മാഹി: ( www.truevisionnews.com ) വീട്ടിൽ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ചെടുത്ത സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസിൽ താമസിക്കുന്ന ഹീരയുടെ മാലയാണ് ഇവർ തട്ടിപ്പറിച്ചെടുത്തത്.

വാതിൽ ബലമായി തള്ളിത്തുറന്ന് വീട്ടിനകത്ത് കടന്ന പ്രതികൾ ഹീര അണിഞ്ഞിരുന്ന താലിമാല തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതി കിട്ടിയതിന് പിന്നാലെ കേസെടുത്ത ഊർജിതാന്വേഷണം നടത്തിയ മാഹി പോലീസ് കേസിന് തുമ്പുണ്ടാക്കി.
മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്ഐ അജയകുമാറിന്റെ നേതൃത്യത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളായ മുരളി, ഭാര്യ സെൽവി എന്നിവരെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇന്നലെ പിടികൂടി.
ഇവരിൽ നിന്ന് കളവുമുതലായ താലിമാല കണ്ടെടുത്തു. അന്വേഷണസംഘത്തിൽ ഗ്രേഡ് എസ്ഐ മാരായ സുനിൽകുമാർ മൂന്നങ്ങാടി, എൻ.സതീശൻ എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാഹി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.
Couple arrested for breaking elderly woman house Mahe stealing eight-pound gold necklace
