കല്ലടിക്കോട്: (www.truevisionnews.com) കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപം യുവാവിനെ കാണാതായി. യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരും.

അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ മണികണ്ഠനെയാണ് (24) കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
മലയുടെ സമീപത്തെ സ്വകാര്യതോട്ടത്തില്‍ തേന്‍ ശേഖരിക്കാനായി ഒന്‍പതുപേരാണ് ഞായറാഴ്ചയെത്തിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഇവിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കിലാണ് ഇവര്‍ രാത്രി കഴിഞ്ഞത്.
തിങ്കളാഴ്ച രാത്രി വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിടെ മണികണ്ഠന്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ശബ്ദംകേട്ട് ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, പാലക്കാട്ടുനിന്ന് സ്‌കൂബാസംഘം തിരച്ചില്‍ നടത്തി.
യുവാവിന്റെ ചെരിപ്പ് വെള്ളത്തില്‍നിന്നും ടോര്‍ച്ച് സമീപത്തെ വെള്ളമുള്ള കുഴിയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ആറുപേരടങ്ങുന്ന സ്‌കൂബ ടീം രാവിലെ 10-ന് തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലോടെ അവസാനിപ്പിച്ചു.
വെള്ളച്ചാട്ടം പതിക്കുന്ന പ്രധാന കുഴിയില്‍ വലിയ ചുഴിയുള്ളതിനാല്‍ തിരച്ചില്‍ പ്രയാസമാണ്. സ്‌കൂബ അംഗങ്ങളായ സതീഷ്, വിനോദ്, സന്തോഷ്, രമേഷ്, വികാസ്, അമല്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്.
മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.പി. സീന, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ അനിത സന്തോഷ്, എച്ച്. ജാഫര്‍, പാലക്കയം വില്ലേജോഫീസര്‍ സെബാസ്റ്റ്യന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
#youngman #group #collecthoney #Attappadi #gone #missing #search #begin
