ജബൽപൂർ (മധ്യപ്രദേശ്): (truevisionnews.com) ജബൽപൂരിലെ സാലിവാഡയിൽ മദ്യപിച്ചെത്തിയ സ്കൂൾ പ്രിൻസിപ്പൽ അധ്യാപികയെ മദ്യം കഴിക്കാനും സിഗരറ്റ് വലിക്കാനും നിർബന്ധിച്ചതായി പരാതി.
സാലിവാഡയിലെ കോൺവെൻ്റ് സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ക്ഷിതിജ് ജേക്കബ് അധ്യാപികയെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പ്രിൻസിപ്പൽ ക്ഷിതിജ് ജേക്കബിനെതിരെ ഖമാരിയ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷനൽ എസ്പി സൂര്യകാന്ത് ശർമ്മ പറഞ്ഞു.
ജോലിയുടെ കാര്യം പറഞ്ഞ് പ്രിൻസിപ്പൽ തന്നെ ഡുംന റോഡിലേക്ക് കൊണ്ടുപോയി മദ്യപിക്കാനും പുകവലിക്കാനും പ്രേരിപ്പിച്ചതായി പരാതിയിൽ പറയുന്നു.
നിരസിച്ചതിനെത്തുടർന്ന്, അടുത്ത ദിവസം മുഴുവൻ സ്കൂളിനു മുന്നിൽ നിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു ജീവനക്കാരുടെ മൊഴികളും പൊലീസ് പരിശോധിച്ചു വരികയാണ്.
പ്രിൻസിപ്പൽ അനുചിതമായി പെരുമാറിയെന്നും അധ്യാപിക പറഞ്ഞു. ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഇടക്കിടെ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുമായിരുന്നു.
രണ്ട് വർഷമായി അവർ പീഡനം സഹിച്ചുവരികയായിരുന്നു. ഈ അടുത്തിടെ നടന്ന ഈ സംഭവത്തിന് ശേഷം, അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു.
ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകി. അതേസമയം, ആരോപണത്തെക്കുറിച്ച് പ്രിൻസിപ്പൽ ക്ഷിതിജ് ജേക്കബ് പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
#Complaint #drunk #school #principal #forced #teacher #drink #alcohol #smoke #cigarettes.