( www.truevisionnews.com) കോംഗോയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. തെക്കുപടിഞ്ഞാറൻ കോംഗോയിൽ 'ബ്ലീഡിംഗ് ഐ വൈറസ്' എന്ന അജ്ഞാത രോഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ അജ്ഞാത രോഗം ബാധിച്ച് 150 ഓളം പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നവംബർ 10 നും 25 നുമിടയിൽ കോംഗോ യിലെ പാൻസി ഹെൽത്ത് സോണിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ.
രോഗം നിർണ്ണയിക്കാൻ സാമ്പിളുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു മെഡിക്കൽ ടീമിനെ പാൻസി ഹെൽത്ത് സോണിലേക്ക് അയച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു.
ചികിത്സയുടെ അഭാവം മൂലം നിരവധി രോഗികൾ അവരുടെ വീടുകളിൽ തന്നെ മരണപ്പെടുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി അപ്പോളിനൈർ യുംബ പറഞ്ഞു.
മരണസംഖ്യ 67 മുതൽ 143 വരെയുണ്ടെന്ന് ഡെപ്യൂട്ടി പ്രൊവിൻഷ്യൽ ഗവർണർ റെമി സാക്കി പറഞ്ഞു. സാമ്പിളുകൾ ശേഖരിക്കുന്നതിനും പ്രശ്നം നിർണ്ണയിക്കുന്നതിനുമായി ഒരു കൂട്ടം എപ്പിഡെമിയോളജിക്കൽ സ്പെഷ്യലിസ്റ്റുകൾ സ്ഥലത്ത് എത്തിയിട്ടുള്ളതായും റെമി സാക്കി പറയുന്നു.
ഈ രോഗം ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സിവിക് സൊസൈറ്റി നേതാവ് സെഫോറിയൻ മാൻസാൻസ പറഞ്ഞു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണ്. പരിചരണത്തിൻ്റെ അഭാവം മൂലം രോഗികൾ സ്വന്തം വീടുകളിൽ മരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് രോഗം കണ്ടെത്തിയതെന്നും കൂടുതൽ ഗവേഷണം നടത്താൻ യുഎൻ ആരോഗ്യ ഏജൻസി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു.
പാൻസി ഒരു ഗ്രാമീണ ആരോഗ്യ മേഖലയാണ്. മരുന്നുകളുടെ ലഭ്യതക്കുറവും കൃത്യമായ ചികിൽസാ സംവിധാനങ്ങൾ ഇല്ലാത്തതും വലിയ പ്രശ്സനമായി തന്നെ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
#unknown #disease #spreads #150 #people #died #mostly #women #children