കോഴിക്കോട്: ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന നയതന്ത്രജ്ഞരും ചാരന്മാരും ശത്രുക്കളല്ലെന്നും പകരം, പരസ്പരം നിരന്തരം ആശ്രയിക്കുന്ന സഹകാരികളാണെന്നും ഇന്ത്യൻ ഇൻറലിജൻസ് ബ്യൂറോയുടെ മുൻ സ്പെഷ്യൽ ഡയറക്ടറും റോയുടെ മുൻ സെക്രട്ടറിയുമായ എ എസ് ദുലാത്.

ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി ശിവ്ശങ്കർ മേനോനൊപ്പം കെഎൽഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ വർമ്മയായിരുന്നു സെഷൻ്റെ മോഡറേറ്റർ.
ഇന്ത്യയുടെ വിദേശകാര്യ ഇടപെടലുകളെ കുറിച്ചും നയതന്ത്ര നയപരിപാടികളെ കുറിച്ചും വിശദമായ ചർച്ചക്ക് സെഷൻ വേദിയായി. പാനലിസ്റ്റുകൾ ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലത്തെ ഓർത്തെടുത്തു കൊണ്ടാണ് ചർച്ച ആരംഭിച്ചത്.
ശ്രീലങ്കയുമായുള്ള ഇന്ത്യൻ നയതന്ത്ര ബന്ധം അന്നും ഇന്നും മികച്ച രീതിയിലാണെന്നും സമീപകാലത്ത് ശ്രീലങ്കയിലുണ്ടായ ആഭ്യന്തര പ്രതിസന്ധിയെ ഇന്ത്യൻ നയതന്ത്രജ്ഞർ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും ശിവ്ശങ്കർ മേനോൻ നിരീക്ഷിച്ചു.
പാക്കിസ്ഥാനെക്കാൾ നയതന്ത്രപരമായി ഇടപെടാൻ ബുദ്ധിമുട്ട് ചൈനയുമായാണെന്നും ചൈനക്കാർ നയതന്ത്രജ്ഞരെ പോലും ചാരന്മാരായാണ് കണക്കാക്കുന്നത് എന്നും ഇരുവരും തങ്ങളുടെ ചൈനീസ് അനുഭവങ്ങളെ മുൻനിർത്തി നിരീക്ഷിച്ചു.
ഐ എസ് ഐ മുൻ മേധാവി ജനറൽ അസദ് ദുറാനിയോടൊപ്പം ദുലാത് എഴുതിയ കോവേർട്ട് : ദി സൈക്കോളജി ഓഫ് വാർ ആൻഡ് പീസ് എന്ന പുസ്തകം ഐഎസ്ഐ മേധാവിക്ക് ഉണ്ടാക്കിയ തലവേദനകൾ എഴുത്തുകാരൻ പങ്കുവെച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയുടെ നയതന്ത്ര രംഗത്തുണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യയുടെ 80 വർഷമായി തുടരുന്ന നയതന്ത്ര പാരമ്പര്യത്തിന് കാതലായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നും എന്നാൽ അടുത്തകാലത്ത് നയതന്ത്ര ബന്ധങ്ങൾ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥിതി സംജാതമായിട്ടുണ്ടെന്നും ശിവ്ശങ്കർ മേനോൻ ചൂണ്ടിക്കാണിച്ചു.
ഈ പ്രവണത ഒരേസമയം നല്ലതും മോശവുമായ ഫലങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളിൽ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ആഭ്യന്തര കുഴപ്പങ്ങളെ കുറിച്ച് ഇന്ത്യയിൽ നടന്ന ചർച്ചകൾ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെ ദോഷകരമായി ബാധിച്ചപ്പോൾ ശ്രീലങ്കയുമായി ബന്ധപ്പെട്ട് ഇന്ത്യക്കുള്ളിൽ നടന്ന ചർച്ചകൾ പ്രസ്തുത രാജ്യവുമായി മികച്ച ബന്ധമുണ്ടാക്കുന്നതിലേക്കാണ് നമ്മളെ നയിച്ചത്; അദ്ദേഹം വ്യക്തമാക്കി.
കാശ്മീരിൽ കഴിഞ്ഞ പത്തു വർഷത്തെ കേന്ദ്രത്തിന്റെ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തിന്, മോദി തുടക്കത്തിൽ കാശ്മീർ ജനതയിൽ പ്രതീക്ഷകൾ സൃഷ്ടിച്ചുവെങ്കിലും ആർട്ടിക്കിൾ 370 നീക്കം ചെയ്തത് സ്ഥിതി സങ്കീർണ്ണമാക്കി എന്നും പ്രസ്തുത ആർട്ടിക്കിൾ ഇന്നും കാശ്മീരികളുടെ മനസ്സിലുണ്ട് എന്നും എ എസ് ദുലത് പറഞ്ഞു.
ട്രംപിന്റെ വരവ് ഇന്ത്യൻ വിദേശനയത്തിൽ ഏതുതരത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുക എന്ന ചോദ്യത്തിന്, ട്രംപ് ട്രംപിന് വേണ്ടി മാത്രം നിലകൊള്ളുന്നു എന്നും അതിനാൽ അന്താരാഷ്ട്ര അധികാര സമവാക്യങ്ങളിൽ ഊന്നാതെ ഓരോ രാജ്യവും അവരവർക്ക് വേണ്ടി നിലകൊള്ളുന്ന കാലമാണ് വരുന്നതെന്നും അതിനാൽ ഇന്ത്യയും അതേ പാത പിന്തുടരണമെന്നും ശിവ്ശങ്കർ മേനോൻ സൂചിപ്പിച്ചു.
കാനഡയിലെ ഇന്ത്യൻ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യൻ നയതന്ത്ര - ഇന്റലിജൻസ് ഏജൻസികളുടെ രീതി ഇതല്ലെന്നും ഇത്തരം കാര്യങ്ങൾക്കല്ല അവ സൃഷ്ടിക്കപ്പെട്ടത് എന്നുമാണ് പാനലിസ്റ്റുകൾ രണ്ടുപേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.
#Diplomats #spies #enemies #collaborators #Former #RO #Secretary #ASDulat
