(truevisionnews.com) പാറക്കെട്ടുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന തൂവെള്ള ജലം, നീലാകാശം, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരിടം. ' മാർമല അരുവി വെള്ളച്ചാട്ടം'. കേരളത്തിലെ ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രമായ കോട്ടയത്ത് നിരവധി വിസ്മയകാഴ്ച്ചകൾ ഉണ്ടെങ്കിലും ഒട്ടുമിക്ക ആളുകൾക്കും അറിയാത്ത ഒരു പ്രകൃതി രമണീയമായ സ്ഥലമാണ് മാർമല അരുവി വെള്ളച്ചാട്ടം. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ്.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിവരെ ഉയർന്ന മലനിരകൾ അരുവിയുടെ സമീപപ്രദേശത്തുണ്ട്. ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം. വിദൂരമായ ഈ സ്ഥലം പ്രകൃതിരമണീയമായ എസ്റ്റേറ്റിലൂടെയുള്ള ഒരു കാൽനടയാത്രയ്ക്ക് അവസരമൊരുക്കുന്നു.
.gif)
ഏകദേശം രണ്ട് കിലോമീറ്ററോളം നീളുന്ന ഇടുങ്ങിയ പാത സാഹസികത ഇഷ്ടപ്പെടുന്നവരെ തീർച്ചയായും ആവേശഭരിതരാക്കും. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രദേശം സഞ്ചരികളുടെ ശ്രദ്ധ ആകർഷികപെടുന്നു. നീല മലനിരകളും പച്ചപ്പും നിറഞ്ഞ മാർമല വെള്ളച്ചാട്ടം അതിന്റെ അപ്രതിരോധ്യമായ സൗന്ദര്യത്താൽ സഞ്ചരികളെ ആകർഷിക്കുന്നു.
40 അടി ഉയരത്തിൽനിന്ന് താഴേക്കൊഴുകുന്ന ഈ വെള്ളച്ചാട്ടം കാണാൻ നിരവധിയാളുകളാണ് ഇപ്പോൾ എത്തിച്ചേരുന്നത്. ഇത് കൂടാതെ വെള്ളച്ചാട്ടത്തിനു താഴെയായി പ്രകൃതിദത്തമായ തടാകവുമുണ്ട്. വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്നവർക്ക് നീന്തിക്കുളിക്കാൻ കഴിയും വിധം സൗഹര്യവും ഇവിടെയുണ്ട്.
കോട്ടയത്ത് ഇതുപോലെയൊരു സ്ഥലമുണ്ടെന്ന് ആരും ചിന്തിക്കാൻ ഇടയില്ല. അതിനാൽ തന്നെ പലരും ഈ സ്ഥലത്തെ കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണ്. സഞ്ചാരികളുടെ മനം കവരുന്ന പ്രകൃതി ഭംഗിയാണ് മാർമല വെള്ളച്ചാട്ടത്തിനുള്ളത്. അഡ്വഞ്ചർ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു സ്ഥലമാണ് മാർമല വെള്ളച്ചാട്ടം.
Marmala waterfalls tourist place
