മുദ്രാവാക്യങ്ങൾ മുഴക്കി ലോങ് ബെല്ലടിച്ച് പുസ്തകങ്ങളുമേന്തി കൂട്ടമായി ഓടാനുള്ള നിർദ്ദേശം; അടിയന്തരാവസ്ഥയും വടക്കുമ്പാട് ഹൈസ്കൂൾ പഠിപ്പുമുടക്കും- ഒരോര്‍മ്മ

മുദ്രാവാക്യങ്ങൾ മുഴക്കി ലോങ് ബെല്ലടിച്ച് പുസ്തകങ്ങളുമേന്തി കൂട്ടമായി ഓടാനുള്ള നിർദ്ദേശം; അടിയന്തരാവസ്ഥയും വടക്കുമ്പാട്  ഹൈസ്കൂൾ പഠിപ്പുമുടക്കും- ഒരോര്‍മ്മ
Jun 24, 2025 03:18 PM | By Truevision Admin

ഓർമ്മകളിൽ സമരപുളകങ്ങളുടെ വേലിയേറ്റംപോലെ 1975 ജൂലായ് 11

ഭരണകൂട ഭീകരതയിൽ പൗരാവകാശങ്ങൾ ഞെരിച്ചമർത്തപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ നാട്ടിൽ പരക്കെ പ്രതിഷേധം എരിഞ്ഞുപുകയുന്ന നാളുകൾ... ആയിടയ്ക്കാണ് സംഘടനാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ജനാധിപത്യക്കശാപ്പിൽ എസ് എഫ് ഐ ശക്തമായ എതിർപ്പുയർത്തിയത്. ജൂലായ് 9, 10, 11 തിയ്യതികളിലായി വിദ്യാർത്ഥികളെ ചെറുഗ്രൂപ്പുകളായി പങ്കെടുപ്പിച്ചുള്ള പ്രതിഷേധമുറകൾ. ആദ്യദിവസം പോസ്റ്റർ പ്രചാരണം, പിറ്റേന്ന് മെഗഫോണിൽ പ്രസംഗവും അനൗൺസ്മെന്റും പ്രധാന പ്രാദേശിക കേന്ദ്രങ്ങളിൽ പ്രകടനവും , അവസാന നാളിൽ പഠിപ്പുമുടക്കും.


വിദ്യാർത്ഥി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതനുസരിച്ചാണ് പ്രക്ഷോഭത്തിനുള്ള രഹസ്യനിർദ്ദേശമെത്തിയത്. അക്കാലത്ത് എസ് എഫ് ഐക്ക് സ്വാധീനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുവെ കുറവായിരുന്നു. അതുകൊണ്ട് എല്ലായിടത്തും സമരം നടത്താനാവില്ല. എന്നാൽ, സംഘടനാശേഷിയുള്ള യൂണിറ്റുകളിൽ പഠിപ്പുമുടക്ക് വിജയിപ്പിക്കുകതന്നെ വേണമെന്നായിരുന്നു ആഹ്വാനം. എം എ ബേബിയാണ് അന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ; സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.

രണ്ടുപേരെയും ദേശീയ സുരക്ഷിതത്വ നിയമപ്രകാരം (M l S A - മെയ്ൻ്റ്നൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് ) അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. പകരം എം വിജയകുമാറും സി കെ ശശിയുമായിരുന്നു യഥാക്രമം ആക്ടിങ് പ്രസിഡന്റ് - സെക്രട്ടറി ചുമതലയിൽ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് കെ ജയരാജനാണ് ; സെക്രട്ടറി കെ ഇബ്രാഹിമും .


