പാലക്കാട്: (www.truevisionnews.com) സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു.
ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്.
പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേസമയം, വിഷയത്തിൽ പ്രതിഷേധവും ഉയരുകയാണ് . ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ല എന്ന് മുണ്ടൂർ പഞ്ചായത്ത് സിപിഎം നേതാവ് പി എ ഗോകുൽദാസ് പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ പഞ്ചായത്തിൽ ഉച്ചവരെ ഹർത്താൽ പ്രഖ്യാപിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും, വനമന്ത്രിയോട് അടിയന്തരം നടപടി ആവശ്യപ്പെട്ടെന്നും എംഎൽഎ പ്രഭാകരൻ പറഞ്ഞു.
ബിജെപി ഇന്ന് ഡി.എഫ് ഓഫീസ് ഉപരോധിക്കും. അതേസമയം, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അലൻ്റെ മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
#Wildelephantattack #Palakkad #CPM #hartal #Mundur #today
