ഷിംല: ( www.truevisionnews.com ) ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ഗാൻപേരി വില്ലേഡിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡായ തോത റാം ആണ് പിടിയിലായത്. 26കാരിയായ ഗുൽഷനാണ് കൊല്ലപ്പെട്ടത്.
ഗുൽഷനെ കൊലപ്പെടുത്തിയ ശേഷം റാം ഷോഗി പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു. ബിഎൻഎസ് സെക്ഷൻ 238, 103, എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗുൽഷനെ ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
റാമിന്റെ അയൽക്കാർ വീട്ടിൽ അസ്വാഭാവികമായി ചിലത് നടക്കുന്നതായും ബന്ധുക്കളെ അറിയിച്ചിരുന്നു. വിട്ടിലെത്തിയപ്പോഴും റാമിന്റെ പെരുമാറ്റത്തിൽ ബന്ധുക്കൾക്ക് അസ്വാഭാവികത തോന്നി. വീടിന്റെ പരിസരത്ത് വലിയ കുഴിയെടുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുൽഷന്റെ മൃതദേഹം കണ്ടത്. പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഉടൻ തന്നെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി റാമിനെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുകയും ചെയ്തു. പെയിന്റും മരത്തടികളുമാണ് മൃതദേഹം കത്തിക്കാനായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. 2020ലാണ് ഇവർ വിവാഹിതരായത്.
ഇവർക്ക് 3 വയസുള്ള മകനുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ റാം ഗുൽഷനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു.
Husband arrested for attempting kill wife and burn her body
