ചെന്നൈ: ( www.truevisionnews.com ) ചെന്നൈയിൽ വൻ കവർച്ച. വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്.

സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടൻ രാജനേയും ഇയാളുടെ കൂട്ടാളിയേയും ഇടനിലക്കാരനായ രണ്ട് പേരേയും ശിവകാശിയിൽ നിന്നാണ് പിടികൂടിയത്. വജ്രം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇവർ ചന്ദ്രശേഖരനിൽ നിന്നും കവർച്ച നടത്തിയത്.
ഇരുവരുമുണ്ടാക്കിയ ധാരണപ്രകാരം ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായിട്ടാണ് ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തിയത്. ഇടപാടുകാർ പറഞ്ഞത് പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണവുമായി പോയത്. മുറിയിൽ കയറിയ ഉടൻ നാലു പേർ ചേർന്നു മർദിക്കുകയും കെട്ടിയിട്ടതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.
തുടർന്ന് ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ മകൾ ഹോട്ടൽ മുറിയിൽ അന്വേഷിച്ച് ചെന്നപ്പോൾ ഇയാളെ മുറിയിൽകെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽനിന്ന് പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു.
പിന്നീട് വിവരം എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരങ്ങൾ കൈമാറി. തുടർന്ന് ശിവകാശിയിലെ ടോൾ പ്ലാസയ്ക്ക് സമീപം തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.
Four arrested for robbing businessman diamond jewellery worth twenty crores by tying hotel
