തിരുവനന്തപുരം: (truevisionnews.com) ടൂർ പാക്കേജിന്റെ പേരിൽ 33ഓളം പേരിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ട്രാവൽസ് ഉടമകൾക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
ശാസ്തമംഗലത്തെ കെ.ടി.ഇ ടൂർസിന് എതിരെയാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസ്. ഡൽഹി, ആഗ്ര, ശ്രീനഗർ എന്നിവിടങ്ങളിൽ വിനോദയാത്രക്ക് കൊണ്ടുപോകുമെന്നും ഒരാൾക്ക് 56,500 രൂപയാണെന്നും കാണിച്ചാണ് ട്രാവൽസ് പരസ്യം നൽകിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കരകുളം സ്വദേശി പ്രദീപ്കുമാറും സുഹൃത്തുകളായ 33 പേരും ചേർന്ന് ട്രാവൽസ് എം.ഡിയുടെ ഗൂഗിൾ പേ അക്കൗണ്ട് നമ്പരിലേക്ക് 18 ലക്ഷം രൂപ കൈമാറിയെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും വിനോദയാത്രക്ക് കൊണ്ടുപോയില്ല. പണം തിരികെനൽകാനും തയാറായില്ല.
പ്രദീപ്കുമാർ നൽകിയ പരാതിയിലാണ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ചാർലി വർഗീസ്, മാനേജർ അശ്വതി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് എടുത്തത്.
#18lakh #rupees #extorted #from #33people #name #tour #package #Travels #Case #against #owners