തിരുവനന്തപുരം: (truevisionnews.com) ഉരുൾപൊട്ടൽ ഭയാനകമായി ബാധിച്ച വെള്ളാർമല ജി വി എച്ച് സ്കൂളിലെ വിദ്യാർത്ഥികളും ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉദ്ഘാടന സമ്മേളനത്തിന് മാറ്റ് കൂട്ടി സംഘ നൃത്തം അവതരിപ്പിച്ചു.
ഏഴു പെൺകുട്ടികളുടെ ഒരു സംഘം ആണ് പ്രധാന അധ്യാപകനായ ഉണ്ണി കൃഷ്ണൻ മാഷ് അടങ്ങുന്ന അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ സർഗ്ഗസൃഷ്ടി കാഴ്ചവെച്ചത്.
എന്നാൽ മലപ്പുറം സ്വദേശിയും ഡാൻസ് കൊറിയോഗ്രാഫറുമായ അനിൽ സാറിന് പ്രതീക്ഷിക്കാതെ ലഭിച്ച ഈ ഭാഗ്യം പുതിയ അനുഭവം കൂടി ആവുകയാണ്, മറ്റൊന്നിനും പകരം വയ്ക്കാൻ കഴിയാത്ത അത്യപൂർവമായ ഒരു അനുഭവം.
കഴിഞ്ഞ എട്ടു വർഷങ്ങളായി അനിൽ സാർ സംസ്ഥാനതല കലോത്സവത്തിന്റെ ഭാഗമായി ഒട്ടനവധി വിദ്യാർത്ഥികൾക്ക് നൃത്ത പരിശീലനം നൽകിയിട്ടുണ്ട്.
എന്നാൽ ഇത്തവണ നൃത്ത പരിപാടികളിലേക്കുള്ള വിദ്യാർത്ഥികളുടെ അഭാവം കാരണം സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നില്ല എന്ന തീരുമാനത്തിൽ ആയിരുന്നു സാർ.
അപ്രതീക്ഷിതമായി വിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടായ ഒരു ഫോൺകോളിൽ നിന്നാണ് അവിസ്മരണീയമായ ഈ അനുഭവം സാറിന് ലഭിക്കാൻ ഇടയായത്.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട് ദുരന്തത്തിൽ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങൾ കൂട്ടിച്ചേർത്ത് ഒരു സംഘനൃത്തം ചെയ്യുന്നു അതിന്റെ എല്ലാമെല്ലാമായി അതിലുപരി നെടുംതൂണായി അനിൽ സാർ കടന്നുവരുന്നു.
ആദ്യം തെല്ലൊന്നു സംശയിച്ചെങ്കിലും അദ്ദേഹത്തിന് ഉറ്റ സുഹൃത്തായ സുരേഷ് നടുവത്തിൽ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു.
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നേർസാക്ഷികളായ ഏഴ് കുട്ടികൾ അവർ ഇപ്പോഴും ഒന്നിൽ നിന്നും മുക്തരല്ല .ഈ സത്യം മനസ്സിലാക്കാൻ അനിൽ സാറിന് അധികനാളൊന്നും വേണ്ടിവന്നില്ല.
കാർക്കശക്കാരനായ ഒരു നൃത്ത അധ്യാപകനായി ആദ്യം അവരുടെ മുന്നിലേക്ക് ചെന്ന അനിൽ മാഷ് പിന്നീട് അവർക്കൊപ്പം ഒരു പത്താം ക്ലാസുകാരനായി മാറുകയായിരുന്നു.
തൃശ്ശൂർ നാരായണൻകുട്ടി മാഷാണ് നൃത്തത്തിനായുള്ള ഗാനം രചിച്ചത്. മുൻപ് നൃത്തം അഭ്യാസിച്ചിട്ടില്ലാത്ത കുട്ടികളായിരുന്നു ഏഴുപേരും. അതുകൊണ്ടുതന്നെ കൊറിയോഗ്രാഫിയിൽ മുദ്രകളോ നൃത്തത്തിന്റെ കഠിനമായ ചുവടുകളും അല്ല പകരം വളരെ ലളിതമായ പ്രകൃതിയിൽ നിന്നും ചീന്തിയെടുത്തത് പോലൊരു നൃത്തരൂപമാണ് അനിൽ സാർ അവർക്കായി ഒരുക്കിയത്.
"കാട് ഇറങ്ങി വന്നിവൾ കാട്ടുചോല പെണ്ണിവൾ
കോടമഞ്ഞിൻ കമ്പിളി ചുറ്റിയ നാടിൻ പെണ്ണിവൾ "
എന്ന് തുടങ്ങുന്ന നൃത്ത ഗാനം ആദ്യം തന്നെ ആവർത്തിച്ച് കുട്ടികളെ കേൾപ്പിച്ചു. ഇത് തങ്ങളെ കുറിച്ചുള്ള വരികൾ ആയതു കൊണ്ടാവണം നൃത്ത പരിശീലനത്തിനിടയിൽ പലപ്പോഴും കുട്ടികൾ മനസ്സ് ഒന്നുലഞ്ഞ് മാറിനിന്ന കാഴ്ചയും അനിൽ സാർ കണ്ടു.
ഇവർക്ക് വേണ്ടത് താൻ ഇതുവരെയും തുടർന്നു പോയിരുന്ന പരിശീലനം അല്ല എന്ന് അവിടെ നിന്നാണ് അനിൽ സര്‍ മനസ്സിലാക്കിയത്. ഇരുട്ടിൽ ദുരന്തത്തിന്റെ പിടിയിൽ നിന്ന് കുതറി ഓടിയ കുട്ടികൾക്ക് അനിൽ സാർ സഹാനുഭൂതിയിലൂടെ ചുവടുകൾ പഠിപ്പിച്ചു.
തന്റെ ഇത്രയും വർഷത്തെ അനുഭവത്തിൽ താൻ ഇനി എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന ഓർമ്മകളുമായാണ് അനിൽ സാറിന് സംസാരിക്കുന്നത്.
വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അനിൽ സാറിന് ഇന്ന് അന്യരല്ല. അവരൊരു കുടുംബമാണ്, അവരെ ചേർത്തു നിർത്തലാണ് സാറിന് ലഭിച്ച ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ.
Article by Athira Krishna S R
ICJ Calicut Press Club 7736986634
#Anil #sir #tell #story #survival #Vellarmala