(truevisionnews.com)അവധിക്കാലം അവസാനിക്കാറായി. ഇനിയും യാത്ര പോവാതെ വീട്ടിൽ തന്നെ ഇരിക്കുകയാണോ. എങ്കിൽ മലയും പുഴയും കടന്ന് മഴയൊക്കെ നനഞ്ഞു വെള്ളച്ചാട്ടങ്ങളും മഴമേഘങ്ങളും കണ്ടുള്ള ഒരു യാത്ര പോയാലോ. ഒരു വനയാത്രയിൽ പ്രതീക്ഷിക്കുന്ന കാഴ്ചകളും സാഹസികതയും ഓഫ്റോഡിങ്ങും അടിപൊളി ഫ്രെയിമുകളും മാത്രം നിറഞ്ഞ വഴിയിലൂടെ. മൂഡ് ഓഫ് അകറ്റണമെങ്കിൽ പിന്നെ ഒന്നും നോക്കണ്ട, നേരെ വിട്ടോ, മാമലക്കണ്ടം നിങ്ങളെ ‘പൊളി മൂഡി’ലാക്കും.
കാഴ്ചകളുടെ കണ്ടാൽ തീരാത്ത കലവറയാണ് മാമലക്കണ്ടം. ഏതു കൊടും കയറ്റത്തിലും ഇടുങ്ങിയ റോഡിലും വാഹനം നിന്നുപോകാതെ, അഥവാ നിന്നാലും വീണ്ടും ചവിട്ടിയെടുക്കാനുമുള്ള കോൺഫിഡൻസ് ഉണ്ടെങ്കിലേ ഈ വഴി ഡ്രൈവ് ചെയ്ത് പോകാനാകു. അല്ലെങ്കിൽ വല്ലപ്പോഴുമുള്ള സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളെയോ ട്രിപ് സഫാരി ജീപ്പുകളെയോ ആശ്രയിക്കുന്നതാകും നല്ലത്.
.gif)
മാമലകൾക്കപ്പുറത്ത് എന്തുണ്ട്?
പുഴകളും വെള്ളച്ചാട്ടങ്ങളും കണ്ണെത്താദൂരം മലനിരകളും ഒക്കെയായി നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് മാമലക്കണ്ടം. കേരളത്തിലെ വലിയ പഞ്ചായത്തുകളിലൊന്നായ കുട്ടമ്പുഴയുടെ നടുവിൽ പശ്ചിമ ഘട്ടമലനിരകളെ താങ്ങിനിൽക്കുന്ന സുന്ദര വനപ്രദേശം. കുട്ടമ്പുഴയില്‍നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണിത്.
മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന കുട്ടമ്പുഴ എറണാകുളത്തേക്ക് ചേർത്തതോടെയാണ് മാമലക്കണ്ടം എറണാകുളം ജില്ലയുടെ സ്വന്തമായത്. കോതമംഗലത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരം തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മറികടന്ന് യാത്ര ചെയ്താൽ മാമലക്കണ്ടം എത്താം. ടൈം ടേബിൾ പ്രകാരം യാത്ര ചെയ്യുന്നവർ ഒരിക്കലും ചൂസ് ചെയ്യാൻ പാടില്ലാത്ത ഡെസ്റ്റിനേഷനാണ് മാമലക്കണ്ടം.
മറ്റൊന്ന് ആവശ്യത്തിലധികം ഇന്ധനം വാഹനത്തിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ പുറപ്പെടാവൂ. കൂടുതൽ സമയം ഫസ്റ്റ്, സെക്കൻഡ് ഗിയറുകളിൽ (മാന്വൽ കാറുകൾക്ക് ബാധകം) മാത്രമേ ഇതുവഴി യാത്ര സാധ്യമാകൂ.
തോട്ടിലൂടെ കാറോടിക്കാം
ആദിവാസി കുടികൾ ഉൾപ്പെടുന്ന മാമലക്കണ്ടം മേഖലയിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയിൽ എത്തിച്ചേരാനുള്ള ഏക വഴിയാണ് പന്തപ്ര-മാമലക്കണ്ടം റോഡ്. ഈ റോഡിലെ തകർന്ന കൂട്ടിക്കുളം പാലം പുനർനിർമിച്ചെങ്കിലും പാലത്തിലേക്ക് പ്രവേശിക്കുന്ന അപ്രോച് റോഡ് നിർമാണം പൂർത്തിയാകാത്തത് ദുരിതമായി തുടരുകയാണ്.
താഴെയുള്ള തോട് വഴിയാണ് വാഹനങ്ങൾ കയറിയിറങ്ങി പോകുന്നത്. ഈ റോഡില്ലാതായാൽ മാമലക്കണ്ടത്തുള്ളവർക്ക് കുട്ടമ്പുഴയിലെത്താൻ 12 കിലോമീറ്റർ സഞ്ചരിക്കേണ്ടിടത്ത് 65 കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാകും. കനത്ത മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്ന സന്ദർഭങ്ങളിൽ മേഖലയിലെ താമസക്കാർ ഒറ്റപ്പെടും. റിസ്കെടുക്കാതെ തോട് മറികടന്ന് മണ്ണിട്ട കുത്തനെയുള്ള കയറ്റം മറികടന്നാൽ നേര്യമംഗലം ലക്ഷ്യമാക്കി നീങ്ങാം.
കോടമഞ്ഞും ചാറ്റൽമഴയും കൊടൂര അന്തരീക്ഷവും കൊടും വനവും നിറഞ്ഞ ആ വഴിഅത്ഭുദമായി തോന്നും.ഒരേ സമയം ഭയാനകതയും കുളിർമയും ഒരേ സമയം വേണ്ടുവോളം അനുഭവിപ്പിക്കാൻ പറ്റുന്ന യാത്ര ആകും ഇവിടേക്കുള്ള യാത്ര.
Mamalakkandam tourist place
