേഷിൻ്റെ അർദ്ധ സെഞ്ച്വറിയാണ് വിജയമൊരുക്കിയത്. സച്ചിൻ 53 റൺസെടുത്തു. ആദിത്ത് 22 റൺസും നേടി. എട്ട് പന്തുകൾ ബാക്കി നില്ക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ പാലക്കാട് ലക്ഷ്യത്തിലെത്തി. പാലക്കാടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹരിപ്രസാദാണ് കളിയിലെ താരം. കളിച്ച മൂന്ന് മല്സരങ്ങളും ജയിച്ച പാലക്കാട് തന്നെയാണ് പൂൾ ബിയിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
Palakkad defeats Kannur KCA NSK Twenty 20 tournament
