(truevisionnews.com) യുഎസിലെ മസാച്യുസെറ്റ്സിൽ താങ്ക്സ് ഗിവിംഗ് ലഞ്ച് തയ്യാറാക്കുന്നതിനിടെ 80 -കാരനായ സഹമുറിയനെ കൊലപ്പെടുത്തിയ കുറ്റത്തിന് 65 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
2001 മുതല്‍ ഒരുമിച്ച് താമസിക്കുന്ന ഫ്രാങ്ക് ഗ്രിസ്വോൾഡ് (80) നെയാണ് റോബർട്ട് ലോംബാർഡി എന്ന 65 -കാരന്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
അടുക്കളയുടെ തറയിൽ അബോധാവസ്ഥയിലായ ഒരാളെ കണ്ടെത്തിയെന്ന് പോലീസിന് ലഭിച്ച ഫോണ്‍ കോളിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഫ്രാങ്ക് ഗ്രിസ്വോൾഡ് തലയില്‍ നിന്നും രക്തം വാര്‍ന്ന് അടുക്കളയില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ നെറ്റിയിലും തലയിലും മുറിവുകളുണ്ടായിരുന്നു. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൂടെ താമസിച്ചിരുന്ന റോബർട്ട് ലോംബാർഡ്, അടുക്കളയില്‍ വച്ച് ഫ്രാങ്ക് ഗ്രിസ്വോൾഡിനെ എടുത്ത് എറിഞ്ഞതായി പോലീസിനോട് സമ്മതിച്ചു.
ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഫ്രാങ്ക് ഗ്രിസ്വോൾഡ് ഭക്ഷണം ഉണ്ടാക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് റോബർട്ട് പോലീസിനോട് പറഞ്ഞു.
ഫ്രാങ്ക് സ്ഥിരമായി തുമ്മുന്ന ആളായിരുന്നു. അദ്ദേഹത്തിന്‍റെ തുമ്മല്‍ പലപ്പോഴും ഭക്ഷണത്തിലേക്കും തെറിച്ചിരുന്നു. ഇതിനെ ചൊല്ലി പലപ്പോഴും ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായും റോബർട്ട് പോലീസിനോട് പറഞ്ഞു.
അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്ന പാത്രത്തിനടുത്ത് ഫ്രാങ്കിനെ കണ്ടപ്പോള്‍ താന്‍ അയാളെ ചുഴറ്റി എറിയുകയായിരുന്നെന്നും റോബര്‍ട്ട് പോലീസിനോട് പറഞ്ഞു.
ഇതിന് പിന്നാലെ ഫ്രാങ്കിന്‍റെ തലയില്‍ നിന്നും രക്തം വരുന്നത് കണ്ട റോബര്‍ട്ട് തന്നെയാണ് പോലീസിനെ വിളിച്ചതും. അതേസമയം 2001 മുതല്‍ ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും മാർഷ്ഫീൽഡ് വീട് ഇരുവരും ചേര്‍ന്ന് 2008 ല്‍ വാടകയ്ക്കെടുത്തതാണെന്നും പോലീസ് പറയുന്നു.
#65year #old #murders #80year #old #roommate #who #doesn't #like #sneezing