പേരാമ്പ്ര ഏരിയയിൽ വടക്കുമ്പാട് ഹൈസ്ക്കൂളിൽ സമരം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ നേതൃചുമതല എനിക്കായിരുന്നു. ചേളന്നൂർ എസ് എൻ കോളേജിൽ പഠിച്ച് പ്രീഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തുനിൽക്കുന്ന സമയമാണ്. വിദ്യാർത്ഥി ഫെഡറേഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി . കക്കോടി - ബാലുശ്ശേരി ഏരിയകൾക്കു പുറമെ പേരാമ്പ്രയിലും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അടിയന്തരാവസ്ഥക്കെതിരായ മുദ്രാവാക്യങ്ങൾ കടലാസ്സിൽ ഭംഗിയായി എഴുതിയ പോസ്റ്ററുകൾ ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഞങ്ങൾ ഒട്ടിച്ചു. ജൂലായ് 10 ന് രാത്രി പല സ്ക്വാഡുകളായി മെഗഫോൺ പ്രചാരണവും നടത്തി. വടക്കുമ്പാട്ടേക്ക് കുട്ടികൾ നടന്നുപോരുന്ന റോഡുകളിൽ കവലകളിലെല്ലാം ചാക്ക് ബോർഡും വെച്ചു. അങ്ങനെ പഠിപ്പുമുടക്ക് ഉറപ്പാണെന്ന സന്ദേശം എങ്ങും പരന്നതിനാൽ ജൂലായ് 11 -ന് ഹൈസ്കൂൾ ക്ലാസുകളിൽ കുറഞ്ഞ തോതിലേ വിദ്യാർത്ഥികൾ വന്നിരുന്നുള്ളൂ.

പോരാത്തതിന് സ്കൂൾ പരിസരത്തെ പൊലീസ് കാവലാകട്ടെ, കുട്ടികളിൽ ഭീതി വളർത്തി. ഏറ്റവും മുകളിലെ ഹെഡ് മാസ്റ്ററുടെ മുറിക്ക് മുമ്പിൽ കൂടിനിന്ന് ഒരു വട്ടംമാത്രം മുദ്രാവാക്യങ്ങൾ മുഴക്കിയശേഷം ലോങ് ബെല്ലടിച്ച് പുസ്തകങ്ങളുമേന്തി താഴേക്ക് കൂട്ടമായി ഓടാനുള്ള നിർദ്ദേശം യൂണിറ്റ് ഭാരവാഹികൾ സമർത്ഥമായി നടപ്പാക്കി. അതോടെ താഴെ ക്ലാസുകളിലെ വിദ്യാർത്ഥികളും ഇറങ്ങി ഒപ്പം ഓടി. മുദ്രാവാക്യംവിളിയും ബെൽമുഴക്കവും കേൾക്കുമ്പോൾ മുന്നിട്ടിറങ്ങാനും ഓരോ ക്ലാസിലും താരതമ്യേന മുതിർന്ന മൂന്നോ നാലോ കുട്ടികളെ ശട്ടംകെട്ടിയിരുന്നു. പൊലീസ് സംഘം ചാടിക്കയറി എത്തുമ്പോഴേക്ക് കുട്ടികൾ നാനാവഴിക്ക് ഓടിമറഞ്ഞു. എന്താണ് സംഭവിച്ചതെന്നുപോലും അവർക്ക് പെട്ടെന്ന് മനസ്സിലായില്ല.


ഹൈസ്കൂൾ പരിസരത്ത് വൻ പൊലീസ് സന്നാഹമുണ്ടായിട്ടും അത് കൂസാതെ അതിസാഹസികമായാണ് കുട്ടികൾ സമരം വിജയിപ്പിച്ചത്. അതിന് നേതൃത്വം നൽകിയ എസ് എഫ് ഐ യൂനിറ്റ് ഭാരവാഹികളെ സ്കൂളിൽനിന്ന് അന്നുതന്നെ പുറത്താക്കിയതായി ഹെഡ് മാസ്റ്റർ നോട്ടീസിട്ടു - കെ കെ ഗോപി , കെ ഡി ജോർജ് , വി സുഗതൻ , പി ടി സുരേന്ദ്രൻ എന്നിവരെ. (ഇവരിൽ ആദ്യത്തെ രണ്ടു പേർക്കും നിർബന്ധത ടി സി നൽകി പറഞ്ഞയച്ചു. മറ്റു രണ്ടു പേരെയും പിന്നീട് തിരിച്ചെടുത്തു ).

