മാഹി: ( www.truevisionnews.com ) മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ മയങ്ങിപ്പോയ യാത്രക്കാരന്റെ സ്വർണമാല കവർന്ന ഓട്ടോ ഡ്രൈവറെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മാഹി പൂഴിത്തല സ്വദേശിയായ ഓട്ടോ ഡ്രൈവർ സുരേന്ദ്രൻ എന്ന സൂരനാണ് (45) അറസ്റ്റിലായത്.

ഇയാളുടെ ഓട്ടോയിൽ യാത്ര ചെയ്ത തലശ്ശേരി നെട്ടൂർ സ്വദേശി ചാലിൽ ഹൗസിൽ ധനേഷാണ് (40) പരാതിക്കാരൻ. ഇക്കഴിഞ്ഞ ഏപ്രിൽ 20 നായിരുന്നു സംഭവം. ധനേഷ് മാഹി പൂഴിത്തലയിലെ മദ്യശാലയിൽ നിന്ന് മദ്യപിച്ച ശേഷം സുരേന്ദ്രന്റെ ഓട്ടോയിൽ മടപ്പള്ളിയിലെ ഭാര്യ വീട്ടിലേക്ക് യാത്ര പോകുകയായിരുന്നു.
ഓട്ടോയിൽ കയറിയ ഉടനെ ഇയാൾ മയങ്ങിപ്പോയിരുന്നു. ഇതിനിടെ ധനേഷ് അണിഞ്ഞിരുന്ന മാല ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. മയങ്ങിക്കിടന്ന യാത്രക്കാരനുമായി ഓട്ടോറിക്ഷ പൂഴിത്തലയിലെ ശ്മശാനം റോഡിലേക്ക് ഓടിച്ച് പോയി. ഈ സ്ഥലത്ത് ഓട്ടോ നിർത്തി മാല കവരുകയായിരുന്നു.
പിന്നീട് ഓട്ടോ മടപ്പള്ളിയിലേക്ക് തിരിച്ച് വിട്ട് ധനേഷിനെ അവിടെ ഇറക്കിയ ശേഷം മാഹിയിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ധരിച്ച ഒരു പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടത്. ഉടൻ മാഹിയിലെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂഴിത്തല ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഓട്ടോ തൊഴിലിൽ ഏർപ്പെട്ട പ്രതിയെ അഴിയൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യപ്പോൾ സ്വർണമാല തലശ്ശേരി മെയിൻ റോഡിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതായി തെളിഞ്ഞു. തൊണ്ടി മുതൽ സ്വർണക്കടയിൽ നിന്ന് കണ്ടെത്തി.
Auto driver arrested for stealing gold necklace from drunk passenger Mahe
