കോഴിക്കോട് : (truevisionnews.com) ആധുനിക ഗ്രീക്ക് സാഹിത്യകാരൻ നികോസ് കസാൻദസാകീസിനെയും അദ്ദേഹത്തിന്റെ ജന്മഭൂമിയായ ഗ്രീസ് സന്ദർശിച്ചപ്പോഴുണ്ടായ രസകരവും വ്യത്യസ്തവുമായ അനുഭവങ്ങളെയും ചർച്ച ചെയ്ത കെ എൽ എഫ് വേദിയിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനും പ്രിയ നോവലിസ്റ്റ് ഇ സന്തോഷ് കുമാറും പങ്കെടുത്തു.

കസാൻദസാകീസിന് ഒരു വിശുദ്ധനായിത്തീരുവാനായിരുന്നു ആഗ്രഹം. യുദ്ധകാലമായതിനാൽ സ്വന്തം പിതാവിനാൽ അതിതീവ്രമായി അദ്ദേഹം എതിർക്കപ്പെട്ടു.
മൗണ്ട് ആൽത്തോസ് എന്ന മഠത്തിൽ നിന്നുമുണ്ടായ തിരിച്ചറിവിനാൽ വൈദികനാവുന്നതിനേക്കാൾ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലൂടെയും ആത്മീയതയിലേക്കെത്തിച്ചേരാൻ കഴിയുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി എന്ന് ബെന്യാമിൻ പറഞ്ഞു.
ആളുകൾ പലപ്പോഴും ആത്മീയതയെ മതവുമായി മാത്രം ബന്ധിപ്പിക്കുന്നുവെന്നും പലരും അവരുടേതായ മറ്റു പാതയിലൂടെയും ആത്മീയതയിലേക്കെത്തുന്നു എന്നും ബെന്യാമിൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ മാത്രമല്ല ഗ്രീസിലെ മൗണ്ട് അൽത്തോസ് പോലെയുള്ള മഠങ്ങളിൽ ഇന്നും നിലനിൽക്കുന്ന സ്ത്രീകൾക്കുള്ള വിലക്കിനെക്കുറിച്ചും ബെന്യാമിൻ ഓർമിപ്പിച്ചു.
ഗ്രീസിലെ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ കുതിച്ചുവരവ് എങ്ങനെ അഭയാർഥി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ഇ സന്തോഷ് കുമാറിന്റെ വീക്ഷണം ഗ്രീസിന്റെ ചരിത്രമുറങ്ങിക്കിടക്കുന്ന മ്യൂസിയങ്ങളുടെയും ചിത്രകലയുടെയും മറ്റും പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിയൊരുക്കി.
കസാൻദസാകീസിന്റെ കത്തുകളെയും ഗ്രീസ് പശ്ചാത്തലത്തേയും ആസ്‌പദമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന മൾബെറി എന്ന ബെന്യാമിന്റെ പുതിയ നോവലെഴുതാനുണ്ടായ സാഹചര്യത്തേക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
#klf #problem #connect #spirituality #religion #Benjamin