രാപകൽ ഭേദമില്ലാതെ പൊലീസ് അഴിഞ്ഞാട്ടമായിരുന്നു തുടർന്നുള്ള ഒരാഴ്ചയോളം പാലേരിയിലും പരിസരങ്ങളിലും . അതിന്റെ തുടർച്ചയായാണ് സി പി ഐ (എം) പാലേരി ബ്രാഞ്ച് സെക്രട്ടരിയായിരുന്ന വി കെ സുകുമാരൻ മാസ്റ്ററുടെ വീട്ടിലും എന്റെ വീട്ടിലും പൊലീസ് റെയിഡ് നടത്തിയത്. ഇതേ സ്കൂളിൽ അധ്യാപകനായിരുന്ന വി കെ എസിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി ജയിലിലാക്കി. ഡി ഐ ആർ (ഡിഫെൻസ് ഓഫ് ഇന്ത്യ റൂൾ ) പ്രകാരം കേസ് ചുമത്തുകയുമുണ്ടായി. (കേസ് വിചാരണ ചെയ്ത് തള്ളിപ്പോവുംവരെ ആറു മാസത്തോളം തടങ്കലിൽ ) . പല പ്രാവശ്യം ഹർജി സമർപ്പിച്ചിട്ടും ജാമ്യത്തിൽ വിട്ടതേയില്ല.

എന്നാൽ , ഒളിവിൽ പോയതിനാൽ എന്നെ പിടികിട്ടിയില്ല. പകരം അച്ഛനെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കി. പാർട്ടി - സാഹിത്യഗ്രന്ഥങ്ങൾ മാത്രമല്ല, എന്റെ പാഠപുസ്തകങ്ങളും ചില സമ്മാന സർട്ടിഫിക്കറ്റുകളുംവരെ അവർ വാരിവലിച്ചിട്ട് കത്തിച്ചു. അച്ഛനെ വിടണമെങ്കിൽ എന്നെ ഹാജരാക്കണമെന്നായിരുന്നു എസ് ഐ നന്ദകുമാറിന്റെ കല്പന. മൂന്നാം ദിവസം വൈകിട്ട് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ചാത്തൻ മേനോൻ ഇടപെട്ട് അച്ഛനെ വിടീച്ചത് ആശ്വാസമായി. അമ്മയുടെ കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധമാണ് ഇക്കാര്യത്തിൽ സഹായകമായത്. ആ ദിവസങ്ങളിലൊക്കെ അനുഭവിച്ച മനഃസംഘർഷം പറഞ്ഞറിയിക്കാനാവില്ല. നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചെന്നാലോ എന്നുവരെ തോന്നി.

പക്ഷേ, ഒളിവിൽ തുടരാനായിരുന്നു ബന്ധപ്പെട്ട സഖാക്കൾ അറിയിച്ചത് . എന്നാൽ അച്ഛന്റെ അവസ്ഥ ആലോചിച്ചിട്ട് എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. ആ ലോക്കപ്പിൽ മുമ്പ് പല ദിവസങ്ങളിൽ കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്. കാറ്റും വെളിച്ചവും കിട്ടാത്തൊരു കുടുസ്സുമുറിയാണ്. അതിൽ ചാക്കുപോലുള്ളൊരു പഴയ ഷീറ്റിൽ സിമന്റ് തറയിൽ കിടക്കണം. ഒരിക്കൽ വടക്കുമ്പാട് ഹൈസ്കൂളിലെ ഏറ്റുമുട്ടൽ കേസിൽ പ്രതിയാക്കി പിടിച്ചപ്പോൾ നിക്കറൊഴികെയുള്ള വസ്ത്രങ്ങൾ അഴിപ്പിച്ചു. അതും സാരമില്ല. ഇടയ്ക്ക് വരുന്ന ഓരോ പൊലീസുകാരന്റെയും തെറിപറച്ചിലും ... അതൊക്കെ അക്കാലത്തെ പതിവുപീഡനമുറയായിരുന്നു.

