(truevisionnews.com) സിന്ധു നദീതട സംസ്കാരത്തെ ചരിത്രത്തിൻ്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ഹാരപ്പൻ ആർക്കിയോളജിക്കൽ സൈറ്റിന്റെ കണ്ടെത്തലിന്റെ 100 വർഷത്തിനു ശേഷവും ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഇടമായി ഹാരപ്പ തുടരുന്നു എന്ന് ഡോ. റോബിൻ കണ്ണിങ്ഹാം അഭിപ്രായപ്പെട്ടു.

ഹാരപ്പ: 100 ഇയേഴ്സ് ലേറ്റർ എന്ന കെ എൽ എഫ് സെക്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രകാരനായ ഡോ. കെ കൃഷ്ണൻ, സാം സന്തോഷ് ( മോഡറേറ്റർ) എന്നിവർ സെഷനിൽ പങ്കെടുത്തു.
ഇന്ത്യ വിഭജനത്തിനു ശേഷം ഹാരപ്പയും മോഹൻജദാരോയും പാക്കിസ്ഥാനിലേക്ക് പോയപ്പോൾ ഉത്തരേന്ത്യയിലെ പല ആർക്കിയോളജിക്കൽ സൈറ്റുകളെയും ഹാരപ്പൻ സംസ്കാരത്തിൻ്റെ ഭാഗമായി കാണാനുള്ള പ്രവണത ശക്തമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അവയെ കൂടുതൽ തദ്ദേശീയവും വൈവിധ്യപൂർണ്ണവുമായ സംസ്കാരങ്ങളുടെ അവശേഷിപ്പുകളായി തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്നും കെ കൃഷ്ണൻ ചൂണ്ടിക്കാണിച്ചു.
സിന്ധു നദീതട ലിപി വ്യാഖ്യാനിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച്, അത്തരത്തിലുള്ള അവകാശവാദങ്ങളെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ സ്വീകരിക്കാൻ കഴിയില്ല എന്ന് ഇരു വിദഗ്ദരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
അധിനിവേശങ്ങളാണ് സംസ്കാരങ്ങളെ നശിപ്പിച്ചത് എന്ന പഴയ ചരിത്രകാരന്മാരുടെ പ്രബലധാരണകൾ ഇപ്പോൾ പൊളിയുന്നുവെന്നും കുടിയേറ്റം, പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചക്ക് കാരണമാവാം എന്നും കണ്ണിങ്ഹാം സൂചിപ്പിച്ചു.
#klf #Harappa #waiting #more #light
