( www.truevisionnews.com ) മഞ്ഞണിഞ്ഞ മലമുകളിൽ നിന്നും മഞ്ഞു പോലെയുള്ള ജലധാര പൊഴിക്കുന്ന വെള്ളച്ചാട്ടവും പാറക്കെട്ടുകൾക്കിടയിലൂടെ ഒരു പുഴ ഒഴുകി ഒഴുകി മലമുകൾക്കിടയിൽ അപ്രത്യക്ഷമാകുന്നത്തും കാണണമെങ്കിൽ തുഷാരഗിരിക്ക് വന്നോളൂ. കോഴിക്കോട് ജില്ലയിൽ നിന്ന് 50കിലോമീറ്റർ അകലെയായി കോടഞ്ചേരി എന്ന ഗ്രാമത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം.
മഞ്ഞണിഞ്ഞ മലകൾ എന്ന അർത്ഥം വരുന്ന പശ്ചിമഘട്ടത്തിന്റെ താഴ്വാരത്താണ് ഇവിടം. തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ്. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളതും ആ ജലധാരയുടെ ഭംഗി ആസ്വദിക്കാനും ഈ സമയമാണ് അനുയോജ്യം. സഞ്ചാരികൾക്ക് തടസം കൂടാതെ നടക്കാനും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ കാണാനും ഒരു തൂക്കുപാലം ഉണ്ട്.
.gif)

അതിലൂടെ വെള്ളച്ചാട്ടം ഒരുവശത്ത് നിന്ന് ആരംഭിച്ച് മറുവശത്തിലൂടെ ഒഴുകി പോകുന്നതും കാണാം. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഈ നദി മൂന്നായി പിരിഞ്ഞു മൂന്നു മഞ്ഞുപോലെയുള്ള ജലധാരമായി മറുന്നു.
75 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണ് ഏരാട്ടുമുക്ക്. മറ്റ് രണ്ട് വെള്ളച്ചാട്ടങ്ങളായ തേൻപാറയും മഴവിൽ ചട്ടവും ഉൾപ്പെടെ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു പരമ്പരയയാണ് തുഷാരഗിരി. ഇവ മുന്നും വ്യത്യസ്തമായ പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതയും ഭംഗിയും പ്രദാനം ചെയ്യുന്നു.
കൂടാതെ പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയുള്ള യാത്രയിൽ പക്ഷികളുടെയും ജീവജാലങ്ങളുടെയും ചിലക്കുന്ന ശബ്ദങ്ങളും അവയുടെ ദൃശ്യ ചാരുതയും ഓരോ വെള്ളച്ചാട്ടത്തിലേക്ക് എത്തുമ്പോഴും കാണാനും കേൾക്കാനും സാധിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരെ തുഷാരഗിരി ആകർഷണ കേന്ദ്രമാക്കുന്നത് പ്രധാനമായും വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളുടെ മുകളിലേക്ക് പോകുന്ന ട്രെക്കിംഗ് പാതകളുമാണ്.
ചിത്രശലഭങ്ങളും ഇവിടെ ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. 45 ഓളം വൈവിധ്യ ചിത്രശലഭങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 60 വർഷം മുമ്പ് അന്യം നിന്നു പോയെന്നു കരുതുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭത്തെയും ഇവിടെ കണ്ടെത്തിയെന്നത് ഇവിടെ എത്രത്തോളം പ്രകൃതിയുടെ അനുഗ്രഹം ഉണ്ടെന്ന് മനസ്സിലാക്കാം.
തുഷാരഗിരിയിൽ 120 വർഷത്തോളം പഴക്കമുള്ള താന്നി മുത്തശ്ശി എന്ന മരവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ദ ഗ്രേയിറ്റ് ഹോളോ ട്രീ എന്ന പേരിട്ടിട്ടുള്ള ഈ മരത്തിന്റെ അടിഭാഗത്ത് മൂന്നുപേർക്ക് ഒരേസമയം കയറാനും ഇരിക്കാൻ സാധിക്കും. ഉള്ളു മൊത്തം പൊള്ളയായതിനാൽ മരത്തിന്റെ മുകൾ ഭാഗം വരെ നമുക്ക് കാണാം.
തുഷാരഗിരി വെള്ളച്ചാട്ടത്തിലെ തൊട്ടു താഴെ ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ ആർച്ച് മോഡൽ പാലം സ്ഥിതി ചെയ്യുന്നു. ഈ പാലത്തിൽ നിന്ന് നോക്കുമ്പോൾ ഒരു പുഴ ഒഴുകി ഒഴുകി പാറക്കെട്ടുകൾക്കിടയിലൂടെ മലമുകൾക്കിടയിൽ അപ്രത്യക്ഷമാകുന്നത് കാണാൻ സാധിക്കും.
അതിമനോഹരമായ പച്ചവിരിച്ച ആ മലകൾക്കിടയിലേക്ക് ആ നദി ഒഴുകി പോകുന്നത് കാണുമ്പോൾ തന്നെ കണ്ണിനും മനസ്സിൽ കുളിർമയേകും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സിപ് ലൈൻ കയറിയാൽ തുഷാരഗിരിയുടെയും പാലത്തിന്റെയും മുഴുവൻ ഭംഗിയും ദൃശ്യമാകും.
ഒരു യാത്രികന് ഓരോ സ്ഥലങ്ങളും കാഴ്ചകളും പുതിയ അനുഭവങ്ങളും പാഠങ്ങളും സമ്മാനിക്കും. തുഷാരഗിരിയും അതുപോലെതന്നെ നിങ്ങൾക്ക് നല്ലൊരു ഭംഗിയേറിയതും മനസ്സുനിറഞ്ഞതുമായ കാഴ്ചകൾ നൽക്കുമെന്ന് ഉറപ്പാണ്.
wonders hidden by nature Thushagiri is calling you to tourists travel
