തിരുവനന്തപുരം: (truevisionnews.com) 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തം ഒരു പുതിയ വിഭാഗമാണ്. മൂന്നാം ദിവസമായ ഇന്ന് നിശാഗന്ധിയിൽ വച്ച് നടക്കുന്ന പണിയ നൃത്തത്തിൽ ഗംഭീര പോരാട്ടമാണ് ടീമുകൾക്ക് തമ്മിൽ നടക്കുന്നത്. 12 കുട്ടികൾ അടങ്ങുന്ന ടീം ആയാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.
കേരളത്തിലെ പണിയ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും പുരുഷന്മാരും അവരുടെ വിവാഹത്തിനും വയസ്സറിയിക്കൽ ചടങ്ങുകൾക്കുമുൾപ്പെടെയുള്ള ആഘോഷങ്ങളിലാണ് പണിയ നൃത്തം സാധാരണയായി കളിക്കുന്നത്.
വെളുപ്പ് കറുപ്പ് അല്ലെങ്കിൽ ചുവപ്പോ കളർ കോമ്പിനേഷൻ ഉള്ള വസ്ത്രങ്ങളാണ് പൊതുവെ ഈ നൃത്ത വിഭാഗത്തിന്റെ വേഷവിധാനം. പനയുടെ ഇല ചുരുട്ടി ഉണക്കി അതിനുള്ളിൽ മഞ്ചാടിയും കുന്നിക്കുരുവും നിറച്ച ആഭരണങ്ങളാണ് ഒപ്പം ഉപയോഗിക്കുന്നത്.
വട്ടക്കളി, കമ്പള നാട്യം എന്നിങ്ങനെ പല വിഭാഗങ്ങൾ പണിയ നൃത്തത്തിൽ ഉണ്ട്. സ്ത്രീകളും പുരുഷന്മാരുമോ അല്ലെങ്കിൽ സ്ത്രീകൾ മാത്രമോ ആയാണ് പൊതുവേ പണിയ നൃത്തം അവതരിപ്പിക്കുന്നത്. തുടിയും കൈക്കുള്ളിൽ വയ്ക്കുന്ന ചിലങ്കയുമാണ് പ്രധാനമായി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. മറ്റ് ചമയങ്ങൾ ഒന്നും ഈ നർത്തകർക്ക് ബാധകമല്ല.
കൃഷിയുമായി വളരെ അടുത്ത ബന്ധമാണ് പണിയ നൃത്തത്തിനുള്ളത്. കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർ ജോലിയുടെ കാഠിന്യം അറിയാതിരിക്കാൻ വട്ടക്കളി ചെയ്തു വന്നിരുന്നു. പൊതുവേ പണിയ വിഭാഗക്കാർക്ക് മാത്രം അറിയാവുന്ന ഒരു കലാരൂപം ആയതിനാൽ ഇതിന്റെ പാട്ടുപോലും എഴുതപ്പെട്ടിട്ടില്ല. വാമൊഴിയിലൂടെയാണ് പണിയ നൃത്തത്തിന്റെ ഗാനം തലമുറകളായി കൈമാറ്റം ചെയ്തു വന്നിട്ടുള്ളത്.
സ്കൂൾ കലോത്സവത്തിൽ ഇതൊരു പുതിയ വിഭാഗം ആയതിനാൽ കുട്ടികൾ നൃത്തത്തിന്റെ ചുവടുകളും പാട്ടും പഠിക്കാൻ ഏറെ പ്രയാസപ്പെട്ടു, ഏകദേശം രണ്ടു മാസത്തോളം നീണ്ടുനിന്ന പരിശീലനം വയനാട് നിന്നും പ്രത്യേകമായി വരുത്തിയ രജനീഷിനെ നേതൃത്വത്തിൽ ആയിരുന്നു എന്ന് തൃശ്ശൂർ എച്ച് ഡി പി സമാജം എച്ച്.എസ്. എസ്സിലെ അധ്യാപകരായ ചാരുതയും അശ്വതിയും പറയുന്നു.
വയനാട് കൽപ്പറ്റ സ്വദേശിയായ രജനീഷ് പാരമ്പര്യമായി പണിയ നൃത്തം ചെയ്യുന്ന വ്യക്തിയാണ്. എച്ച്.ഡി.പി.എസ് സ്കൂളിൽ നിന്ന് 10 മത്സര വിഭാഗങ്ങളിലേക്കായി 93 കുട്ടികളുമായാണ് ഇവർ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. രണ്ട് ആൺകുട്ടികളും 10 പെൺകുട്ടികൾ മടങ്ങുന്നതാണ് ഇവരുടെ പണിയ നൃത്തത്തിന്റെ ടീം.
എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഉജ്വൽ കൃഷ്ണയും രോഹിത് കൃഷ്ണയുമാണ് വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#Kerala #School #Kalolsavam #2025 #Paniya #dance #not #easy