അച്ഛൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നില്ല ; ഒരു പക്ഷംചേർന്നും പ്രവർത്തിച്ചിട്ടുമില്ല. കൂനിയോട് ഭഗവതീ ക്ഷേത്രത്തിലെ അയിത്തത്തിനെതിരായ പ്രതിഷേധത്തിലേ ആകെ പങ്കെടുത്തിട്ടുള്ളൂ. ഒരു കേസിലും പ്രതിചേർക്കാൻ ആർക്കും തോന്നാത്ത അത്രയും സാത്വികനാണ്. തികച്ചും നിരപരാധിയായ അച്ഛനെ രണ്ട് രാത്രിയും മൂന്ന് പകലും പൊലീസ് ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിച്ചത് ഏത് നിയമ പിൻബലത്തിലാണ്... ആ ദിവസങ്ങളിൽ എന്റെ അമ്മയും സഹോദരങ്ങളും അനുഭവിച്ച കടുത്ത മനോവേദനയ്ക്ക് ആരാണ് ഉത്തരവാദി...

അന്നത്തെ നാട്ടിൻപുറത്തെ സാധാരണക്കാരിൽ ചിലർ കുറ്റപ്പെടുത്തിയപോലെ "കുരുത്തംകെട്ട " ഈ ചെക്കനോ ... പക്ഷേ, ഇതെത്ര നിസ്സാരം ! ചാത്തമംഗലം ആർ ഇ സി വിദ്യാർത്ഥിയായിരുന്ന പി രാജൻ, മണ്ണാർക്കാട് എം ഇ എസ് കോളേജിൽ പഠിച്ചിരുന്ന മുഹമ്മദ് മുസ്തഫ തുടങ്ങിയ അടിയന്തരാവസ്ഥയിലെ രക്തസാക്ഷികളും അവരുടെ കുടുംബങ്ങളും എത്രയേറെ കഠിന നൊമ്പരങ്ങൾ സഹിച്ചു... വേറെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ എത്രയെത്ര പേർ എന്തെല്ലാം കൊടുംയാതനകൾക്ക് ഇരകളായി ...

ഇന്ന് പല നിസ്സാര പൊലീസ് നടപടികളെയും സ്ഥാനത്തും അസ്ഥാനത്തും പഴിച്ച് രോഷംകൊള്ളുന്ന ചില യു ഡി എഫ് നേതാക്കളുണ്ടല്ലോ. കോൺഗ്രസ്സിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യം പറയുന്ന "നിഷ്പക്ഷ സ്വതന്ത്ര നിലപാടുകാരു "മുണ്ട് അനേകം. അക്കൂട്ടർ ഓർക്കുമോ - പണ്ട് തങ്ങൾ പാടിപ്പുകഴ്ത്തിയ അടിയന്തരാവസ്ഥയിലെ ഇത്തരം നിന്ദ്യമായ അതിക്രമങ്ങളും അരുതായ്മകളും...

a reminder of the kerala state of emergency and the suspension of classes at Vadakkumpad High School perambra kozhikode

Next TV

Related Stories
സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

Jul 14, 2025 11:51 AM

സ്മൃതി ഇറാനി രാഷ്ട്രീയം ഉപേക്ഷിച്ചോ? ആ പെൺസിംഹം ഇപ്പോൾ എവിടെ

ഭാരതം ബി.ജെ.പിയുടെ പതാക നെഞ്ചിലേറ്റി നീണ്ട പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സ്മൃതി ഇറാനി രാഷ്ട്രീയം വിടുന്നു എന്നതാണ് രാഷ്ട്രീയ ഭാരതം ചർച്ച...

Read More >>
പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

Jul 11, 2025 03:08 PM

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.......

Read More >>
Top Stories










//Truevisionall