ചെങ്ങന്നൂർ:(truevisionnews.com) ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ മോഷണ ശ്രമം. ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപവും കാർത്തിക റോഡിലുമായാണ് താമസമില്ലാത്ത വീടുകളിൽ മോഷണശ്രമം നടന്നത്. ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടിൽ മേരിക്കുട്ടി കോശിയുടെ വീട്ടിലാണ് ആദ്യ സംഭവം. സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു. മേരിക്കുട്ടി കോശിയുടെ വീടിൻറെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുൻ വശത്തെ വാതിൽ തീയിട്ട് നശിപ്പിച്ച ശേഷം വീടിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് മുറിക്കുള്ളിലെ അലമാരകളും ഡ്രോയറുകളും കുത്തിത്തുറന്ന് പരിശോധന നടത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ കറൻസി നഷ്ടപ്പെട്ടതായി വീട്ടുകാർ അറിയിച്ചു.

അതുപോലെ, കാർത്തിക റോഡിൽ മണ്ണിൽ ജയിനമ്മ വർഗീസിന്റെ പൂട്ടിയിട്ടിരുന്ന വീട്ടിലും മോഷണ ശ്രമം നടന്നു. ഇവർ നിലവിൽ യു.കെയിലാണ് താമസിക്കുന്നത്. ഈ വീടിൻറെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയും മറ്റ് ഫർണീച്ചറുകളും തുറന്ന് പരിശോധിച്ചു. വിലപിടിപ്പുള്ള വസ്തുക്കളൊന്നും വീട്ടിൽ ഇല്ലാതിരുന്നതിനാൽ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല.
attempted theft two unoccupied houses Alappuzha
