കൊല്ലം : ( www.truevisionnews.com ) വർഷങ്ങളായി കൊല്ലത്തിൻ്റെ നട്ടെല്ലായ ആർ.എസ്.പി എന്ന രാഷ്ട്രീയ സംഘടനയുടെ അവസ്ഥ ഔദ്യോഗികമായി നോക്കുമ്പോൾ ദയനീയമാണ്. പാർട്ടിക്കുള്ളിലെ അണികളുടെ കൊഴിഞ്ഞ് പോക്കാണ് സംഘടനയുടെ ദൗർബല്യത്തിന് കാരണം.

മത്സ്യ തൊഴിലാളികൾ , കയർ തൊഴിലാളികൾ , കശുവണ്ടി തൊഴിലാളികൾ , കമ്പനി തൊഴിലാളികൾ തുടങ്ങി പ്രധാന പിന്തുണയുള്ള അടിത്തറയിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ പാർട്ടിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. ഇത്തരത്തിൽ 3.85 ശതമാനം കൊഴിഞ്ഞ് പോക്കാണ് പാർട്ടിക്കുള്ളിൽ സംഭവിച്ചിരിക്കുന്നത് എന്നതാണ് സൂചന.
മാത്രമല്ല പാർട്ടി കേരള ഘടകത്തിൻ്റെ അംഗത്വത്തിലും സ്ഥിരമായ വർദ്ധനവ് ഉണ്ടാകാത്തതും ആർ.എസ്.പി എന്ന പാർട്ടിയെ ക്ഷീണിപ്പിക്കുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പെട്ടെന്നുള്ള വളർച്ചയും, അടിച്ചമർത്തലും, വേട്ടയാടലുമാണ് കൊല്ലത്ത് പാർട്ടി പ്രവർത്തകരുടെ പാർട്ടി വിടലിന് കാരണമായി പറയപ്പെടുന്നത് .
മാത്രമല്ല കൊല്ലത്ത് ബി.ജെ.പി സംഘടനകൾ തലപൊക്കിയതും അവർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പോയ വർഷങ്ങളിൽ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തിയതും ആർ.എസ്.പി എന്ന സംഘടനയുടെ ശോഷണത്തിന് വഴി വെച്ചതായും കണക്കാക്കപ്പെടുന്നു.
മാത്രമല്ല പാർട്ടിയിലേക്ക് വരുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിപ്പിച്ചു. ഇരവിപുരം , കൊല്ലം , ശക്തികുളങ്ങര, നീണ്ടകര, കാവനാട്, ചവറ, പൻമന എന്നീ ഭാഗങ്ങളിലും യുവാക്കൾ മറ്റ് പാർട്ടികളിലേക്ക് ആകൃഷ്ടരായതും സംഘടനയെ ക്ഷീണിപ്പിച്ചു. മാത്രമല്ല തൊഴിലാളികൾ പാർട്ടിയിൽ നിന്ന് അകലുന്നതിനും ഇത് കാരണമായി.
പാർട്ടിയിലെ ധൈഷിണിക മേഖലയിൽ ഒറ്റയാനെന്ന് വിശേഷിപ്പിക്കുന്ന എൻ.കെ.പ്രേമചന്ദ്രന് കേരളത്തിൽ തുടരാനാവാത്തതും അദ്ദേഹത്തിൻ്റെ പാർട്ടിയിൽ അടിസ്ഥിതപ്പെടുത്തിയ ജനാധിപത്യ മൗലിക വീഷണങ്ങൾ ജനങ്ങളിലേക്ക് യഥാസമയം എത്താതെ പോവുന്നതും കൊല്ലത്ത് പാർട്ടി ക്ഷയിക്കുന്നതിന് കാരണമായി.
പാർട്ടിയുടെ ജനാധിപത്യ വികസനം മുൻ തൊഴിൽ മന്ത്രി ഷിബു ബേബി ജോണിലൂടെ സാധ്യമാക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാടെ പരാജയപ്പെടുന്ന കാഴ്ചയാണ് കൊല്ലത്ത് പിന്നെ കാണാനായത്.
യു.ഡി.എഫു മായി ചേർന്ന് പ്രവർത്തിച്ച് മന്ത്രിയായിരുന്നതിന് ശേഷം രണ്ടു തവണ ഷിബു ബേബി ജോൺ പട നയച്ചെങ്കിലും അവസാന ലാപ്പുകളിൽ വന്ന വോട്ട് ചോർച്ച അദ്ദേഹത്തെ നിയമസഭക്ക് പുറത്തിരുത്തി. ഭരണത്തിലൂടെയല്ല നിരന്തരമായ രാഷ്ട്രീയത്തിലൂടെയും, സമരത്തിലൂടെയുമാണ് പാർട്ടി വളരേണ്ടത് എന്ന തിരിച്ചറിവില്ലാതെ പോയതും നേതാക്കളെ നാടിൻ്റെ അധികാര പ്രാതിനിധ്യത്തിൽ നിന്നും, പങ്കാളിത്തത്തിലും ഒറ്റപ്പെടുത്തി.
ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യം ചെയ്യലാണ് എന്ന വസ്തുത പാർട്ടിയിലെ മുതിർന്ന നേതാക്കൾ മറന്നതും പാർട്ടിയുടെ വളർച്ചക്ക് കടിഞ്ഞാണിട്ടു. മറ്റു പാർട്ടികളുടെ കൊല്ലത്തുള്ള വളർച്ച നേതാക്കൾ തിരിച്ചറിയാതെ പോയതും എൻ.കെ. പ്രേമചന്ദ്രൻ , ഷിബു ബേബി ജോൺ എന്നിവർക്ക് പുറമെ ഒരു സർവ്വാധിപതിയെ ആർ.എസ്.പി ഉയർത്തി കൊണ്ട് വരാഞ്ഞതും പാർട്ടിക്ക് ജനങ്ങൾക്കിടയിൽ മതിപ്പ് കുറയുന്നതിനും കാരണമായി.
1940 മാർച്ച് 19 ന് ത്രിബദ് ചൗധരി സ്ഥാപിച്ച റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ലോക്സഭയിൽ ഒരു സീറ്റിൽ ഒതുങ്ങുകയും കൊല്ലത്ത് ടി.കെ ദിവാകരൻ , ബേബി ജോൺ തുടങ്ങി ചരിത്ര പ്രസിദ്ധ നേതാക്കൾ കൊടി നാട്ടിയ സംഘടന ഇന്ന് പേരിന് മാത്രം അവശേഷിക്കുകയും ചെയ്യുന്ന നിലയിലേക്ക് എത്തപ്പെട്ടു.
അതേ സമയം, പാർട്ടിക്കുള്ളിൽ കൊഴിഞ്ഞ് പോക്ക് ഉണ്ടായിട്ടില്ല എന്ന അവകാശവാദമാണ് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഉന്നയിക്കുന്നത്. കഴിഞ്ഞ ആർ .എസ് .പി സമ്മേളനത്തിൽ പതിനായിരത്തോളം പേർ പുതുതായി പാർട്ടിയിൽ അം ഗ്വതം എടുത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് , അസംബ്ലി തെരഞ്ഞെടുപ്പ് മുൻ നിർത്തി 2025 വിഷൻ എന്ന ഭാവി പരിപാടിയുമായി മുന്നോട്ട് പോവാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. കൊല്ലം കോർപ്പറേഷനിൽ മത്സരിക്കുന്ന സീറ്റുകളിൽ എല്ലാം വിജയം കണ്ടെത്താനും , വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്താനും ഭൂരിപക്ഷം നേടാനുമുള്ള പ്രവർത്തനങ്ങൾ ആറു മാസം മുമ്പ് തന്നെ തുടങ്ങിവെച്ചതായും ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ വ്യക്തമാക്കി.
ഹരികൃഷ്ണൻ . ആർ
RSP cadre strength Kollam rapidly decreasing due los balance power
